- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്; ഇ സഞ്ജീവനി വഴി ചികിത്സ നൽകിയത് 3 ലക്ഷം പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടക്കത്തിൽ കോഴിക്കോട് ജില്ലയിലാണ് ഡോക്ടർ ടു ഡോക്ടർ സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഈ ജില്ലയിൽ മാത്രമായി 200ൽ അധികം രോഗികൾക്ക് സേവനം നൽകാൻ കഴിഞ്ഞു. ഈ പദ്ധതി വിജയകരമായതിനെ തുടർന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസർഗോഡ്, കോട്ടയം തുടങ്ങിയ ആറ് ജില്ലകളിൽ കൂടി വ്യാപിപ്പിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എൻസിഡി ക്ലിനിക്കുകളിലും എത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പോകാതെ ഈ കേന്ദ്രങ്ങളിൽ ഇരിന്നുകൊണ്ട് തന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ സാധിക്കും. അതുവഴി മെഡിക്കൽ കോളേജുകളിലെയും ജില്ലാ ആശുപത്രികളിലെയും തിരക്കുകൾ കുറക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇ സഞ്ജീവനി ഡോക്ടർ ടു ഡോക്ടർ ടെലി മെഡിസിൻ സേവനം ഒരു ഹബ് ആൻഡ് സ്പോക് മോഡലിലാണ് പ്രവർത്തിക്കുന്നത്. ഹബ് എന്നത് മെഡിക്കൽ കോളേജുകളിലെയും, ജില്ലാ ആശുപത്രികളിലെയും എല്ലാ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും അടങ്ങിയ ഒരു പൂളാണ്. സ്പോക് എന്നത് താലൂക്ക് ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം എന്നിവയാണ്. സ്പോക്കിൽ വരുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും റെഫർ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ അവർക്ക് സ്പോക് ആശുപത്രിയിൽ ഇരിന്നുകൊണ്ട് തന്നെ മെഡിക്കൽ കോളേജുകളിലേയും ജില്ലാ ആശുപത്രികളിലേയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ സാധിക്കും.
ഇതുകൂടാതെ ഫീൽഡ് പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡമാരായ നഴ്സുമാർ എന്നിവർ മുഖാന്തിരവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്. അടിയന്തര റഫറൽ ആവശ്യമില്ലാത്ത രോഗികളെ വിവിധ സ്പോക്കുകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങളനുസരിച്ചാണ് ഹബ്ബുകളിലെ വിദഗ്ധ ഡോക്ടർമാർ ഇ സഞ്ജീവനി വഴി പരിശോധിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായി കൺസൾട്ട് ചെയ്യാനുള്ള സംവിധാനം ഇ സഞ്ജീവനി വഴി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന കുറുപ്പടി സർക്കാർ ആശുപത്രി വഴി സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭിക്കുന്നു.
കോവിഡ് മഹാമാരി കാലത്ത് ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനാണ് ഇ സഞ്ജീവനി നടപ്പിലാക്കിയത്. ഇതുവരെ 3 ലക്ഷത്തിലധികം പേർക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നൽകിയത്. 4700ലധികം ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാക്കിയത്. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം ശരാശരി 300 മുതൽ 600 ആളുകളാണ് ഇ സഞ്ജീവിനി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.