ഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിലെ മാദ്ധ്യമങ്ങളുടെ മുഖ്യ വാർത്തയും ജനങ്ങളുടെ മുഖ്യ ചർച്ചാവിഷയവും ആയിരുന്ന കൊച്ചി മെട്രേയുടെ ഭാവി സംബന്ധിച്ച ഏറ്റവും നിർണ്ണായകമായ സംഭവങ്ങൾ ഇന്നലെയാണ് ഉണ്ടായത്. കൊച്ചി മെട്രോ ഏറ്റെടുത്ത് നടത്താനുള്ള ശേഷി ഇല്ലെന്നും അതുകൊണ്ട് ഇത് നടത്തുന്ന കാര്യം ബുദ്ധിമുട്ടാണെന്നും ഡിഎംആർസി അധികൃതരും കേന്ദ്ര നഗരവികസന മന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും ഒരുപോലെ അറിയിച്ചതാണ് ഈ വാർത്ത. കേരളത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇനിയും ശ്രമിക്കും എന്നുമുള്ള മുഖ്യമന്ത്രിയുടെ ധീരമായ പ്രഖ്യാപനവും പത്രങ്ങളിൽ വന്നു.

  • ഇ ശ്രീധരന്റെ ആത്മാഭിമാനത്തെ കൊടുവാളുകൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നവർക്ക് ഓശാന പാടുന്ന മുഖ്യമന്ത്രി നിങ്ങൾ ഞങ്ങൾക്ക് നാണക്കേടാണ്‌

സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയുടെ അടയാളമായി തന്നെയാണ് മിക്ക മാദ്ധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ചുരുക്കം ചില മാദ്ധ്യമങ്ങളെങ്കിലും സർക്കാരിനെ കുറ്റം പറഞ്ഞിട്ടെന്താ കഥ ഡിഎംആർസി സമ്മതിക്കാതെ ഇത് എങ്ങനെ ഏൽപ്പിക്കാൻ പറ്റും എന്ന പരുവത്തിലാണ് വാർത്ത കൊടുത്തത്. സാധാരണ ഗതിക്ക് ഒരു പ്രധാന വാർത്തയുണ്ടായാൽ പിറ്റേ ദിവസം ചില പ്രതികരണങ്ങളും ഫോളോഅപ്പുകളും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇന്ന് ഇത്രയും നേരമായിട്ടും ഒരിടത്തു നിന്നും അനക്കം കേൾക്കുന്നില്ല. രാഷ്ട്രപതിയുടെ സന്ദർശനവും ചാരക്കേസും ഒക്കെയാണ് ഇന്ന് മാദ്ധ്യമങ്ങൾക്ക് പ്രിയപ്പെട്ട വിഷയം.

എന്നുവെച്ചാൽ അതി നിർണ്ണായകമായ സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ നാളെ മുതൽ കൊച്ചി മെട്രോ സംബന്ധിച്ച കാര്യമായ വാർത്തകൾ പത്രങ്ങളിൽ ഉണ്ടാകില്ല എന്നർത്ഥം. മാദ്ധ്യമങ്ങൾക്ക് വാർത്തകളുടെ മലവെള്ളപ്പാച്ചിലിനിടയിൽ സംഭവിക്കുന്ന ഒരു സാധാരണ സംഭവം മാത്രമായിരിക്കും ഇത്. എന്നാൽ കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഇത് ഉന്നയിക്കുന്നുണ്ട്. വളരെ താത്പര്യത്തോടെ ഞങ്ങൾ നടത്തിക്കൊള്ളാം എന്നു പറഞ്ഞ് മുന്നോട്ട് വരികയും ഏറ്റവും പ്രഗത്ഭനായ ശ്രീധരനെത്തന്നെ ചുമതല ഏൽപ്പിക്കുകയും ഈ ആവശ്യത്തിനായി കൊച്ചിയിൽ ഓഫീസ് തുടങ്ങുകയും പ്രാഥമിക ജോലികൾ ഏറെക്കുറേ പൂർത്തിയാക്കുകയും ചെയ്ത് ശേഷം ഇപ്പോൾ താത്പര്യമില്ല എന്ന് ഡിഎംആർസി പറയണമെങ്കിൽ അതിന്റെ പിറകിലുള്ള കാരണം നമ്മൾ കണ്ടില്ലെന്നു നടിക്കരുത്.

