ടപ്പള്ളിയിലെ മേൽപ്പാലം ഉദ്ഘാടനവേദിയിൽ മന്ത്രിമാരുടെയും എം എൽ എയുടെയും മേയറുടെയും ഒക്കെ പുറകിലായി ശ്രീ ഇ ശ്രീധരന്റെ തല കണ്ടപ്പോൾ ഒരു കഥ ഓർത്തു. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം പരിസ്ഥിതി മന്ത്രി ആയിരിക്കുന്ന കാലത്ത് ഒരു പരിസ്ഥിതി ദിനത്തിൽ കേരളത്തിലാകെ ഒറ്റ ദിവസംകൊണ്ട് അമ്പതു ലക്ഷം മരങ്ങൾ നടുന്ന ഒരു പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. അതിന്റെ ഉദ്ഘാടനം കോട്ടയത്ത് നടക്കുമെന്നും അതിനു ഞാൻ വരണമെന്നും പ്രത്യേകം പറഞ്ഞേൽപ്പിച്ചു. അന്ന് മന്ത്രിയായ കെ എം മാണിയും സിനിമാനടൻ സുരേഷ് ഗോപിയും ഒക്കെയാണ് മറ്റ് അതിഥികൾ. കലക്ടറേറ്റ് വളപ്പിലാണ് പരിപാടി.

സമയത്തിന് മുൻപേതന്നെ ഞാൻ സ്ഥലത്തെത്തി, മന്ത്രിയുടെ അടുത്ത് എനിക്കുള്ള പിടി കാണിക്കാൻ ഞാൻ എന്റെ ചേട്ടനെയും കൂടെ കൂട്ടി. കളക്ടറും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥന്മാരും ഒക്കെ മാത്രമേ അപ്പോൾ സ്ഥലത്തുള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ തിരുവഞ്ചൂർ എത്തി. പതിവ് പോലെ കൈയിൽ പിടിച്ചു കുശലവും ഒക്കെ കഴിഞ്ഞു. പിന്നെ കെ എം മാണി എത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും. അപ്പോഴേക്കും കലക്ടറേറ്റ് കാംപസ് ജനത്തെ കൊണ്ട് നിറഞ്ഞു. ദാ വരുന്നു സുരേഷ് ഗോപി. ജനം ഇളകി. പിന്നെ തിരുവഞ്ചൂർ എന്നല്ല ആരും രംഗം പിടിച്ചാൽ കിട്ടില്ല. മരം നടാനുള്ള സ്ഥലത്തേക്ക് വിശിഷ്ടാതിഥികൾ നീങ്ങണം.

പ്രോഗ്രാമിലെ പേരനുസരിച്ച് ഞാനും മരം നടാനുള്ള വിശിഷ്ടാതിഥിയാണ്. പക്ഷെ ഈ ജനക്കൂട്ടത്തിന്റെ ഇടയിൽകൂടി ഒരിഞ്ച് മുന്നോട്ടു നീങ്ങാൻ ഞാൻ വിചാരിച്ചാൽ സാധിക്കുന്ന കാര്യമല്ല. ഒന്ന് ശ്രമിച്ചിട്ട് ഞാൻ പിന്നോട്ട് മാറി. ചേട്ടന്റെ മുഖത്ത് ചിരി, പരിഹാസമോ സഹതാപമോ ആകാം. (ഇവൻ ഇവിടെയൊക്കെ മരം നടാൻ വന്നതല്ലാതെ വീട്ടിൽ ഒരു ചക്കക്കുരു പോലും ഇന്നേവരെ കുഴിച്ചിട്ടിട്ടില്ല എന്ന് മന്ത്രിയോട് എന്നെപ്പറ്റി പറഞ്ഞു നാറ്റിച്ചിട്ട് അധികനേരം ആയിട്ടില്ല).

