കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി എന്നു വിശ്വസിക്കാനാണ് ഞങ്ങൾ ഏറെ നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്തവും സ്തുത്യർഹവുമായ ഒട്ടേറെ ശ്രമങ്ങൾ ഉമ്മൻചാണ്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. യുഡിഎഫ് സംവിധാനത്തിന്റെ ഭാഗമായും കോൺഗ്രസ്സിലെ ഗ്രൂപ്പു വഴക്കിന്റെ ഭാഗമായും ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് മുഖ്യമന്ത്രി കസേരയിൽ ഞാണിന്മേൽ കളി നടത്തി ഉമ്മൻ ചാണ്ടി തുടരുന്നത്. ആ സഹതാപം ആദ്യ കാലം മുതൽ ഞങ്ങൾക്ക് മുഖ്യമന്ത്രിയോട് ഉണ്ടായിരുന്നു. പ്രത്യക്ഷത്തിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിലും സർക്കാരുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന പല കഥകളും മുഖ്യമന്ത്രിക്കും സർക്കാരിനും തീർത്താൽ തീരാത്ത നാണക്കേടാണ് ഉണ്ടാക്കുന്നത്.


കൊച്ചി മെട്രോയുടെ കാര്യത്തിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന കള്ളക്കളികളും ആരോപണങ്ങളും ഉമ്മൻ ചാണ്ടിയുടെ മുഖം കൂടുതൽ വികൃതമാക്കാനേ സഹായിക്കൂ എന്നു പറയേണ്ടി വരുന്നതിൽ ഏറെ ഖേദം ഉണ്ട്. ഒരു ഭരണകൂടത്തിനും അതിന് നേതൃത്വം നൽകുന്ന ഭരണാധികാരികൾക്കും ആദ്യം വേണ്ടത് സത്യസന്ധതയാണ്. എന്നാൽ ഇപ്പോൾ സർക്കാർ എടുക്കുന്ന പല നിലപാടുകളും പറയുന്ന പല കാര്യങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന അവസ്ഥയാണുള്ളത്. വിളപ്പിൽശാലയിൽ കള്ളന്മാരെപ്പോലെ പാതിരാത്രിയിൽ കടന്നു ചെന്ന് നിയമവാഴ്ച നടത്താൻ ശ്രമിച്ച പൊലീസ് അത്തരം ഒരു കാപട്യത്തിന്റെ മുഖമാണ് ആദ്യം കാട്ടിയത്. ഇപ്പോൾ കൊച്ചി മെട്രോയുടെ പേരിൽ നടക്കുന്ന കള്ളക്കളികൾ അത് വ്യക്തമാക്കുകയും കേരളത്തിന് മുഴുവൻ നാണക്കേടായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു.

5000 കോടി മുടക്കി കൊച്ചിയിൽ ഒരു മെട്രോ തുടങ്ങാം എന്നു പ്രഖ്യാപിച്ചപ്പോൾ ഇവിടത്തെ പാവം വിഡ്ഢികളായ ജനങ്ങൾ ഉമ്മൻചാണ്ടി സർക്കാരിന്റെ ദീർഘ വീക്ഷണത്തെ ഓർത്ത് കയ്യടിക്കുകയായിരുന്നു. എന്നാൽ ജനത്തെ നന്നാക്കുക എന്നതിനെക്കാൾ അതിന്റെ പേരിൽ കമ്മീഷൻ അടിച്ച് മാറ്റുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഈ സർക്കാരിന് ഉണ്ടായിരുന്നുള്ളൂ എന്ന് ഇപ്പോൾ വ്യക്തമാകുകയാണ്. അതിനുവേണ്ടി അടിച്ചു മാറ്റൽ കളിയിൽ പ്രാവീണ്യം ഉള്ള ചില ഉദ്യോഗസ്ഥന്മാരെത്തന്നെ ഇതിന്റെ ചുമതല ഏൽപ്പിച്ചു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ഇടപെടലിനെത്തുടർന്ന് ഇ ശ്രീധരൻ എന്ന കാര്യശേഷിയുടെ പര്യായപദം മെട്രോ നിർമ്മാണവുമായി രംഗത്ത് വരുന്നതോടെയാണ് അടിച്ചു മാറ്റൽ വിദഗ്ധർ കുടുങ്ങിപ്പോയത്.

അങ്ങനെയാണ് ടോം ജോസ് എന്ന ഉദ്യോഗസ്ഥനെ മാറ്റുന്നത്. ഈ മാന്യൻ പക്ഷേ, സ്ഥാനം ഒഴിഞ്ഞിട്ടും ശ്രീധരനെതിരെ നടക്കുന്ന നീക്കങ്ങളുടെ ചുക്കാൻ പിടിക്കുകയായിരുന്നു എന്ന് ഇന്നലെ പുറത്ത് വിട്ട കത്തുകൾ തെളിയിക്കുന്നു. സ്വന്തം ഉത്തരവാദിത്തത്തിൽ പെടാത്ത സംഗതിയായിട്ടും ടോം ജോസ് എന്തിന് ഇങ്ങനൊരു കത്തെഴുതി എന്നതാണ് അനേ്വഷിക്കപ്പെടേണ്ടതും അടിയന്തിരമായി നടപടി എടുക്കേണ്ടതുമായ കാര്യം. രാവിലെയും വൈകുന്നേരവും ശ്രീധരനെ വേണം എന്നു വിളിച്ചു പറയുന്ന ആര്യാടൻ മുഹമ്മദും ഉമ്മൻചാണ്ടിയും അത് ആത്മാർത്ഥമായാണ് പറയുന്നതെങ്കിൽ ശ്രീധരന് പണി കൊടുക്കാൻ നിയമം തെറ്റിച്ച് കത്തെഴുതിയ ടോംജോസിനെതിരെ അടിയന്തിരമായി നടപടിയെടുക്കുകയാണ് വേണ്ടത്. ഈ നടപടി വൈകിച്ചാൽ അതിനർത്ഥം ഈ കള്ളക്കളിയിൽ മുഖ്യമന്ത്രി അങ്ങേയ്ക്കും പരോക്ഷമായെങ്കിലും പങ്കുണ്ടെന്നാണ്. അങ്ങനൊരു വാർത്ത കേൾക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ.