കൊച്ചി മെട്രോ ആരംഭിക്കാനുള്ള പ്രൊപ്പോസൽ വന്നപ്പോൾ മുതൽ ഇ ശ്രീധരനായിരുന്നു കേരളം പരിഗണിച്ചിരുന്ന ആൾ. ശ്രീധരൻ വേണമെന്നല്ലാതെ ഡിഎംആർസി വേണമെന്ന് കേരളത്തിന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഡിഎംആർസിയിലെ തന്റെ ടീമിന്റെ സഹായത്തോടെ മാത്രമേ കൊച്ചി മെട്രോയെ ഏറ്റെടുക്കാൻ കഴിയൂ എന്ന് ശ്രീധരനാണ് അറിയിച്ചത്. അങ്ങനെയാണ് ഡിഎംആർസി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ആവേശപൂർവ്വം തുടങ്ങിയ കൊച്ചി മെട്രോ പദ്ധതിയിൽ ആദ്യം കല്ലുകടിയുണ്ടാക്കിയത് മെട്രോയുടെ ആദ്യ എംടിആയിരുന്ന ടോംജോസ് എന്ന ഐഎഎസുകാരനായിരുന്നു. ശ്രീധരന്റെ അധികാരത്തെ എതിർക്കുകയും ശ്രീധരനെയും അങ്ങനെ ഡിഎംആർസിയെയും എങ്ങനെയും പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുകയും ചെയ്ത ടോമിന്റെ പ്രവർത്തനമാണ് കൊച്ചി മെട്രോയെ ഇത്രയധികം വൈകിപ്പിച്ചത്.

മറ്റൊരു നിവൃത്തിയുമില്ലാതെ ടോമിനെ എം ഡി സ്ഥാനത്തു നിന്നും മാറ്റിയാണ് സർക്കാർ പ്രതിസന്ധി പരിഹരിച്ചത്. എംടി സ്ഥാനത്തു നിന്നും പുറത്തു പോയിട്ടും മെട്രോ മാഫിയ നിയന്ത്രിച്ചിരുന്നത് ടോംജോസ് തന്നെയായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാമായിരുന്നു. തന്റെ അധികാര പരിധിയിൽ പെടാത്ത കാര്യമായിരുന്നിട്ടും ശ്രീധരനെ നിയമിച്ചതിന്റെ സാധുതയെ ചോദ്യം ചെയ്ത് ഡിഎംആർസിയ്ക്കും കേന്ദ്രസർക്കാരിനും ടോം കത്തെഴുതിയത് വെളിയിൽ വന്നതോടെയാണ് ഈ ആരോപണത്തിന്റെ ആഴം എത്ര വലുതായിരുന്നു എന്ന് വ്യക്തമായത്. വാസ്തവത്തിൽ ഇപ്പോൾ ഡിഎംആർസി കൊച്ചി മെട്രോയെ തള്ളിപ്പറയുന്നതിന്റെ യഥാർത്ഥ കാരണം ഈ കത്തുതന്നെയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ഡിഎംആർസിയുടെ പിന്മാറ്റം കേരളത്തിന് വലിയ തിരിച്ചടി ആണെന്നും അത് മാറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നത് എന്തെങ്കിലും ആത്മാർത്ഥതയോടെയാണെങ്കിൽ അതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒരു ഐഎഎസ് ഓഫീസർ പ്രവർത്തിച്ചിട്ടും ഒരു ചെറുവിരൽ പോലും അയാൾക്കെതിരെ അനക്കാൻ സർക്കാരിന് കഴിയാതെ വരുമ്പോൾ ഒരു കാര്യം തീർത്തു പറയാം. സർക്കാർ പറയുന്നതെല്ലാം ശുദ്ധ നുണയാണ്. ഡിഎംആർസിയും ഇ ശ്രീധരനും എങ്ങനെയും ഒഴിഞ്ഞ് പോകുക എന്നതുമാത്രമാണ് ഈ സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് ഉദ്യോഗസ്ഥ ലോബിയും ഈ സർക്കാരും ഒത്തുകളിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഈ നാടകങ്ങൾ വഴി.

