- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീധരൻ സ്‌കാം; ശ്രീധരൻ സൺ കേസ്; ശ്രീധരൻ ഫാമിലി ഫ്രോഡ്.... ഗുഗിളിൽ ഈ വാക്കുകൾ തിരിയുന്നവരുടെ എണ്ണം കൂടുന്നു; ശ്രീധരൻ പറയുന്നതെല്ലാം നാടിനുള്ള ഉപദേശമെന്ന് പറഞ്ഞു നടന്നവർ തന്നെ കടന്നാക്രമണത്തിന്; മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹം മെട്രോ മാൻ തുറന്നു സമ്മതിച്ചതോടെ ക്യാപ്സ്യൂൾ ആയുധങ്ങളും പരിഗണനയിൽ; 'ഇനി ഇ ശ്രീധരൻ വെറുമൊരു സംഘി!'
തിരുവനന്തപുരം: ഇ ശ്രീധരനും അങ്ങനെ സംഘിയാവുകയാണ്? കേരളത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു മെട്രോമാൻ. സ്വാധീനങ്ങൾക്ക് വഴങ്ങാത്ത ആർക്കും സ്വാധീനിക്കാൻ കഴിയാത്ത പണത്തിന് മുന്നിൽ മുട്ടുമടക്കാത്ത ധീരൻ. വെറും സിവിൽ എഞ്ചിനിയർ എന്നതിൽ ഉപരി രാജ്യം അംഗീകരിച്ച വികസന നായകൻ. എന്നാൽ ബിജെപിയുമായി സഹകരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ പലരും ശ്രീധരന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്തു തുടങ്ങി. ശ്രീധരൻ എന്തു പറഞ്ഞാലും അത് നാടന്റെ നന്മയെ കരുതിയാണെന്ന് പറഞ്ഞവർ മെട്രോ മാനെതിരെ വാളെടുക്കുകയാണ്.
കിഫ്ബിയാണ് അതിൽ ആദ്യം രംഗത്ത് വന്നത്. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്ന ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി കിഫ്ബി ഉടൻ തന്നെ രംഗത്തു വന്നു. കടംവാങ്ങിയാണ് കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഇങ്ങനെ കടംവാങ്ങി തൽക്കാലം പണിയെടുക്കാമെങ്കിലും ആരത് വീട്ടുമെന്നും ശ്രീധരൻ ചോദിച്ചിരുന്നു. കിഫ്ബിയുടെ ഉദ്ദേശ്യലക്ഷ്യമെന്തെന്നും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മനസ്സിലാക്കാതെയുള്ള ആരോപണം മാത്രമാണിതെന്നു സമൂഹമാധ്യമത്തിലെ കുറിപ്പിൽ കിഫ്ബി പറയുന്നു. കുറച്ചു കാലം മുമ്പായിരുന്നുവെങ്കിൽ ശ്രീധരന്റെ ഉപദേശത്തെ പോസിറ്റീവായി മാത്രമേ കിഫ്ബിയും കാണുമായിരുന്നുള്ളൂ. ശ്രീധരനെ നേരിടാൻ ബിജെപി വിരുദ്ധ രാഷ്ട്രീയക്കാർ ആയുധങ്ങൾ കണ്ടെത്തുകയാണ്. ഇതിന് തെളിവാണ് കിഫ്ബിയുടെ പ്രസ്താവന.
ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറും ആയ മെട്രോമാൻ ഇ.ശ്രീധരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കിഫ്ബിയെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കിഫ്ബി രൂപീകൃതമായത് ഇന്നോ ഇന്നലെയോ അല്ല. 1999ൽ രൂപം കൊണ്ട കിഫ്ബിയെ അതിനുശേഷം വന്ന പല സർക്കാരുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കിഫ്ബി ഭേദഗതി ആക്ട് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയതിനു ശേഷം കിഫ്ബിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തി വർധിച്ചുവെന്ന് മാത്രം. സംസ്ഥാന സർക്കാരുമായി ചേർന്ന് പല പദ്ധതികളിലും പ്രവർത്തിച്ചിട്ടുള്ള ഇ.ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നതിലാണ് അദ്ഭുതം. അദ്ദേഹത്തിനെ പോലൊരാൾ കിഫ്ബിയെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങൾ വളരെ രൂക്ഷമായ പദങ്ങളുപയോഗിച്ച് പറയുമ്പോൾ അതിനു മറുപടി പറഞ്ഞേതീരൂ എന്നാണ് വിശദീകരണം.
ഗൂഗിളിലും മറ്റും ശ്രീധരനെതിരായ ആയുധം തേടുകയാണ് സൈബർ സഖാക്കൾ. ശ്രീധരൻ സ്‌കാം തുടങ്ങിയ വാക്കുകൾ നിരവധി പേർ സെർച്ച് ചെയ്യുന്നു. ശ്രീധരന്റെ മക്കൾക്കെതിര എന്തെങ്കിലും ആരോപണമുണ്ടോ എന്നും പരിശോധിക്കുന്നു. ആദായ നികുതി വകുപ്പിന്റെ പിടി വീഴാതിരിക്കാനാണ് ശ്രീധരൻ ബിജെപിയിൽ ചേരുന്നതെന്ന് പോലും പറയുന്നവരുണ്ട്. ഇതിന്റെ എന്തെങ്കിലും സാധനങ്ങൾ ഇന്റർനെറ്റിൽ അവശേഷിക്കുന്നുണ്ടോ എന്ന് പരതി കണ്ടെത്തുകയാണ് അവർ. വ്യക്തമായ ക്യാപ്‌സ്യൂളുകൾ ഇതിന് വേണ്ടി തയ്യാറാക്കും. കിഫ്ബിയെ ശ്രീധരൻ വിമർശിച്ചതിൽ രാഷ്ട്രീമേ ഉള്ളൂവെന്നും പറഞ്ഞു വയ്ക്കും. അങ്ങനെ ശ്രീധരൻ രാഷ്ട്രീയക്കാരനായി മാറുകയാണ് കേരളത്തിലെ ഇടതു വലതു മുന്നണികൾക്ക്.
നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്താലും അതിനെ എതിർക്കുക എന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്ന് ശ്രീധരൻ പറഞ്ഞിരുന്നു. വിവാദ കാർഷിക നിയമങ്ങളെ ശ്രീധരൻ പിന്തുണച്ചു. രാജ്യത്ത് അസഹിഷ്ണുതയില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ''ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേർന്ന് സ്വന്തം രാജ്യത്തെ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല. രാജ്യത്ത് ഒരു തരത്തിലുമുള്ള അസഹിഷ്ണുതയില്ല. അസഹിഷ്ണുത എന്നത് ഇവിടെ ചർച്ചകളിൽ മാത്രമാണുള്ളത്. ഇത്ര ശക്തമായ നീതിന്യായ വ്യവസ്ഥ നിലവിലുള്ള രാജ്യത്ത് യാതൊരു തരത്തിലുള്ള അസഹിഷ്ണുതയ്ക്കും സ്ഥാനമില്ല. എതിർക്കുന്നവരുടെ അഭിപ്രായങ്ങളെ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അപ്പോഴേക്കും അത് അസഹിഷ്ണുതയാണെന്ന് പറയും,'' ഇ.ശ്രീധരൻ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി നാടിനു വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മോദിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ശ്രീധരൻ പറഞ്ഞു. അഴിമതി തൊട്ടുതീണ്ടാത്ത, വളരെ അധ്വാനിയായ, ആത്മസമർപ്പണമുള്ള, രാജ്യ താൽപര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നേതാവാണ് മോദിയെന്നും ശ്രീധരൻ അഭിമുഖത്തിൽ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് കാരണം കർഷകരുടെ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ശ്രീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം അറിയിച്ചത്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