- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മനുഷ്യക്കടത്തി'ൽ വിമാനം കയറിയതു ജോലി തേടി പോയ പാവങ്ങൾ;വിവാഹപ്രായ സർക്കുലർ തെറ്റായിപ്പോയി ... വിവാദങ്ങൾക്കു നടുവിൽ ലീഗിന് പറയാനുള്ളത്; ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ മറുനാടൻ മലയാളിയോട്
മലപ്പുറം പാസ്‌പോർട്ട് ഓഫീസിന്റെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോൾ മുസലീം ലീഗ് പ്രതിക്കൂട്ടിലാവുന്ന തെളിവുകളാണ് ലഭിക്കുന്നത്. സിബിഐ അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും മുസ്ലിം ലീഗിനെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ച് രംഗത്തു വന്നിട്
മലപ്പുറം പാസ്‌പോർട്ട് ഓഫീസിന്റെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോൾ മുസലീം ലീഗ് പ്രതിക്കൂട്ടിലാവുന്ന തെളിവുകളാണ് ലഭിക്കുന്നത്. സിബിഐ അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും മുസ്ലിം ലീഗിനെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ച് രംഗത്തു വന്നിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്തിനു പുറമെ ആബ്ബാസ് സേഠിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിഎസ് ആരോപണമുന്നിയിച്ചിട്ടുണ്ട്. മുസ്ലിം പെൺ കുട്ടികൾക്ക് വിവാഹ പ്രായം 18 നിർബന്ധമാക്കേണ്ടെന്ന് കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ സർക്കുലറും വിവാദമായി മുസ്ലിം ലീഗിന്റെ തലക്കു നേരെ വന്നിട്ടുണ്ട്, വിവാദങ്ങളും ആരോപണങ്ങളും പെരുകുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- കരിപ്പൂർ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തും മലപ്പുറം പാസ്‌പോർട്ട് ഓഫീസിന്റെ പ്രവർത്തനം എന്നിവ വിവാദത്തിലാണല്ലോ?
കിരിപ്പൂർ വിമാനത്താവളം വഴി 18 വയസിൽ താഴെയുള്ള യുവതികളെ വീട്ടു ജോലിക്കെന്ന പേരിൽ പാസ്‌പോർട്ടിൽ ജനനത്തീയതി തിരുത്തി ഗൾഫ് നാടുകളിലേക്ക് കടത്തുകയാണെന്നാണല്ലോ ആരോപണം. 2011 ഡിസംബർ മുതൽ 2012 നവംബർ വരെയുള്ള കാലങ്ങളവിൽ പാസ്‌പോർട്ട് രേഖകൾ തിരുത്തിയ 120 കേസുകളാണ് കരിപ്പൂർ വിമാനത്താളത്തിൽ പിടികൂടിയിട്ടുള്ളത്. എന്നാൽ ഈ 120 കേസുകളിൽ ഒരാൾ പോലും സ്ത്രീയില്ല. എല്ലാം പുരുഷന്മാരാണ്. ജനനതീയതി മാത്രമാണ് ഇവർ പാസ്‌പോർട്ടുകളിൽ തിരുത്തിയത്. സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ വിസ സ്റ്റാമ്പ് ചെയ്യാനുള്ള പ്രായപരിധി 21 വയസാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തിരുത്തലുകൾ നടത്താൻ അവർ നിർബന്ധിതരായത്. ജീവിക്കാനായി ജോലി തേടിപ്പോയ പാവപ്പെട്ട യുവാക്കളാണിവർ.
ഇക്കാലയളവിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന എമിഗ്രേഷൻ ഡിവൈഎസ്പിയുടെ ദ്രോഹ നടപടികളാണ് ഈ യുവാക്കൾക്ക് വിനയായത്. യുവാക്കളെ കുരുക്കാൻ ഇയാൾ മനപൂർവം ശ്രമിക്കുകയായിരുന്നു. പാസ്‌പോർട്ടിൽ തിരുത്തൽ നടത്തിയാൽ സെക്ഷൻ 12 (1) ബി പ്രകാരം പാസ്‌പോർട്ട് കണ്ടുകെട്ടാനും പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ 5000 രൂപ പിഴ ഈടാക്കാനുമാണ് പാസ്‌പോർട്ട് ആക്റ്റിൽ പറയുന്നത്. കരിപ്പൂരിലെ ഡിവൈഎസ്പി ഐപിസി 419, 471, 468 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് ചാർജ് ചെയ്തത്. അതിനാൽ പിടിക്കപ്പെട്ട പാവങ്ങൾക്ക് ജാമ്യം പോലും ലഭിച്ചില്ല. പാവപ്പെട്ട ഈ കുട്ടികളുടെ ജോലിയും നഷ്ടപ്പെട്ടു. ഇവരുടെ ദുരിതങ്ങൾ ചർച്ചയാവുകയും മലപ്പുറത്ത് യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ 2012 ഡിസംബർ 12ന് ഡൽഹിയിൽ വിദേശകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. .
