പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറുമ്പോൾ ഭക്ൾതർ സ്ഥിരം പറയുന്ന ഒരു ഡയലോഗുണ്ട് ''ലാവ്‌ലിൻ കേസിൽ മാധ്യമങ്ങൾ വേട്ടയാടിയതിൽ അദ്ദേഹത്തിനുള്ള പ്രതിഷേധമാണ് ഇങ്ങനെ പുറത്തു വരുന്നതെന്ന്.'' രണ്ടു ദിവസമായി ഇതു വിണ്ടും കേൾക്കുന്നു.

ഈ വായ്ത്താരി കേൾക്കുമ്പോൾ എന്റെ ഓർമ 22 വർഷം പിന്നിലേക്ക് പോകും- 1995 ഏപ്രിലിലേക്ക്. 1995 ഏപ്രിൽ 12-ന് ഇ.പി.ജയരാജന് ട്രെയിനിൽ വച്ച് വെടിയേറ്റു. ആന്ധ്രാപ്രദേശിലെ ചിറാലയിൽ വച്ചായിരുന്നു ആക്രമണം. ജയരാജനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ(അന്ന് മദ്രാസ്) മലർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപികയുടെ കണ്ണൂർ റിപ്പോർട്ടർ എന്ന നിലയിൽ ജയരാജനുമായി അടുപ്പമുണ്ടായിരുന്ന ഞാൻ അദ്ദേഹത്തെ കാണാനായി മദ്രാസിലേക്ക് പോയി.

മലർ ആശുപത്രിയിലെ മുറിയിൽ ഞാൻ ചെല്ലുമ്പോൾ ജയരാജനെ സന്ദർശിക്കാൻ വന്ന ചിത്രകാരൻ മുരളി നാഗപ്പുഴയുമുണ്ട് ങൗൃമഹശ ഗൃശവെിമി . ജയരാജന് ഒത്തിരിയൊന്നും സംസാരിക്കാനാവില്ലായിരുന്നു. ഞങ്ങൾ മുറിയിലിരിക്കെ പെട്ടെന്ന് വാതിൽ തുറന്ന് അവിടേക്ക് വന്നു, പിണറായി വിജയൻ.

മുരളി നാഗപ്പുഴയെ പരിചയമുള്ളതിനാൽ അദ്ദേഹം ഒരു ചെറിയ ചിരി സമ്മാനിച്ചു. സഖാവിനെ കാണാൻ എത്തിയ ഞാൻ ആരോ വേണ്ടപ്പെട്ട ആളാണെന്നു തോന്നിയതിനാലാവണം, പിണറായിയുടെ ചുണ്ടിന്റെ വടക്കു കിഴക്കേയറ്റത്ത് ഒരു പുഞ്ചിരിയുടെ അകന്ന ബന്ധു മിന്നിമറഞ്ഞു.

സഖാക്കൾ രണ്ടു പേരും സംസാരിക്കെ ഞാനും മുരളി നാഗപ്പുഴയും പുറത്തേക്ക് പോകാനൊരുങ്ങി. അപ്പോൾ എന്നെ പിണറായിക്ക് മനസ്സിലായില്ലെന്ന് മനസ്സിലായ ജയരാജൻ പരിചയപ്പെടുത്തി. ''ഇത് ദീപികയുടെ കണ്ണൂരിലെ ലേഖകനാണ്''

ഇതു കേട്ടതും പിണറായിയുടെ മുഖം വലിഞ്ഞുമുറുകി. എന്തോ ഒരു വാചകം പറഞ്ഞു കൊണ്ട് അദ്ദേഹം എന്റെ നേരേ ക്രുദ്ധനായി അട്ടഹസിച്ചു, നിങ്ങൾ എന്തൊക്കെ എഴുതിയാലും ഞങ്ങളുടെ പാർട്ടിയെ തകർക്കാനാവില്ലെന്ന് മനസ്സിലാക്കിക്കോ എന്ന് ഇതിനിടയിൽ ഒന്നു രണ്ടു തവണ പറഞ്ഞു. ഇടയ്ക്ക് ആദ്യം പറഞ്ഞ വാചകം വീണ്ടും പറഞ്ഞു. അത് ഒരു വാർത്താ തലക്കെട്ടാണെന്ന് ഞാൻ മനസ്സിലാക്കി. ഈ വാചകം പറഞ്ഞ ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു ''ഇങ്ങനെയല്ലേ നിങ്ങൾ എഴുതിപ്പിടിപ്പിച്ചത്, ഞങ്ങളുടെ പാർട്ടി ഇതൊക്കെ മറികടക്കില്ലെന്നു കരുതിയോ''.

