- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഊരാളുങ്കലിനെ പുകഴ്ത്തിയത് സുരേന്ദ്രനും പിടിച്ചില്ല; മുഖ്യമന്ത്രിയായി മെട്രോ മാനെ ഉയർത്തിക്കാട്ടുന്നതിൽ സുരേന്ദ്രനോട് മുരളീധരനും അമർഷം; രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനമെന്നും ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്ന് ശ്രീധരനും; എല്ലാ കണ്ണും അമിത് ഷായിലേക്ക്; ബിജെപിയിലെ പ്രധാനിയെ വിജയയാത്രയുടെ അവസാനം അറിയാം
കൊച്ചി: ബിജെപിക്ക് ഇ ശ്രീധരൻ പുലിവാലുകുമോ? ശ്രീധരനാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയിരുന്നു. എന്നാൽ അങ്ങനെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ തിരുത്തി. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പറഞ്ഞു. വി മുരളീധരൻ മത്സരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ മറ്റൊരാളെ മുഖ്യമന്ത്രിയായി പറയുന്നത് മുരളീധരന് പിടിച്ചില്ലെന്നതാണ് വസ്തുത. ശ്രീധരനെ ചൊല്ലിയുള്ള ഈ തർക്കത്തിനിടെ ഊരാളുങ്കലും വില്ലനാകുകയാണ്.
ഇനി എല്ലാ കണ്ണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിലാണ്. സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യാൻ അമിത് ഷാ എത്തും. തിരുവനന്തപുരത്തെ പരിപാടിയിൽ ശ്രീധരനെ അമിത് ഷാ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം. പല സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തി പ്രചരണം നടത്താറുണ്ട്. ഗുജറാത്തിൽ മോദിയും രാജസ്ഥാനിൽ വസുന്ധര രാജസിന്ധ്യയുമെല്ലാം ഇങ്ങനെ മുഖ്യമന്ത്രിയായവരാണ്. അതുകൊണ്ട് തന്നെ ഈ മോഡൽ ഇത്തവണ കേരളത്തിലും ബിജെപി ദേശീ നേതൃത്വം പരീക്ഷിച്ചേക്കും.
പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കൽ സൊസൈറ്റിയെ അഭിനന്ദിച്ച് മെട്രോമാൻ ഇ.ശ്രീധരൻ രംഗത്ത് വന്നിരുന്നു. കൃത്യസമയത്ത് പണിതീർക്കാനായതിൽ ഉരാളുങ്കൽ സൊസൈറ്റിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. എന്നാൽ മെട്രോമാന്റെ പ്രസ്താവനയിൽ വിശദീകരണവുമായി കെ.സുരേന്ദ്രൻ രംഗത്തെത്തി. ഊരാളുങ്കലിന്റെ അഴിമതി അറിയാത്തതുകൊണ്ടാവാം ശ്രീധരൻ അങ്ങനെ പ്രതികരിച്ചതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഊരാളുങ്കലിന്റെ അഴിമതിയിൽ അതിശക്തമായ നിലപാട് ബിജെപി എടുക്കുന്നുണ്ട്. ഊരാളുങ്കലിനെ ശ്രീധരൻ പുകഴത്തുന്നത് ഇത്തരം പ്രചരണത്തിന് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ തിരുത്ത്.
ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനുമായി താൻ സംസാരിച്ചുെവന്നും ഇ. ശ്രീധരൻ മുഖ്യമന്ത്രിയാകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രൻ പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ പ്രധാനി ആരെന്ന ചർച്ചയാണ് ഇതോടെ ഉയരുന്നത്.
വിജയയാത്രയിൽ നടത്തിയ പ്രസംഗത്തിലാണ് കെ.സുരേന്ദ്രൻ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇത് മുരളീധരന് പിടിച്ചതുമില്ല. ഇതിനിടെയാണ് ഊരാളുങ്കലിന്റെ പ്രശ്നവും. ഇതോടെ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് തടയാനും ഈ ആയുധം ഉപയോഗിക്കും. ശ്രീധരനെ ഉയർത്തിക്കാട്ടി മത്സരിക്കാനാണ് സുരേന്ദ്രന് താൽപ്പര്യം. ഇത് വോട്ട് കൂട്ടുമെന്ന് സുരേന്ദ്രൻ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കാൻ ആഗ്രഹിക്കുന്ന മുരളീധരന് ശ്രീധരന് കീഴിൽ നിൽക്കാൻ താൽപ്പര്യവുമില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാകും ഇനി നിർണ്ണായകം.
വികസന നായകനായി ശ്രീധരനെ ഉയർത്താനാണ് സുരേന്ദ്രന്റെ ശ്രമം. ശ്രീധരന്റെ നേതൃത്വത്തിൽ കേന്ദ്രവുമായി സഹകരിച്ച് പതിന്മടങ്ങ് ശക്തിയിൽ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടപോവാനാവുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരവസരം ഇ. ശ്രീധരന് നൽകിയാൽ നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ പതിന്മടങ്ങായി നടപ്പാക്കാനാകുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവർത്തനമെന്നും, ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും ഇ.ശ്രീധരൻ പറഞ്ഞു. പതിനെട്ടു മാസം കൊണ്ടു പൂർത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനർനിർമ്മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്.
ഈ വികസന മാതൃകയാണ് ബിജെപി മന്നോട്ടുവയ്ക്കുന്നത്. ഇ ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവണമെന്ന് ആഗ്രഹം ബി.ജെപി. പ്രകടിപ്പിച്ചത് അതുകൊണ്ടാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