റിവോക്ക് ചെയത പാസ്‌പോർട്ട് തിരിച്ചു കൊടുക്കാവുന്നവരുടെ അഭ്യർത്ഥന പരിഗണിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാൽ ഇവരുടെ പാസ്‌പോർട്ട് നിയമ സാധുതയുള്ളതാണ്. ഗൾഫ് നാടുകളിലേക്ക് പോകാൻ അർഹതയുള്ള വിസയും ഇവർക്കുണ്ട്. യുഎഇ ഡ്രൈംവിഗ് ലൈസൻസും ഇവരിൽ പലർക്കുമുണ്ട്. വിദേശ രാജ്യത്ത് മെച്ചപ്പെട്ട ജോലിക്ക് വേണ്ടി പാസ്‌പോർട്ടിൽ ജനനത്തീയതി തിരുത്തി എന്ന കുറ്റം മാത്രമാണ് അവർ ചെയ്തത്. ആൾമാറാട്ടം ഉൾപ്പെടെയുള്ള ഗൗരവവും ഗുരുതരവുമായ കുറ്റങ്ങളൊന്നും ഇവർ ചെയ്തിട്ടില്ല എന്നാണ് യോഗം വിലയിരുത്തിയത്. ഇതേത്തുടർന്ന് താഴെ പറയുന്ന രീതിയിൽ ഉത്തരവിറക്കി.
- പൊലീസ് വെരിഫിക്കേഷൻ, ബന്ധപ്പെട്ട രേഖകളുടെ വെരിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്കു ശരിയായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ പാസ്‌പോർട്ടുകൾ ഇവർക്ക് നൽകാവുന്നതാണ്.
- 2010ലെ പാസ്‌പോർട്ട് മാന്വലിന് അനുസൃതമായുള്ള പിഴ ചുമത്താവുന്നതാണ്.
- സാധ്യതയുള്ള റീ എൻട്രി വിസ അടിച്ചിട്ടുള്ള കണ്ടുകെട്ടപ്പെട്ട പാസ്‌പോർട്ടുകൾ തിരിച്ചു കൊടുക്കുമ്പോൾ വിസാ പേജുകൾ ഒഴികെ ബാക്കിയെല്ലാം കാൻസൽ ചെയ്തുകൊണ്ട് തിരിച്ചു നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കമ്പ്യൂട്ടറിൽ ആവശ്യമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്.
ഇത്തരം തീരുമാനങ്ങളൊക്കെ എടുത്തുവെങ്കിലും ആ തീരുമാനങ്ങളൊന്നും നടപ്പിലായിട്ടില്ല. ഇതിന്റെ പേരിൽ എടുത്ത ഒരു കേസും നാളിതുവരെ പിൻവലിച്ചിട്ടില്ല. 120 പേരിൽ ഒരാളുടെ പാസ്‌പോർട്ടു പോലും തിരിച്ചു നൽകിയിട്ടുമില്ല. കാര്യങ്ങൾ ഇങ്ങിനെയിരിക്കെയാണ് മുസ്ലിം ലീഗിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും കരിപ്പൂർ വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടന്നുവെന്നു പറയുന്നത്.
- മലപ്പുറം പാസ്‌പോർട്ട് ഓഫിസറുടെ നിയമനം മുസ്ലിംലീഗിന്റെ താത്പര്യ പ്രകാരം ചട്ടങ്ങൾ മറി കടന്നായിരുന്നില്ലേ?
ഒരു ചട്ടവും മറികടന്നിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹോം ഡിപ്പാർട്ടുമെന്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പാസ്‌പോർട്ട് ഓഫിസർമാരായവരുണ്ട്. മുബൈ, ചണ്ഡിഗഡ്. കൊൽക്കത്ത, ജമ്മു, ജലന്തർ എന്നിവിടങ്ങളിലെ പാസ്‌പോർട്ട് ഓഫിസർമാർ ഹോം ഡിപ്പാർട്ടുമെന്റിൽ നിന്ന് വന്നവരാണ്. നേരത്തെ ലക്‌നോ, ഗസ്സിയാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഹോം ഡിപ്പാർട്ടുമെന്റിൽ നിന്നുള്ളവർ പാസ്‌പോർട്ട് ഓഫീസർമാരായിരുന്നു. മലപ്പുറം പാസ്‌പോർട്ട് ഓഫീസറാവാൻ അബ്ദുൾ റഷീദിനു പുറമെ മറ്റൊരാളും അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂ നടത്തിയായിരുന്നു നിയമനം.
- മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒത്താശ ചെയ്തു പാസ്‌പോർട്ട് ഓഫിസർ അബ്ദുൾ റഷീദ് എന്ന് സിബിഐ പറയുന്നുണ്ടല്ലോ?
