- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി; കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സാ പദ്ധതി ലക്ഷ്യം കാണുമ്പോൾ
തിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേരാണ് പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നത്. 2500 ഓളം ഡോക്ടർമാരാണ് സേവന സന്നദ്ധരായുള്ളത്. കാത്തിരിപ്പ് സമയം ശരാശരി 6 മിനിറ്റിന് താഴെയാണ്.
പരമാവധി ആളുകൾ ഇ സഞ്ജീവനി സേവനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി പകരം ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുതകുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. ഇ സഞ്ജീവനിയിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി രോഗിക്ക് ഓൺലൈൻ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങൾ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നൽകി വരുന്നു. ഇപ്പോൾ മെഡിക്കൽ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനി വഴി ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭ്യമാണ്. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്കായുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ സേവനവും ലഭ്യമാണ്.
ഇ സഞ്ജീവനി സേവനങ്ങൾ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ വഴിയും വോളന്റിയർമാർ വഴിയും ജനങ്ങളിൽ കൂടുതലായി എത്തുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇ സഞ്ജീവനി സേവനങ്ങൾ ഓരോ വ്യക്തിക്കും എങ്ങനെ ലഭ്യമാകുമെന്നും അതോടൊപ്പം അതെങ്ങനെ ഉപയോഗിക്കാമെന്നുമുള്ള നിർദ്ദേശങ്ങൾ ഭവന സന്ദർശന വേളകളിൽ ആരോഗ്യ പ്രവർത്തകർ ഭവനങ്ങളിലെ സാഹചര്യങ്ങൾ മനസിലാക്കിക്കൊണ്ട് നൽകുന്നതായിരിക്കും.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in എന്ന ഓൺലൈൻ വെബ് സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന വെബ് സൈറ്റിൽ പ്രവേശിക്കാം.
ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.
തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.