ആങ്കറേജ് (യുഎസ്): ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനവും സുനാമിയും ഉണ്ടായതിന് പിന്നാലെ അമേരിക്കയിലും ഭൂകമ്പ ഭീഷണി. വെള്ളിയാഴ്‌ച്ച വൈകിട്ടാണ് അമേരിക്കയെ വിറപ്പിച്ച ഭൂചലനമുണ്ടായത്. അലസ്‌കയിലുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയെന്നാണ് വിവരം. ഇതിന് പിന്നാലെ അലാസ്‌കയ്ക്ക് സമീപമുള്ള തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അലാസ്‌കയുടെ തെക്ക്ഭാഗത്തുള്ള കീനായ് പെനിൻസുലയിലെ തീരമേഖലയിലാണു സൂനാമി മുന്നറിയിപ്പു നൽകിയിരിക്കുന്നതെന്ന് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷൻ (എൻഒഎഎ) അറിയിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണു അലാസ്‌കയിൽ ഭൂകമ്പമുണ്ടായത്. എന്നാൽ തീരപ്രദേശങ്ങളിൽ നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചതായും സൂചനയുണ്ട്. സംഭവത്തിൽ ആർക്കെങ്കിലും മരണം സംഭവിച്ചതായോ പരുക്കേറ്റതായോ റിപ്പോർട്ട് വന്നിട്ടില്ല. ഭൂകമ്പത്തിന് പിന്നാലെ ആളുകൾക്ക് ധൈര്യം പകർന്ന് അമേരിക്കൻ പ്രസിഡൻര് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

 7.2 തീവ്രതയുള്ള ഭൂകമ്പമാണുണ്ടായതെന്നാണ് യുഎസ് നാഷനൽ വെതർ സർവീസിന്റെ റിപ്പോർട്ട് . എന്നാൽ യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നത് 6.7 എന്നും. വെള്ളിയാഴ്‌ച്ച രാത്രിയുണ്ടായ ഭൂചലനത്തിന് ശേഷം പലരും തിരികെ കെട്ടിടങ്ങളിലേക്കു കയറി. എന്നാൽ തുടർന്നും ചെറുചലനമുണ്ടായതോടെ നാട്ടുകാർ കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

ആദ്യ ഭൂചലനത്തിന് പിന്നാലെ അലാസ്‌കയിലുള്ള നാലിടത്ത് തുടർ ചലനങ്ങളുണ്ടായി. അലാസ്‌കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിലായിരുന്നു ഏറ്റവും തീവ്രത അനുഭവപ്പെട്ടത്- 5.8.

ആങ്കറേജിൽ നിന്നു 12 കി.മീ. മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ആർക്കും പരുക്കേറ്റതായി നിലവിൽ റിപ്പോർട്ടുകളില്ല. എന്നാൽ വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

യുഎസിലെയും വടക്കേ അമേരിക്കയിലെയും മറ്റു തീരമേഖലയിൽ സൂനാമി സംബന്ധിച്ച മുന്നറിയിപ്പു നൽകണമോയെന്ന കാര്യം പരിശോധിച്ചു വരികയാണ്. നിലവിൽ ഹവായ് ദ്വീപുകളിലും പസഫിക് മേഖലയിലും സൂനാമി ഭീഷണിയില്ലെന്നും യുഎസിലെ സൂനാമി മുന്നറിയിപ്പു സംവിധാനവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന ബുള്ളറ്റിൻ വ്യക്തമാക്കി.

എന്നാൽ ശക്തമായ ഭൂചലനമാണ് അലാസ്‌കയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. പലരും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. വാർത്താ ചാനലുകളുടെ പ്രവർത്തനം ഉൾപ്പെടെ തടസ്സപ്പെട്ടു. പലയിടത്തും റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും ചുമരുകളിലും വിള്ളലുകളുണ്ട്. പാലങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. വൈദ്യുതി സംവിധാനങ്ങളും പലയിടത്തും തകരാറിലായി. മരങ്ങളും റോഡുകളിലേക്കു വീണു.