ഇക്കാര്യത്തിൽ മുസ്ലിം ലീഗിന് ഒരു അഭിപ്രായവും പറയാനില്ല. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ ഞങ്ങൾ ഉത്തരം പറയേണ്ടതുള്ളൂ. മലപ്പുറം പാസ്‌പോർട്ട് ഓഫിസർ അബ്ദുൾ റഷീദ് തെറ്റു ചെയ്‌തെന്നോ ചെയ്തില്ലെന്നോ ഒന്നും ഞങ്ങൾക്കറിയില്ല. സിബിഐ അന്വേന്വേഷണം നടത്തുന്നുണ്ടല്ലോ. അവരാണ് അക്കാര്യങ്ങളൊക്കെ കണ്ടെത്തേണ്ടത്.
- മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലർ ഇറക്കിയത് മുസ്ലിം ലീഗിന്റെ അറിവോടെയല്ലേ?
അതൊക്കെ സർക്കാർ നടപടികളാണ് മുസ്ലിം ലീഗിന് ഇക്കാര്യത്തിൽ ഒരറിവുമില്ല. എന്തായാലും ആ സർക്കുലർ തെറ്റായിപ്പോയി. തെറ്റ് എല്ലാവർക്കും പറ്റും. അതുകൊണ്ട് തന്നെ അത് തിരുത്താൻ നടപടികളുമെടുത്തിട്ടുണ്ട്.
- പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുസ്ലിം ലീഗിനെതിരെ ഗുരുതരമായ ആരോപണങ്ങളാണല്ലോ ഉന്നയിച്ചിരിക്കുന്നത്?
വി.എസ് അച്യുതാനന്ദനു പിന്നിൽ ഉന്നത വൃത്തങ്ങൾ ഉൾപ്പെട്ട റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ അന്വേന്വേഷണം നടത്തണം... വിഎസിന് കാര്യങ്ങൾ എഴുതിക്കൊടുത്ത് പറയിപ്പിക്കുകയാണ് ഈ റാക്കറ്റ്. മുസ്ലിം ലീഗിനെക്കുറിച്ച് വി.എസ് . അച്യുതാനന്ദൻ നടത്തിയത് ലജ്ജാകരമായ ആരോപണമാണ്. തീർത്തും അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ നീചമാണ്. മാനവികതയെപ്പോലും ബഹുമാനിക്കാത്തയാളാണ് അച്യുതാനന്ദൻ. പേഴ്‌സണൽ സ്റ്റാഫിനെ ഉപയോഗിച്ച് അനധികൃതമായി ലീഗ് മന്ത്രിമാർ കാര്യങ്ങൾ ചെയ്യുന്നു എന്നാണ് അച്യുതാനന്ദന്റെ ആരോപണം.
ഇവിടെ പേഴ്‌സണൽ സ്റ്റാഫിനെ ഉപയോഗിച്ച് അവിഹിത കാര്യങ്ങൾ ചെയ്യുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാം. വിഎസിന്റെ ഇത്തരം തട്ടിപ്പുകൾ അയാളുടെ പാർട്ടി തന്നെ കണ്ടെത്തിയിതാണ്. വിഎസിന്റെ പേഴ്‌സണൽ സ്റ്റാഫിനെ കൊങ്ങക്ക് പിടിച്ച് പാർട്ടി തന്നെ പുറത്താക്കുകയും ചെയ്തു. അബ്ബാസ് സേഠിന്റെ മരണത്തെക്കുറിച്ച് വിഎസ് പറഞ്ഞത് അതിക്രൂരമാണ്. കുഞ്ഞാലിക്കുട്ടിയും അബ്ബാസ് സേഠും തമ്മിലുള്ള ആത്മ ബന്ധം എല്ലാവർക്കുമാറിയാം. ക്രൂരമായ ആരോപണങ്ങൾ ഉന്നയിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റാണ് വി.എസ്. അച്യുതാനന്ദൻ.
- മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വരുമോ?
അക്കാര്യത്തിൽ തീരുമാനമൊന്നുമെടുത്തിട്ടില്ല. ഭൂമിശാസ്ത്രപരമായും ഘടനയും മറ്റും ഞങ്ങൾ പരിശോധിച്ചു വരികയാണ്. കാര്യങ്ങൾ പഠിച്ച ശേഷമേ ഇക്കാര്യത്തിൽ പാർട്ടി എന്തെങ്കിലും നിലപാടുകൾ എടുക്കുകയുള്ളൂ. വിസ്തൃതിയും ജനസാന്ദ്രതയും ഏറെയുള്ള ജില്ലയാണ് മലപ്പുറം. മുസ്ലിം ലീഗിനെതിരെ സംഘടിത നീക്കം നടക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വസ്തുതാ രഹിതമായ ആരോപണങ്ങൾ വരുന്നത്. ഇതു കണ്ടൊന്നും പേടിക്കുന്ന പാർട്ടിയല്ല് മുസ്ലിം ലീഗ്. ഈ കാപട്യത്തിന്റെ മുഖം മൂടികളെല്ലാം അഴിഞ്ഞു വീഴും. മുസ്ലിം ലീഗ് ശക്തമായി മുന്നോട്ടു പോകുകയും ചെയ്യും.