അബൂദബി: ജി.സി.സി രാജ്യങ്ങളിലെ വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് യു.എ.ഇ സന്ദർശിക്കാൻ വെള്ളിയാഴ്ച മുതൽ ഇ-വിസ നിർബന്ധമാക്കി. വിമാനത്താവളങ്ങളിലെയും അതിർത്തി ചെക്‌പോസ്റ്റുകളിലെയും നീണ്ട ക്യൂ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

റോഡ് മാർഗം യു.എ.ഇയിലേക്ക് പ്രവേശിക്കുന്നവരടക്കം എല്ലാവർക്കും വെള്ളിയാഴ്ച മുതൽ ഇ-വിസ നിർബന്ധമാണ്. ഇതിന്റെ ഭാഗമായി ഏപ്രിൽ 29 മുതൽ വിമാന യാത്രക്കാർക്ക് വിസ ഓൺ അറൈവൽ സംവിധാനം അനുവദിച്ചിരുന്നില്ല. നേരത്തെ ജി.സി.സിയിൽ ചില പ്രത്യേക തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് യു.എ.ഇയിലേക്ക് വിസ ആവശ്യമായിരുന്നില്ല.

പാസ്‌പോർട്ട് ഉപയോഗിച്ച് മാത്രം അവർക്ക് അതിർത്തി കടന്ന് യാത്ര ചെയ്യാമായിരുന്നു. ഈ സൗകര്യം കൂടി ഇതോടെ ഇല്ലാതാവുകയാണ്.അതേസമയം, 46 രാജ്യങ്ങളിലെ യാത്രക്കാർക്ക് തുടർന്നും വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗപ്പെടുത്താം. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും ദക്ഷിണ കൊറിയ, മലേഷ്യ, ജപ്പാൻ, ബ്രൂണെ എന്നീ ഏഷ്യൻ രാജ്യങ്ങളും വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗപ്പെടുത്താവുന്നവയിൽ ഉൾപ്പെടും.

ഇ-വിസ സംവിധാനം ഏർപ്പെടുത്തിയതായി വിവിധ അതിർത്തി ചെക്‌പോസ്റ്റുകളിൽ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിസ ഓൺ അറൈവൽ സംവിധാനം നിർത്തിയെന്നും ഇ-വിസ നിർബന്ധമാണെന്നുമാണ് ബോർഡുകളിലെ അറിയിപ്പ്. ഒമാൻ-യു.എ.ഇ അതിർത്തിയായ ഹത്തയിൽ ഇപ്രകാരം ബോർഡ് സ്ഥാപിച്ചതിന് ശേഷം വിസ ഓൺ അറൈവൽ സംവിധാനത്തിൽ ആരെയും കടത്തിവിട്ടിരുന്നില്ല. എന്നാൽ, ഈദുൽ ഫിത്തർ അവധിക്കാലത്ത് ഇളവ് നൽകി ഇ-വിസയില്ലാത്തവരെയും കടത്തിവിട്ടു.

വിസ അപേക്ഷ അംഗീകരിച്ചാൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിൽ ഇ-വിസ അയക്കും. വിഷ ഇഷ്യു ചെയ്ത് 30 ദിവസത്തിനകം യാത്ര നടത്തിയിരിക്കണം.30 ദിവസമാണ് യു.എ.ഇയിൽ തങ്ങാവുന്ന കാലാവധി. അപേക്ഷ സമർപ്പിച്ച് കാലാവധി ദീർഘിപ്പിക്കാൻ അവസരമുണ്ട്്. വിസ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തൊഴിൽ മാറിയാൽ ഇഷ്യു ചെയ്ത വിസയിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ജി.സി.സി രാജ്യത്തെ താമസ പെർമിറ്റിൽ മൂന്ന് മാസത്തെ കാലാവധിയും പാസ്‌പോർട്ടിൽ ആറ് മാസത്തെ കാലാവധിയുമുണ്ടായിരിക്കണം.