പക്ഷെ എന്നെ അതിശയിപ്പിച്ച കാര്യം സുരേഷ് ഗോപിയോടുള്ള ആരാധന മൂത്ത് തള്ളിക്കയറുന്ന ജനങ്ങളുടെ ഇടയിലൂടെ ഒരു പരസഹായവും ഇല്ലാതെ എന്നെക്കയും കായബലം കുറവുള്ള കെ എം മാണിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻനിരയിൽ എത്തി എന്നതാണ്. അവരെയൊക്കെ ആളുകൾ ഇട്ടു തിക്കുന്നതും തള്ളുന്നതും ഞാൻ കാണുന്നുണ്ട്. പക്ഷെ ചെറുപ്പകാലത്തു തന്നെ മുന്നോട്ടു തള്ളിക്കേറിയ പരിചയം ആയിരിക്കണം, ഇതും ഇതിലപ്പുറവും നിഷ്പ്രയാസം ചാടിക്കടക്കാൻ രാഷ്ട്രീയക്കാരെ സന്നദ്ധരാക്കുന്നത്.

പ്രൊഫഷണൽ ആയി ജോലി ചെയ്യുന്ന നമ്മെപ്പോലെ ഉള്ളവർക്ക് ഈ തള്ളിക്കയറ്റം തൊഴിൽ പരിശീലനത്തിന്റെ ഭാഗമല്ല. നമ്മുടെ തൊഴിലാണ് നമ്മെ മുന്നോട്ടു നയിക്കുന്നതും നയിക്കേണ്ടതും എന്ന വിശ്വാസത്തിലാണ് നാം ജീവിക്കുന്നതും പണിയെടുക്കുന്നതും. മിക്കവാറും അവസരങ്ങളിൽ അത് ശരിയുമാണ്. പക്ഷെ പാവം രാഷ്ട്രീയക്കാർക്ക് അങ്ങനെയല്ല. തള്ളിക്കേറാൻ പഠിച്ചില്ലെങ്കിൽ അവർ എക്കാലവും അണികളായി മാത്രം നിന്ന് മുരടിക്കുകയെ ഉള്ളൂ.

മുന്നിലേക്ക് തള്ളിക്കയറുന്ന വിദ്യ ശ്രീ ഇ ശ്രീധരന് അത്ര പരിചയമുണ്ടാകാൻ വഴിയില്ല. അല്ലെങ്കിൽ എപ്പോഴേ ഭാരതരത്‌നയും കിട്ടി മന്ത്രിയൊക്കെ ആവേണ്ട ആളാണ്. പക്ഷെ ഒരു എൻജിനീയർ എന്ന നിലയിൽ അദ്ദേഹം വിഷമിക്കേണ്ട കാര്യമില്ല. ആ നിൽക്കുന്ന എല്ലാ രാഷ്ട്രീയക്കാരുടെയും മുകളിൽ കാണുന്ന മേൽപ്പാലം അത് ഇ ശ്രീധരന്റെ തലയാണ്. മന്ത്രിയും മേയറും എം എൽ എയും ഒക്കെ പോയിക്കഴിഞ്ഞും അതവിടെത്തന്നെ കാണും.

(മരം നടൽ ഒക്കെ കഴിഞ്ഞു. പൊതു സമ്മേളനം ടൗൺഹാളിൽ ആണ്. ടൗൺഹാൾ നിറഞ്ഞു കവിഞ്ഞു. പുറത്തു നിൽക്കുന്നവർക്ക് വേണ്ടി ഒരു ടി വി വച്ചിട്ടുണ്ട്. ഞാൻ ചേട്ടന്റെ മുന്നിൽ ചമ്മിയ ക്ഷീണത്തിൽ ടി വി യുടെ താഴെ നിൽക്കുകയാണ്. പക്ഷെ അതിശയം എന്ന് പറയട്ടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ മന്ത്രിയുടെ കിങ്കരന്മാർ എന്നെ പൊക്കിയെടുത്ത് സ്റ്റേജിൽ എത്തിച്ചു. മറ്റു മന്ത്രിമാർക്കും സുരേഷ് ഗോപിക്കും എല്ലാം മുൻപേ എനിക്ക് സംസാരിക്കാൻ അവസരവും ഉണ്ടാക്കി. അങ്ങനെ ഞാൻ എന്റെ മാനം കാത്തു. അല്ലെങ്കിൽ സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരത്തു പോയ സന്ദേശത്തിലെ ജയറാമിനെ പോലെ എല്ലാം ടി വി യിൽ കണ്ടു തിരിച്ചുപോരേണ്ടി വന്നേനെ.)