ശ്രീധരനോട് എന്താണ് ഇവിടുത്തെ നേതാക്കൾക്ക് ഇത്ര കലിപ്പ് എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാതിരിക്കില്ല. 5000 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് നൂറുകണക്കിന് കോടി രൂപ കമ്മിഷൻ പറ്റുന്നത് സ്വപ്നം കാണുന്നവരാണ് ഇ ശ്രീധരൻ പദ്ധതിയുടെ തലപ്പത്ത് വരുന്നതിനെതിരെ ചരട് വലിക്കുന്നത്. തുടക്കത്തിലേ അദ്ദേഹത്തെ പുറത്തുചാടിക്കാൻ ആരംഭിച്ച നീക്കങ്ങളുടെ 'ഫൈനലാ'ണ് ഇപ്പോൾ അരങ്ങേറുന്നത്. ശ്രീധരവിരുദ്ധപക്ഷത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളുണ്ട്; കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഉദ്യോഗസ്ഥ പ്രമാണിമാരുണ്ട്. 5000 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് നൂറുകണക്കിന് കോടി രൂപ കമ്മിഷൻ പറ്റുന്നത് സ്വപ്നം കാണുന്നവരാണ് ഇക്കൂട്ടർ. ശ്രീധരനെനെ്ന ഒറ്റയാളുടെ ജനസമ്മതിയും കർമശേഷിയും വിശ്വാസ്യതയും അതിനെല്ലാം വിഘാതമാകുമെന്നു കണ്ട് ആരംഭിച്ച നീക്കങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണിപ്പോൾ.

പാലക്കാട്ടുകാരൻ എലാട്ടുവളപ്പിൽ ശ്രീധരൻ എന്ന ഇ. ശ്രീധരൻ പാമ്പൻപാലം, കൊങ്കൺ റെയിൽവേ, ഡൽഹി മെട്രോ, കൊൽക്കത്ത മെട്രോ തുടങ്ങി എൻജിനിയറിംഗ് രംഗത്ത് ശ്രദ്ധേയമായ പ്രമുഖ പദ്ധതികളുടെ അമരക്കാരനായിരുന്നു. പറഞ്ഞ സമയത്തിന് മുമ്പേ പണി തീർക്കുക എന്നതാണ് ഈ എൻജിനിയറുടെ മിടുക്ക്. രാജ്യം പത്മശ്രീയും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. ശതകോടികളുടെ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടും അഞ്ചുപൈസയുടെ അഴിമതിക്കറ പോലും പുരളാത്തതാണ് ശ്രീധരന്റെ കരങ്ങൾ. അത് തന്നെയാണ് ശ്രീധരനിൽ ഇവർ കാണുന്ന കുഴപ്പവും. 5000 കോടിയുടെ കച്ചവടം പലർക്കായി വീതിച്ച് കൊടുത്താൽ കുറഞ്ഞത് 50 കോടിയെങ്കിലും പോക്കറ്റിലാക്കാമെന്നു മോഹിക്കുന്ന അനേകരാണ് ആഗോള ടെണ്ടറിന്റെ പേരിൽ ഉറഞ്ഞു തുള്ളുന്നത്. പ്രത്യക്ഷത്തിൽ ആഗോള ടെണ്ടർ എന്നു കേട്ടാൽ ഒരു മഹാ സംഭവമായി ആളുകൾ കരുതും. ടെണ്ടർ ഇല്ലാതെ കൊടുക്കുന്നതാണല്ലോ അഴിമതി എന്നു പറയുന്നത്. എന്നാൽ ഒരു സർക്കാർ സ്ഥാപനത്തിന് പണി കൊടുക്കുമ്പോൾ അതിന്റെ ഒന്നും കാര്യമില്ല എന്നു പറയുമ്പോഴാണ് ഇതിലെ ഒത്തുകളി പുറത്തു വരുന്നത്.

ശ്രീധരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നവർ കൊടുവാളുകൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നത് ഈ കൊച്ചു കേരളത്തിന്റെ ആത്മാഭിമാനത്തെ തന്നെയാണ്. ഇതുവരെ മാന്യമായി ജീവിച്ച ഒരു മനുഷ്യനെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ് ഈ വൃത്തികെട്ട ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയ ശ്രമിക്കുന്നത്. ഈ വൃത്തികെട്ടവന്മാരെ തിരശ്ശീലയ്ക്ക് പുറത്ത് കൊണ്ടുവരാനുള്ള ഉത്തരവാദിത്തമാണ് ഉമ്മൻ ചാണ്ടി എടുക്കേണ്ടത്. അതിന് ആദ്യം വേണ്ടത് ടോംജോസിനെ സസ്‌പെൻഡ് ചെയ്യുകയാണ്. നടപടി ക്രമങ്ങൾ ഒന്നും ഞങ്ങൾക്ക് ബാധകമല്ലെന്നും ശ്രീധരൻ തന്നെ മതി ഞങ്ങൾക്ക് എന്നും പറഞ്ഞ് കേന്ദ്രത്തിന് എഴുതാനും ഉമ്മൻചാണ്ടി ധൈര്യം കാണിക്കണം. അല്ലെങ്കിൽ പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ ഈ കേരളത്തിന് നാണക്കേടായി മാറും.