- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മെട്രോമാന് തിരക്കൊഴിയുന്നില്ല; അടുത്ത ലക്ഷ്യം കാശ്മീർ; 88-ാം വയസിലും വിശ്രമമില്ലാത്ത ദൗത്യങ്ങളുമായി ഇ. ശ്രീധരൻ
പാലക്കാട്: തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും ഇ. ശ്രീധരന് തിരക്കൊഴിയുന്നില്ല. അടുത്ത ലക്ഷ്യം കാശ്മീരാണ്. ജമ്മു ആൻഡ് കശ്മീരിലെ ദാൽ തടാകം ശുചീകരിക്കുന്ന ദൗത്യം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അദ്ദേഹം ഏറ്റെടുത്തതാണ്. പാലക്കാട് ജയിച്ചാൽ ആ പദ്ധതി മുടങ്ങിപോകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. ഇനി ആശങ്കകളില്ലാതെ മെട്രോമാന് ജോലി തുടരാം.
2019 ഒക്ടോബറിൽ ജമ്മു ആൻഡ് കശ്മീർ ഹൈക്കോടതിയാണ് ഇത്തരമൊരു പദ്ധതിക്കു മേൽനോട്ടം വഹിക്കാൻ ശ്രീധരനെ ചുമതലപ്പെടുത്തിയത്. 3,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
ഇനിയും 5 വർഷമുണ്ടെങ്കിലേ പൂർത്തിയാക്കാനാകൂവെന്ന് ഇ.ശ്രീധരൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടക്കിടെ ശ്രീനഗർ സന്ദർശനവും അദ്ദേഹത്തിന് ഒഴിവാക്കാനാവാത്തതാണ്. ദാൽ തടാക പുനരുദ്ധാരണത്തിന് ഹൈക്കോടതി രൂപം കൊടുത്ത വിദഗ്ധരുടെ കമ്മിറ്റിയുടെ ചെയർമാനാണ് ഇ. ശ്രീധരൻ. ഷിപ്പ് യാഡിൽനിന്നും മറ്റും സിഎസ്ആർ ഫണ്ട് ശ്രീധരൻ ഈ പദ്ധതിയുടെ ചെലവിലേക്കായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അവസാനമായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ശ്രീനഗറിൽ പോയത്. കോവിഡിനെത്തുടർന്ന് ഏപ്രിലിൽ ഓൺലൈൻ മീറ്റിങ് ചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ഫൗണ്ടേഷൻ ഫോർ റസ്റ്ററേഷൻ ഓഫ് നാഷനൽ വാല്യൂസ്' (എഫ്ആർഎൻവി) എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക പ്രസിഡന്റായ ഇ.ശ്രീധരൻ ഇപ്പോഴും ഈ സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നു. ഡൽഹിയിൽ ജോലിയിലിരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയുമായി പ്രവർത്തിച്ചുതുടങ്ങിയത്. 2008 ജൂണിൽ സ്ഥാപിതമായതാണ് ഈ സംഘടന.
സ്വന്തം നാട്ടിൽ ഭാരതപ്പുഴയുടെ പുനരുദ്ധാരണത്തിന് 'ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ' എന്ന സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന ചുമതല. ഈ 3 പദ്ധതികൾക്കുമായി നല്ലൊരു സമയം തനിക്കു ചെലവഴിക്കേണ്ടതുണ്ടെന്ന് ശ്രീധരൻ വ്യക്തമാക്കി. ഏറ്റെടുക്കുന്ന ഓരോ പദ്ധതിയും കൃത്യനിഷ്ഠയോടെ ചെയ്തുതീർക്കുന്നതു മുഖമുദ്രയാക്കി മാറ്റിയ മെട്രോമാന്, രാഷ്ട്രീയഗോദയിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ജോലിത്തിരക്കുകളിൽനിന്നു മോചനമില്ലെന്നു പറയാം.