- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് വർഷത്തിനുള്ളിൽ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും; അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മികച്ച നഗരവും; കൂടുതൽ പ്രായമെന്നാൽ കൂടുതൽ അനുഭവസമ്പത്ത്; ഇടതുസർക്കാർ അഞ്ച് കൊല്ലം നടത്തിയ വികസനം പാലാരിവട്ടം പാലം മാത്രം; പാലക്കാട്ട് പ്രചാരണം തുടങ്ങി ഇ ശ്രീധരൻ
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പ്രചരണം തുടങ്ങി മെട്രോമാൻ ഇ ശ്രീധരൻ. പാലക്കാട് നഗരത്തെ രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് പ്രഖ്യാപിച്ചാണ് ശ്രീധരൻ തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയത്. അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതൽ ഒരു പ്രശ്നമല്ലെന്നും കൂടുതൽ പ്രായമെന്നാൽ കൂടുതൽ അനുഭവസമ്പത്താണെന്നും ഇ ശ്രീധരൻ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പേയാണ് ഇ ശ്രീധരൻ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. 'പാലക്കാട് മുൻസിപ്പാലിറ്റി ഇപ്പോൾ ബിജെപിയുടെ കൈയിലാണ്. നല്ല മിടുക്കന്മാരായ പ്രവർത്തകർ ഉണ്ട്. ഞാൻ പഠിച്ചതും വളർന്നതുമൊക്കെ പാലക്കാടാണ്. പാലക്കാട് ഒരു അന്യപ്രദേശമല്ലെനിക്ക്,' ഇ ശ്രീധരൻ പറഞ്ഞു.
ശബരിമലഉൾപ്പെടയുള്ള വിഷയങ്ങളിൽ താൻ ഇടപെടുന്നില്ലെന്നും രാജ്യത്തെ വികസനമാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും ഇ ശ്രീധരൻ പറഞ്ഞു. രാജ്യത്തേക്ക് വ്യവസായം വരണം. വ്യവസായം ഇല്ലാതെ രാജ്യത്തേക്ക് സമ്പത്ത് വരില്ല. ഒരുപാട് പേർ തൊഴിലല്ലാതെ ഇരിക്കുകയാണ്. വ്യവസായങ്ങൾ കൊണ്ടുവരണം അവർക്ക് ജോലി കൊടുക്കണമെന്നും ഇ ശ്രീധരൻ പറഞ്ഞു.
'ഞാൻ രാഷ്ട്രീയത്തിലേക്കല്ല പോവുന്നത്. വെറും വികസനത്തിലേക്കാണ്. അതിനു വേണ്ടിയാണ് അവർ എന്നെ വിളിച്ചിരിക്കുന്നത്,''രണ്ടുവർഷത്തിനുള്ളിൽ പാലക്കാട് നഗരത്തെ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കും. അഞ്ച് കൊല്ലത്തിനുള്ളിൽ ഇന്ത്യിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള ശ്രമമാണ് എന്റേത്,' ഇ ശ്രീധരൻ പറഞ്ഞു. എൽഡിഎഫ് സർക്കാറിനെതിരെ കടുത്ത വിമർശനവും അദ്ദേഹം ഉന്നയിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയു സ്വജനപക്ഷപാതിത്വവുമാണ് നടന്നതെന്ന് ശ്രീധരൻ ആരോപിച്ചു. സർക്കാർ അഞ്ച് കൊല്ലം നടത്തിയ പ്രധാന വികസനം പാലാരിവട്ടം പാലമാണ്. അതു നടപ്പാക്കിയത് ഡിഎംആർസിയാണ്. മറ്റൊന്നും എൽഡിഎഫ് സർക്കാർ ചെയ്തില്ലെന്നും പല പദ്ധതികളും തടയാനാണ് സർക്കാർ ശ്രമിച്ചതെന്നും ശ്രീധരൻ ആരോപിച്ചു.
റെയിൽവേയുടെ പല പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം അദാനിക്ക് നൽകുന്നത് തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വികസനം ഇല്ലാതാക്കാൻ ജനങളുടെ നികുതി പണം കൊണ്ട് സുപ്രീം കോടതിയിൽ പോകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഹൈസ്പീഡ് പദ്ധതി തുടങ്ങാൻ നമ്മതിച്ചില്ല. പല പദ്ധതികളിൽ നിന്നും ഡിഎംആർസിയെ ഓടിച്ചുവെന്നും ശ്രീധരൻ കുറ്റപ്പെടുത്തി.
ശബരിമലയിൽ 2018 ൽ ഉണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ ശ്രീധരൻ തള്ളി. എല്ലാം ചെയ്തിട്ട് ഇപ്പോൾ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ശബരിമലയിൽ ആളുകളുടെ വികാരം മുറിപ്പെടുത്തിയെന്നും ശ്രീധരൻ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