സൂര്യനിൽ നിന്നുമുള്ള ആപത്കരമായ കിരണങ്ങളെ തടഞ്ഞ് നിർത്തി ഭൂമിയിലെ ജീവജാലങ്ങളെയും അപകടത്തിൽ നിന്നും സംരക്ഷിക്കുന്നത് ഭൂമിയെ പൊതിഞ്ഞ് നിലകൊള്ളുന്ന കാന്തികവലയമാണെന്നറിയാമല്ലോ. എന്നാൽ ഈ കാന്തിക വലയം അനുനിമിഷം ദുർബലമാകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാര്യങ്ങൾ ഇത്തരത്തിലാണ് മുന്നോട്ട് നീങ്ങുന്നതെങ്കിൽ സൂര്യകിരണങ്ങളിൽ നിന്ന് പോലും രക്ഷയില്ലാത്ത കാലം വളരെയടുത്തെത്തിയിരിക്കുന്നു. അതായത് ഭൂമിയിലെ വരുംതലമുറ ഇവിടെ അതിജീവിക്കുമോയെന്ന കാര്യത്തിൽ പോലും വലിയ ഉറപ്പൊന്നുമില്ലെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്.

യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സ്വാം സാറ്റലൈറ്റാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ നടത്തി ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലം സാവധാനം ക്ഷയിക്കുകയാണെന്നും ഇതിലൂടെ ആപത്കരമായ സൗരക്കാറ്റുകൾ ഇവിടുത്തെ അന്തരീക്ഷത്തെ ക്ഷയിപ്പിക്കുമെന്നുമാണ് സ്വാം മിഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാഗ്‌നെറ്റോസ്ഫിയറിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാം മിഷൻ പ്രവർത്തിക്കുന്നത്.ഒരു വർഷം ഓർബിറ്റിൽ ചെലവഴിച്ച ഈ ഉപഗ്രഹം ഇപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം കണ്ടെത്തിയിരിക്കുന്നത്.

ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗിൽ ഇന്നലെയാരംഭിച്ച് ജൂലൈ രണ്ട് വരെ നടക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോഡ്‌സി ആൻഡ് ജിയോഫിസിക്‌സിന്റെ ജനറൽ അസംബ്ലിയിൽ വച്ച് സ്വാമിന്റെ ഇതു സംബന്ധിച്ച പ്രാഥമിക കണ്ടെത്തലുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഭൂമിയുടെ കോർ, ക്രസ്റ്റ്, മാൻഡിൽ, സമുദ്രങ്ങൾ, അയണോസ്ഫിയർ, മാഗ്‌നെറ്റോസ്ഫിയർ എന്നിവിടങ്ങളിൽ നിന്നുള്ള മാഗ്‌നെററിക് സിഗ്‌നലുകളെ നിർണയിക്കുകയും അവയുടെ പുറകിലുള്ള സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുകയുമാണ് സ്വാമിന്റെ ദൗത്യം. സ്വാം മിഷനിൽ മൂന്ന് സാറ്റലൈറ്റുകളാണ് ഉൾപ്പെടുന്നത്.