- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിഫ്ബി കേരളത്തിന് ഏറ്റവും കൂടുതൽ ദോഷം ചെയ്ത പദ്ധതി; ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്; ആരാണീ കടം വീട്ടുക? രാഷ്ട്രീയത്തിൽ എത്തി ആദ്യ ദിനം തന്നെ കടന്നാക്രമിക്കുന്നത് ഇടതു പക്ഷത്തെ; ശ്രീധരന്റെ ലക്ഷ്യം പൊന്നാനിയിലെ വിജയം; മെട്രോ മാൻ ബിജെപിയിൽ ചേരുമ്പോഴും 'റിസ്‌ക്' എടുക്കാൻ തയ്യാർ; 'ശ്രീധര രാഷ്ട്രീയം' ചർച്ചകളിൽ നിറയുമ്പോൾ
പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരൻ ബിജെപി സ്ഥാനാർത്ഥിയായി നിയമസഭയിലേക്കു മത്സരിക്കും എന്ന് ഉറപ്പാണ്. നേമവും വട്ടിയൂർകാവും പോലും ശ്രീധരന് നൽകാൻ തയ്യറാണ് ബിജെപി. എന്നാൽ ശ്രീധരന്റെ മനസ്സ് റിസ്‌ക് എടുക്കാനുള്ള തീരുമാനത്തിലാണ്. മത്സരിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ തയാറാണെന്നും ശ്രീധരൻ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിൽ തനിക്കു സൽപേരുണ്ട്. അങ്ങനെയൊരാൾ ബിജെപിയിൽ ചേർന്നാൽ കൂടുതൽ പേർ പാർട്ടിയിലെത്തുമെന്നും ശ്രീധരൻ പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ് കൂടിയാണ് ശ്രീധരനെ ബിജെപി റാഞ്ചുന്നത്. കിഫ്ബിയിലെ വികസന രാഷ്ട്രീയം അടക്കം ശ്രീധരൻ ഇനി ഉയർത്തും.
ബിജെപിക്ക് വിജയസാധ്യത കുറവുള്ള മണ്ഡലങ്ങളാണ് ശ്രീധരന്റെ മനസ്സിൽ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നഗരങ്ങളിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണു സാധ്യത. മെട്രോ മാൻ മെട്രോ സിറ്റിയിൽ എന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. അതനുസരിച്ചു തൃപ്പൂണിത്തുറ പരിഗണിച്ചേക്കാം. തൃശൂർ മണ്ഡലവും ചർച്ചയിലുണ്ട്. പൊന്നാനിയിൽ സ്ഥാനാർത്ഥിയാകാമെന്നു ചർച്ചയ്ക്കിടെ ശ്രീധരൻ പറഞ്ഞതായാണു ബിജെപിക്കുള്ളിൽ നിന്നുള്ള വിവരം. ശ്രീധരന്റെ സ്വന്തം നാടാണ് പൊന്നാനി. അങ്ങനെ വന്നാൽ പൊന്നാനിയിൽ തീപാറും മത്സരം നടക്കും. സ്പീക്കർ ശ്രീരാമകൃഷ്ണനാണ് പൊന്നാനിയുടെ സിറ്റിങ് എംഎൽഎ.
അതിനിടെ ബിജെപിയിലേക്കുള്ള 'മെട്രോമാൻ' ഇ. ശ്രീധരന്റെ വരവിനെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവൻ രംഗത്ത് എത്തി. പാലങ്ങൾക്കും തുരങ്കങ്ങൾക്കു വിട, ഇനി കുഴിക്കാൻ ഇറങ്ങാം എന്നാണ് എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തത്. 'ഇ. ശ്രീധരൻ പാലങ്ങൾ നിർമ്മിക്കുകയും തുരങ്കകങ്ങൾ കുഴിക്കുകയും ചെയ്തു. ഇനി മുതൽ പാലങ്ങൾക്ക് ഗുഡ്‌ബൈ പറഞ്ഞ് കുഴിക്കാൻ ഇറങ്ങാം' എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. ബിജെപി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സൈബർ സഖാക്കളും ശ്രീധരനെതിരെ ക്യാപ്‌സൂളുകൾ തയ്യാറാക്കുന്നുണ്ട്. എന്നാൽ എല്ലാം കരുതലോടെ ആവണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം നൽകുന്ന നിർദ്ദേശം.
