ജിദ്ദ: യാത്രക്കാർക്ക് കുറഞ്ഞ ചെലവിലും മികച്ച സൗകര്യത്തിലും ഇ-ടിക്കറ്റിങ് സംവിധാനം നിലവിൽ വന്നതോടെ രാജ്യത്തെ പകുതിയോളം ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടലിന്റെ വക്കത്തെന്ന് റിപ്പോർട്ടുകൾ. വിമാനടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗും പൂർണമായും ഓൺലൈൻ വഴിയായതോടെ പെരുവഴിയിലായിരിക്കുന്നത് ട്രാവൽ എജൻസികളാണ്.

വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും കുറഞ്ഞ ചെലവിലും മികച്ച സൗകര്യത്തിലും ബുക്കിങ് നടത്താൻ പറ്റുമെന്നതാണ് ഇ-ടിക്കറ്റിങ് മൂലമുള്ള ഏറ്റവും വലിയ മെച്ചം.
ട്രാവൽ ഏജൻസികളുടെ സഹായമില്ലാതെ നേരിട്ട് നടത്തുന്ന ഈ സർവീസ് മൂലം കമ്പനികൾക്കും വരുമാനം മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 80 ശതമാനത്തോളം ടൂറിസ്റ്റുകൾ ഇ-ടിക്കറ്റിങ് സേവനത്തിലേക്ക് പൂർണമായും മാറുമെന്നും ഇത് രാജ്യത്തുള്ള അമ്പതു ശതമാനത്തോളം ട്രാവൽ ഏജൻസികൾക്ക് താഴുവീഴാൻ കാരണമാകുമെന്നും നാഷണൽ കമ്മിറ്റി ഫോർ ടൂറിസം വക്താവ് മുഹമ്മദ് അൽ മാജൽ വ്യക്തമാക്കി.

ഇ-ടിക്കറ്റിങ് ഒട്ടേറെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഏറെ സൗകര്യപ്രദമായ ഈ സംവിധാനം കൂടുതൽ പേർ ഉപയോഗപ്പെടുത്തി വരികയാണ് ഇപ്പോൾ.