മനാമ:  ബലിപ്പെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും വിരമിച്ച ജീവനക്കാർക്കുള്ള പെൻഷനും മുൻകൂട്ടി നൽകണമെന്ന് ബഹ്‌റിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശിച്ചു. ബലിപ്പെരുന്നാളിന് ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ശമ്പളം മുൻകൂട്ടി നൽകാൻ നടപടി സ്വീകരിക്കുന്നത്.

സപ്തംബർ 21ന് മുമ്പായി ശമ്പളം നൽകിയിരിക്കണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ഈദ് അൽ അസ്ഹ തുടങ്ങുന്നതിനു മുമ്പ് ശമ്പളം നൽകുന്നതിന് അതാത് വകുപ്പുകൾ നടപടി സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉത്തരവ് നടപ്പാക്കുമെന്ന് ധനകാര്യ മന്ത്രാലയവും സിവിൽ സർവ്വീസ് ബ്യൂറോയും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് വിഭാഗവും അറിയിച്ചു.