ഇടുക്കി: താൻ ഒളിവിലല്ല, തന്നെ അറസ്റ്റ് ചെയ്യന്നതിന് തടസമായി നിന്നിട്ടില്ല, അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വീഴ്ചയാണെന്ന കോടതി പരാമർശം തനിക്കെതിരല്ലെന്നും അത് സർക്കാരിനെതിരെയുള്ള പരാമർശമാണെന്നും ഇ. എസ് ബിജിമോൾ എംഎൽഎ എസ്‌റ്റേറ്റ് ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ ഇടുക്കി എ. ഡി. എം മോൻസി പി. അലക്‌സാണ്ടറെ കയ്യേറ്റം ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ടു എംഎൽഎയെ അറസറ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി ജസ്റ്റീസ് ബി കെമാൽ പാഷ, കേസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടു നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ചു മറുനാടനോടു പ്രതികരിക്കുകയായിരുന്നു ബിജിമോൾ.

എ. ഡി. എമ്മിനെ ആക്രമിച്ച കേസിൽ ബിജിമോളിൽ നിന്നും മൊഴിയെടുത്തെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അറസ്റ്റ് ആവശ്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി: എം ജോൺസൺ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസിലെ പ്രതിയായ ബിജിമോളെ അറസ്റ്റ് ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

കേസിൽ ടി. ആർ അൻഡ് ടി കമ്പനിയുടെ മുണ്ടക്കയത്തെ എസ്റ്റേറ്റിലെ ഗേറ്റ് നാട്ടുകാർ തകർത്തത് കോടതി ഉത്തരവ് പ്രകാരം 2015 ജൂലൈ മൂന്നിന് പുനഃസ്ഥാപിക്കാൻ ജില്ലാ കലക്ടർ നിയോഗിച്ചപ്രകാരം എത്തിയ എ. ഡി. എമ്മിനെ എംഎൽഎ ആക്രമിച്ചു കാലൊടിച്ചുവെന്നാണ് കേസ്. കേസ് അന്വേഷണം ശരിയായി നടക്കുന്നില്ലെന്നു കാട്ടി മോൻസി ഹൈക്കോടതിയ സമീപിച്ചതിനെ തുടർന്നു കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നു പരാതിപ്പെട്ടു എ. ഡി. എം വീണ്ടും കോടതിയെ സമീപിച്ചു. എന്തുകൊണ്ടു ബിജിമോളെ അറസ്റ്റ് ചെയ്യുന്നില്ലെന്നു കഴിഞ്ഞ തവണ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് അറസ്റ്റ് ആവശ്യമില്ലെന്ന ഉദ്യോഗസ്ഥന്റെ മറുപടിയും അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള കോടതിയുടെ പരാമർശവും.

താൻ ഒരിടത്തും ഒളിവിൽ പോയിട്ടില്ലെന്നും മണ്ഡലത്തിൽ ജനങ്ങൾക്കൊപ്പമുണ്ടെന്നും ബിജിമോൾ പറഞ്ഞു. ഒളിവിലാണെന്നു ക്രൈംബ്രാഞ്ച് കോടതിക്ക് റിപ്പോർട്ട് നൽകിയെന്നു ഒരു ചാനൽ വാർത്ത പുറത്തുവിട്ടത് തെറ്റാണ്. അങ്ങനെയൊരു റിപ്പോർട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചത് സർക്കാരാണ്. ഉദ്യോഗസ്ഥനെതിരെ പരാമർശമുണ്ടെങ്കിൽ സർക്കാരാണ് മറുപടി പറയേണ്ടത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റ് വേണോ, വേണ്ടയോ എന്നു തീരുമാനിക്കുന്നത്.

നിയമസംവിധാനത്തെ താൻ ചോദ്യം ചെയ്യില്ല. കോടതിയുടെ അഭിപ്രായ വ്യത്യാസം പറയില്ല. ആളുകളുടെ പ്രശ്‌നത്തിൽ ചിലപ്പോൾ വികാരപരമായി നിന്നേക്കാം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അതിനർത്ഥം മനസിൽ ഉൾക്കൊണ്ടില്ല എന്നാണ്. ജനപ്രതിനിധിയെന്ന നിലയിൽ ഇത്തരം കേസുകളിൽപ്പെടുന്നത് ആദ്യമല്ല. വഴിവെട്ടുമായി ബന്ധപ്പെട്ടു മറ്റ് മൂന്നു കേസുകൾ വേറെയുമുണ്ട്. മറ്റ് നിരവധി കേസുകൾ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട്. ഈ കേസ് വിവാദമായതുകൊണ്ടാണ് കൂടുതൽ ചർച്ചയായത്.

താൻ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും ബിജിമോൾ പറഞ്ഞു. ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ രോഷപ്രകടനം നടത്തുകയായിരുന്നു. നാല് ആദിവാസികൾ കൈയിൽ മണ്ണെണ്ണയുമായി നിൽപുണ്ടായിരുന്നു. ആ സമയം ഉദ്യോഗസ്ഥനെ തള്ളി വണ്ടിയിൽ കയറ്റി വിടാനാണ് ശ്രമിച്ചത്. തന്നെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചു അന്വേഷിക്കുംമുമ്പ് എസ്റ്റേറ്റിന്റെ യഥാർത്ഥ ഉടമകൾ ആരാണ് എന്ന് സർക്കാർ ആന്വേഷിക്കണം. 5000 ഏക്കർ സ്ഥലം സർക്കാരിന് കൊടുത്തു പണം കൈപ്പറ്റിയവരാണ് ഇപ്പോൾ വീണ്ടും ഉടമകളായി മാറിയിരിക്കുന്നത്. വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി കൈക്കലാക്കിയിരിക്കുന്നത്. താൻ ഒരിടത്തും ഒളിച്ചുപോകില്ലെന്നും ഈ കേസിൽ ജയിലിൽ പോകേണ്ടി വന്നാൽ അതിനും ഒരുക്കമാണെന്നും ബിജിമോൾ പറഞ്ഞു. കോടതി പരാമർശമുണ്ടായപ്പോഴും തുടർന്നും പീരുമേട് മണ്ഡലത്തിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയായിരുന്നു എംഎൽഎ.