മലപ്പുറം: മലയാളിയുടെ അഭിമാനമായിരുന്നു ഇ ശ്രീധരൻ. വികസന നായകൻ.... ശ്രീധരൻ എന്ന മെട്രോ മാൻ പറയുന്നതെല്ലാം വേദവാക്യമായിരുന്നു കേരളത്തിലെ രാഷ്ട്രീയക്കാർക്ക് എല്ലാം. എന്നാൽ കഥ മാറുകയാണ്. ബിജെപിയുടെ ഭാഗമായതോടെ ശ്രീധരൻ പറയുന്നതെല്ലാം ഇടതു വലതു രാഷ്ട്രീയക്കാർക്ക് ദഹിക്കാത്തതുമായി. ഇപ്പോഴിതാ ബിജെപിയിൽ ചേർന്ന ഇ ശ്രീധരനെതിരെ പൊന്നാനി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവ്. കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനുമായ വിആർ അനൂപാണ് പരാതി നൽകിയത്.

ഇ ശ്രീധരൻ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് പരാതി നൽകിയിട്ടുള്ളത്. ലൗ ജിഹാദ്, ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല എന്നീ പരാമർശങ്ങൾ നടത്തിയതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ യുവതികളെ മുസ്ലിം ചെറുപ്പക്കാർ ആസൂത്രിതമായി ലൗ ജിഹാദ് നടത്തുന്നു , മാംസഭക്ഷണം കഴിക്കുന്നവരോട് വെറുപ്പാണ് എന്നീ പ്രസ്താവനകളിലൂടെ സമൂഹത്തിൽ മതസ്പർധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഇ ശ്രീധരനെ നിയമപരമായി നേരിടുമെന്നും ശ്രീധരൻ നിയമത്തെ നേരിടട്ടേ എന്നും പരാതി നൽകിയതിന് ശേഷം വി ആർ അനൂപ് പറഞ്ഞു. പ്രിവിലേജുകളുടെ ബലത്തിൽ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് ശ്രീധരൻ കരുതേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേർന്നതിന് ശേഷം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇ ശ്രീധരൻ വിവാദ പരമാർശങ്ങൾ നടത്തിയത്.

കേരളത്തിൽ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കാറുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം എന്ന അവതാരകയുടെ ചോദ്യത്തിന് 'വ്യക്തിപരമായി ഞാൻ വളരെ നിഷ്ഠയുള്ള സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ തീർച്ചയായും ഇഷ്ടമല്ല' എന്നായിരുന്നു ഈ ശ്രീധരന്റെ മറുപടി. ലൗ ജിഹാദിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് 'ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്‌ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും ഞാൻ കാണുന്നുണ്ട്.

ലൗ ജിഹാദ് കേരളത്തിൽ സംഭവിക്കുന്നതും ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യൻ പെൺകുട്ടികളേയും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പരമാർശങ്ങൾക്കെതിരെയാണ് ഇ ശ്രീധരൻ പൊലീസ് സ്റ്റേഷനായ പൊന്നാനിയിൽ തന്നെ വിആർ അനുൂപ് പരാതി നൽകിയിരിക്കുന്നത്.

കേരളത്തിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടിയാണ് ബിജെപിയിൽ ചേർന്നതെന്ന് ഇ ശ്രീധരൻ മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തോട് താൽപര്യമുണ്ടെന്നും ഇ ശ്രീധരൻ വിശദമാക്കിയിരുന്നു. ബിജെപിയിൽ ചേർന്നതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് ഇ ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് നടത്തിയത്. അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ലെന്നും ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്യമില്ല.

അതുകൊണ്ട് മന്ത്രിമാർക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നത്. അഴിമതിയിൽ മുങ്ങിയ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. സർക്കാരിന്റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തിൽ മൂന്ന് മാർക്ക് പോലും നൽകാനാവില്ലെന്നും ശ്രീധരൻ വിമർശിച്ചു. കോടികൾ ചെലവിട്ട് പരസ്യം നൽകുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.