ജേക്കബ് തോമസും കണ്ണന്താനവും അബ്ദുള്ളക്കുട്ടിയുമൊക്കെ ബിജെപിക്കാരാവുന്നതു പോലെയല്ല ശ്രീധരൻ ബിജെപിക്ക് വേണ്ടി എത്തുമ്പോൾ കേരളത്തിൽ സംഭവിക്കുകയെന്ന വിലയിരുത്തൽ സജീവമാണ്. വേറൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ബിജെപിയിലേക്ക് ജേക്കബ് തോമസും കണ്ണന്താനവും അബ്ദുള്ളക്കുട്ടിയുമൊക്കെ ചേക്കേറിയതെന്ന് മറ്റ് രാഷ്ട്രീയക്കാർക്ക് പറഞ്ഞു നിൽക്കാം. എൺപത്തൊമ്പതുകാരനായ ശ്രീധരന് അങ്ങിനെയൊരു നിവൃത്തികേടുള്ളതായി ആരോപിക്കാൻ പറ്റില്ല. അഴിമതിക്കെതിരെയുള്ള യുദ്ധത്തിൽ പങ്കാളിയാവാനാണ് ശ്രീധരൻ ബിജെപിയിലേക്ക് വരുന്നതെന്ന് പ്രചാരണമുണ്ട്. ബിജെപി. കേരളത്തിൽ നടത്തിയ ഏറ്റവും സമർത്ഥമായ കരുനീക്കമാണ് ശ്രീധരന്റെ അംഗത്വം. ഈ ചിന്ത ഇടത് വലതു മുന്നണികളെ അലട്ടുന്നുണ്ട്.
ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണു വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരൻ ഇക്കാര്യം സ്ഥിരീകരിച്ചു. മണ്ഡലം ഏതെന്നു ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ശ്രീധരനും ഇക്കാര്യം സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ചുമതല നൽകിയാൽ നിർവഹിക്കും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കില്ല. ഗവർണറാകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ശ്രീധരനെപ്പോലുള്ളവർ ബിജെപിയിലേക്കു വരുന്നതു കേരളത്തിന്റെ പൊതുവികാരമാണ് വ്യക്തമാക്കുന്നതെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നുവട്ടം വന്നു. കേന്ദ്ര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. പാർട്ടിയിൽ ആദ്യം അംഗത്വമെടുക്കട്ടെ. അതിനായി വലിയ പൊതുപരിപാടിയൊന്നും ആവശ്യമില്ലെന്നു പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇ. ശ്രീധരൻ പറഞ്ഞു. എന്നാൽ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടലുകൾ ശ്രീധരന് വേണ്ടി നടത്തിയെന്നാണ് സൂചന.
എന്റെ ആശയങ്ങളും സ്വപ്നങ്ങളുമായി ചേർന്ന രാഷ്ട്രീയം ബിജെപിയുടേതാണെന്ന തിരിച്ചറിവാണ് ആ പ്രസ്ഥാനത്തിൽ ചേരാൻ പ്രേരിപ്പിച്ചത്. കേരളത്തിൽ പലതും ചെയ്യാൻ കേന്ദ്രസഹായം അനിവാര്യമാണ്. കേന്ദ്രത്തെ കുറ്റം പറയുകയും കേരളത്തിനു സഹായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയം നമ്മുടെ നാടിനു ഗുണകരമല്ല. എൽഡിഎഫ് സർക്കാർ ഇതുവരെ ചെയ്തത് അതാണ്. അതിനൊരു മാറ്റം വരാൻ കേരളത്തിൽ ബിജെപിയുടെ ജനപ്രതിനിധികൾ വരേണ്ടത് ആവശ്യമാണ്. ബിജെപി സംസ്ഥാന നേതാക്കളാണ് എന്നെ പാർട്ടിയിലേക്കു ക്ഷണിച്ചത്-ശ്രീധരൻ പറയുന്നു.
