മസ്‌കത്ത്: ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് ഹത്ത അതിർത്തി വഴി യുഎഇയിലേക്ക് പോണമെങ്കിൽ ഇനി മുതൽ ഇ വിസ നിർബന്ധമാക്കി. ജൂൺ 15 മുതലാണ് നിയമം കർക്കശമാക്കിയത്. വിസ ഓൺ അറൈവൽ സംവിധാനം നിർത്തലാക്കിയതായും ഇ-വിസ നിർബന്ധമാണെന്നും കാണിച്ച് ഹത്ത അതിർത്തിയിൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫെയേഴ്‌സ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

അതേസമയം, അബൂദബിയുടെ കീഴിലുള്ള മറ്റ് അതിർത്തികളിൽ നിയമം കർക്കശമാക്കിയി ട്ടുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തമല്ല. കഴിഞ്ഞ ഏപ്രിൽ 29 മുതൽ ഇ-വിസ സംവിധാനം നിർബന്ധമാക്കിയിരുന്നെങ്കിലും റോഡ് അതിർത്തികളിൽ കർക്കശമാക്കിയിരുന്നില്ല. ഇ-വിസയില്ലാത്തവർക്കും വിസ അടിച്ചുനൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരെയാണ് ഹത്ത അതിർത്തിയിൽനിന്ന് വിസയില്ലാത്തതിനാൽ തിരിച്ചയച്ചത്.

വിമാനമാർഗം യാത്ര ചെയ്യുന്നവർക്ക് ഇ-വിസ നിർബന്ധമാണെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇ-വിസ കൈയിൽ ഇല്ലാത്തവരെ വിമാനം കയറാൻ അനുവദിക്കുന്നില്ല. റോഡ് മാർഗം യാത്രചെയ്യുന്നവർക്കും ഇ-വിസ നിർബന്ധമാണെന്ന് ഏപ്രിൽ അവസാനം യു.എ.ഇ അധികൃതർ അറിയിച്ചിരുന്നെങ്കിലും ഹത്തയടക്കം ചെക്‌പോസ്റ്റുകളിൽ നിയമം കർക്കശമാക്കിയിരുന്നില്ല. വിമാനത്താവളങ്ങളിലെയും അതിർത്തികളിലെയും വിസ അടിക്കാനുള്ള തിരക്കും ക്യൂവും ഒഴിവാക്കുകയാണ് ഇ-വിസ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ, യു.എ.ഇയുമായി കരാറുള്ള 46 രാജ്യങ്ങൾക്ക് ഈ നിയമം ബാധകമല്ല.

ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർ ഇതിൽ ഉൾപ്പെടും. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസാ സൗകര്യമോ ഓൺ അറൈവൽ വിസ സൗകര്യമോ ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.