മാസങ്ങളായി ഞങ്ങൾ ഇത് ഊന്നി ഊന്നി പറഞ്ഞിരുന്ന കാര്യമാണ്. സർക്കാർ ഡിഎംആർസിയിക്കും ഇ ശ്രീധരനും അനുകൂലമായി എന്തെല്ലാം പറഞ്ഞാലും ആത്യന്തികമായി അവർ വിട്ടു പോവണം എന്നു തന്നെ ആണ് ആഗ്രഹിച്ചിരിക്കുന്നതെന്ന് അനേകം തവണ ഞങ്ങൾ എഴുതിയിരുന്നു. സർക്കാർ നടത്തുന്ന കള്ളക്കളിയുടെ വിജയമാണ് ഇപ്പോൾ കണ്ടുവരുന്നത്. ഡിഎംആർസിയും ശ്രീധരനും കൊച്ചി മെട്രോ നടത്തണമെന്ന് സർക്കാർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിസ്സാരമായിത്തന്നെ കേന്ദ്രസർക്കാരിനോട് ഇത് നേടിയെടുക്കാവുന്നതേ ഉള്ളൂ. ഇപ്പോഴത്തെ മുതലക്കണ്ണീരു കൊണ്ട് പ്രശ്‌നത്തിന് പരിഹാരം ആകില്ല. ആത്മാർത്ഥമായ ശ്രമമാണ് അതിനു വേണ്ടത്.

നിർഭാഗ്യകരമായ സംഗതി ജീവിതം മുഴുവൻ ആദർശ നിഷ്ഠയിൽ ഉറച്ചു നിന്ന കേരളം കണ്ട ഏറ്റവും സമർത്ഥനായ എഞ്ചിനീയർ ഇ ശ്രീധരൻ ജീവിതത്തിൽ ആദ്യമായി അവഹേളിക്കപ്പെടുന്നത് തന്റെ ജന്മനാട്ടിൽ നിന്നുതന്നെയാണ് എന്നതാണ്. ശ്രീധരനോട് സംസ്ഥാനം ചെയ്ത ഈ കൊടു ക്രൂരതയുടെ പാപക്കറ കഴുകിക്കളയാൻ ഏത് ഗംഗയിൽ കുളിച്ചാലും മലയാളികൾക്ക് സാധിക്കില്ല. ഇപ്പോൾ നടക്കുന്നതെല്ലാം ഗൂഢാലോചനയാണ്, കൊലച്ചതിയാണ്, തീവെട്ടിക്കൊള്ളയാണ്. ഇ ശ്രീധരൻ ഇല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് മെട്രോ വേണ്ട. പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്ന ഒരു സംവിധാനത്തിനു കൂട്ടുനിൽക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. ഡിഎംആർസി ഇല്ലെങ്കിലും ശ്രീധരനെ ഇതിന്റെ ചുമതല ഏൽപ്പിക്കാൻ സർക്കാരിനു കഴിയണം. അതിനുള്ള ശ്രമം നടക്കുന്നില്ലെങ്കിൽ അതിനർത്ഥം കേരളത്തിലെ ജനങ്ങളോട് ഈ സർക്കാരിന് ഉത്തരവാദിത്തം ഇല്ല എന്നു തന്നെയാണ്.