ഈ പറയുന്ന വാർത്ത ഏതെന്ന് എനിക്ക് അറിയില്ലെന്നും ഞാനുമായി ബന്ധപ്പെട്ട കാരൃങ്ങളിൽ മറുപടി പറയാമെന്നും ഞാൻ ഇടയ്ക്ക് കയറി പറഞ്ഞപ്പോൾ, അദ്ദേഹം തിരിച്ചു പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് മുഖഭാവം കൊണ്ട് വ്യക്ൾതമാക്കിക്കൊണ്ട് ഭർത്സനം തുടർന്നു.
പിന്നെയും എന്തോ ഒക്കെ അദ്ദേഹം അട്ടഹസിച്ചു. എനിക്കൊന്നും മനസ്സിലായില്ല.

ഞാൻ സ്തബ്ധനായി നിന്നു പോയി. ഇടതു പക്ഷ ചിന്ത നിറഞ്ഞു നിന്ന ഒരു കുടുംബത്തിലെ അംഗമായ, സിപിഎമ്മിനോട് അനുഭാവം പുലർത്തുന്നയാൾ എന്ന നിലയ്ക്ക് പിണറായി വിജയൻ എനിക്ക് പ്രിയ നേതാവായിരുന്നു, ആ നിമിഷം വരെ. പത്രത്തിൽ വന്ന ഏതോ വാർത്തയുടെ പേരിൽ ആ വാർത്തയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളോട് തികച്ചും അപമര്യാദയായി പെരുമാറാനുള്ള സംസ്‌കാരമേ അദ്ദേഹത്തിനുള്ളൂ എന്നത് എനിക്ക് ഷോക്ക് ആയിരുന്നു. ഇതേ കാര്യം അദ്ദേഹത്തിനു മാന്യമായി പറയാമായിരുന്നു. തന്നെ രോഗക്കിടക്കയിൽ കാണാൻ വന്ന ആളെ അയാളുടേതല്ലാത്ത കാര്യത്തിൽ അപമാനിക്കുന്നതു കണ്ട ജയരാജൻ എന്നെ ദയനീയമായി ഒന്നു നോക്കി.

ഈ സമയത്ത് മുരളി നാഗപ്പുഴ ഇടപെട്ടു. ''സഖാക്കൾ സംസാരിക്ക് ഞങ്ങൾ പുറത്തു നിൽക്കാം'' എന്നു പറഞ്ഞ് എന്നെയും വിളിച്ച് അദ്ദേഹം പുറത്തേക്ക് നടന്നു. മുക്കാൽ മണിക്കൂർ കഴിഞ്ഞ് ചായ കുടിച്ച് ഞാൻ ആശുപത്രിയിലേക്ക് തിരിച്ചു വന്നു കയറിയപ്പോൾ അതാ ഊരിപ്പിടിച്ച സിറിഞ്ചുകൾക്കിടയിലൂടെ പിണറായി ഒറ്റയ്ക്ക് നടന്നു വരുന്നു. എന്നെക്കണ്ടതും ആ മുഖം നൂറു കടന്നൽ ഒരുമിച്ചു കുത്തിയതു മാതിരിയായി. മുഖം തിരിച്ച് അദ്ദേഹം നടന്നു പോയി.

പിണറായി വൈദ്യുതി മന്ത്രിയായത് 1996 മെയ്‌ 20-നാണ്. എന്നെ അപമാനിച്ചതിനും ഒരു വർഷം കഴിഞ്ഞ്. ലാവ്‌ലിൻ ഇടപാടിൽ അഴിമതിയുണ്ടെന്ന് ആരോപണമുയർന്നത് 2001 ജൂണിലാണ്. ആരോപണത്തിന്റെ പേരിൽ പിണറായി വാർത്തകളിൽ നിറഞ്ഞത് അതിനു ശേഷമാണ്.

ലാവ്‌ലിൻ വാർത്തകളല്ല ഈ മാധ്യമ വിരുദ്ധതയ്ക്ക് പിന്നിൽ എന്ന് വ്യക്തമല്ലേ.