ഡൽഹിയിൽ ഇറിക്ഷകൾ ഉയർത്തിയ പ്രശ്‌നങ്ങൾ മൂലം കോടതി ഏർപ്പെടുത്തിയ നിരോധനത്തിനുള്ള അന്തിമവിഞ്ജാപനം സർക്കാർ അടുത്താഴ്‌ച്ച കൊണ്ടുവരും  ഇവയെ നിരോധിക്കാതെ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമങ്ങൾ ആണ്‌
അടുത്താഴ്‌ച്ച മുതൽ നിലവിൽ വരുന്നത്‌.

ഇറിക്ഷകൾ ഓടിക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കുന്നതിന് പുറമെ ഇവയുടെ വേഗം 25 കിലോമീറ്ററിൽ കൂടരുതെന്നും പുതിയ ചട്ടത്തിലുണ്ടാകും. 2014ലെ കേന്ദ്ര വാഹനചട്ടങ്ങൾ അടുത്ത ആഴ്ച വിജ്ഞാപനം ചെയ്യുമെന്ന് റോഡ് ഗതാഗതമന്ത്രാലയം അറിയിച്ചു. വിജയദശമി ആഘോഷ അവധികൾക്കു ശേഷം പുതിയ വിജ്ഞാപനമുണ്ടാകും.

ഇറിക്ഷകൾ ഒരു ഗതാഗതനിയമത്തിന്റെയും കീഴിൽ വരാത്തതിനാൽ അവയെ നിയന്ത്രിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ ഇറിക്ഷകളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് മോട്ടോർവാഹന നിയമം ഭേദഗതിചെയ്ത് മാറ്റങ്ങൾ വരുത്തുമെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയുണ്ടായി. പുതിയ മാർഗരേഖ വരുന്നതുവരെ ഓടാൻ അനുവദിക്കണമെന്ന ഇറിക്ഷാ ഉടമകളുടെ ആവശ്യം കോടതി തള്ളിക്കൊണ്ട് നിരോധനം തുടരുകയാണുണ്ടായത്. ജൂലായ് 31നാണ് ഡൽഹി ഹൈക്കോടതി ഇറിക്ഷകളെ നിരോധിച്ചത്. ജനങ്ങൾക്കും റോഡിലെ ഗതാഗതത്തിനും ഇത് ദോഷം ചെയ്യുന്നതാണെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു.

ഇറിക്ഷകൾ എന്തായിരിക്കണമെന്നും എന്തിനുള്ളതായിരിക്കണമെന്നും പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന പ്രത്യേകതരം വാഹനമാണിത്. ഡ്രൈവറെക്കൂടാതെ നാലു പേർമാത്രമേ ഇതിൽ യാത്രചെയ്യാവൂ.

കൂടാതെ 40 കിലോ ലഗ്ഗേജും കൊണ്ടുപോകാം. ബാറ്ററിയുടെ ശക്തി 2000 വാട്സിൽ കൂടരുതെന്നും വാഹനത്തിന്റെ വേഗം മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടരുതെന്നും ചട്ടത്തിലുണ്ടാകും. ചരക്ക് നീക്കത്തിനുള്ള ഇറിക്ഷകൾ പ്രത്യേകമായാണ് രൂപകൽപ്പന ചെയ്യേണ്ടത്. ഇതിൽ ഡ്രൈവറെക്കൂടാതെ 310കിലോ കൂടി കയറ്റാവുന്നതാണ്.

ഇറിക്ഷകൾ ഓടിക്കുന്നവർക്ക് ലൈസൻസും നിർബന്ധമാക്കും.മൂന്നുവർഷമായിരിക്കും ലൈസൻസിന്റെ കാലാവധി. വാഹനത്തിനുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും കാലാകാലങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും. നവംബർ 30നകം സാമ്പിൾ വാഹനങ്ങൾ എത്തിച്ചുനൽക്കാൻ ഇറിക്ഷാ അസോസിയേഷനുകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.