താൻ ബിജെപിയിൽ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ. ശ്രീധരൻ പറയുന്നു. 'ഞാൻ ബിജെപിയിൽ ചേർന്നതുകൊണ്ട് ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നാണ് അനുമാനം. ഞാൻ ബിജെപിയിൽ ചേർന്ന ഒറ്റ സംഗതി മതി കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരും. കൂടുതൽ വോട്ട് ലഭിക്കും'-ശ്രീധരൻ പറയുന്നു. വളരെ കാലമായി ബിജെപി അനുഭാവിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്. ബിജെപി തനിക്ക് ഒരു പരിചയമില്ലാത്ത രാഷ്ടീയപാർട്ടിയല്ല. സത്യസന്ധതയും ധാർമിക മൂല്യങ്ങളുമുള്ള പാർട്ടിയാണ് ബിജെപി. അതാണ് ബിജെപിയെ തിരഞ്ഞെടുക്കാൻ കാരണമെന്നും ശ്രീധരൻ പറഞ്ഞു.
ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ഒരു പക്ഷം പാടില്ല. ഇപ്പോൾ തന്റെ കർമങ്ങളെല്ലാം കഴിഞ്ഞു. നാടിന് എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പണി ഏറ്റെടുത്തത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയൻ എന്നിവരോട് തനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ പാർട്ടി എങ്ങനെയെങ്കിലും ഉയർത്തണമെന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ. രാജ്യം പടുത്തുയർത്തണമെന്നില്ല. എന്നാൽ ബിജെപിക്ക് രാജ്യത്തെ പടുത്തുയർത്തുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കേണ്ടി വരും. പാർട്ടി പറഞ്ഞാൽ അതിന് തയ്യാറാണ്. പ്രകടനപത്രികയിലേക്ക് വേണ്ട തന്റെ നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി കേരളത്തിലേക്ക് മികച്ചൊരു വ്യവസായം കടന്നുവരുന്നില്ല. രാജ്യത്തിനും സംസ്ഥാനത്തിനും ഗുണില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തിൽ ഒരുക്കുന്നത്. രാഷ്ട്രീയ നേട്ടം മാത്രമേ നോക്കുന്നുള്ളൂ. സിൽവർ ലൈൻ പദ്ധതി ഇതിന്റെ ഭാഗമാണ്-ശ്രീധരൻ വിശദീകരിക്കുന്നു.
പ്രളയം മനുഷ്യനിർമ്മിതമായിരുന്നു. സ്വാഭാവിക പ്രളയമായിരുന്നില്ല. എന്തുകൊണ്ടാണ് പ്രളയം വന്നതെന്ന് ഈ സർക്കാർ കണ്ടുപിടിച്ചിട്ടില്ല. പ്രളയപുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. കിഫ്ബി കേരളത്തിന് ഏറ്റവും കൂടുതൽ ദോഷം ചെയ്ത പദ്ധതിയാണ്. എത്രകാലം നമുക്ക് കടം വാങ്ങി ജീവിക്കാൻ സാധിക്കും. ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. ആരാണീ കടം വീട്ടുക. കിഫ്ബിയുടെ പദ്ധതികളെല്ലാം ലാഭകരമല്ലാത്തതാണ്. ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ വളരെ അനീതിയാണ് കാണിച്ചിട്ടുള്ളത്. അതിന്റെ ഫലം അവർ അനുഭവിക്കേണ്ടി വരും. ബിജെപി വർഗീയ പാർട്ടിയല്ല. അവർ ദേശത്തെ സ്നേഹിക്കുന്നവരാണ്. ദേശത്തെ സ്നേഹിക്കുന്നത് വർഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വലിയ വോട്ട് ലഭിക്കുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