ഭൂകമ്പത്തെ പേടിസ്വപ്നമായി കരുതുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം രംഗത്തെത്തി. ഇതനുസരിച്ച് അടുത്ത വർഷം ചുരുങ്ങിയത് 20 വമ്പൻ ഭൂകമ്പങ്ങളെങ്കിലും ഉണ്ടായേക്കുമെന്നാണ് അവർ കണ്ടെത്തിയിരിക്കുന്നത്. ഭൂമി കറങ്ങുന്നതിന്റെ വേഗത കുറയുന്നതാണ് ഇതിന് കാരണമെന്നും അവർ മുന്നറിയിപ്പേകുന്നു. ഭൂമി കറങ്ങുന്നതിന്റെ വേഗത കുറയുന്നതിനനുസരിച്ച് ദുരന്തങ്ങളും പെരുകുമെന്നാണ് അവർ കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ശാസ്ത്രലോകത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ കടുത്ത ആശങ്കയാണുയർത്തുന്നത്.

ഭൂമി കറങ്ങുന്ന വേഗതയിൽ ചെറിയ വ്യത്യാസമാണുണ്ടാകുന്നത്. ഇത് കാരണം ദിവസത്തിന്റെ ദൈർഘ്യത്തിൽ മില്ലി സെക്കൻഡ് തോതിൽ കൂടുതലോ കുറവോ ഉണ്ടാകുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയ കാര്യമാണ്. എന്നാൽ ഇത് മൂലം വിനാശകരങ്ങളായ പ്രത്യാഘാതങ്ങളും ഭൂമിയെ കാത്തിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതോടെ വിനാശകാരികളായ ഭൂകമ്പങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്. ബൗൽഡറിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിലെ റോഗർ ബിൽഹാമും മിസൗലയിലെ യുണിവേഴ്സിറ്റി ഓഫ് മോൺടാനയിലെ റെബേക്കബെൻഡിക്കുമാണ് പുതിയ കണ്ടെത്തലിന് നേതൃത്വം നൽകിയിരിക്കുന്നത്.

ഏഴ് മാഗ്‌നിറ്റിയൂഡിന് മുകളിലുള്ളതും 1900ത്തിന് ശേഷം ഉണ്ടായതുമായ പ്രധാനപ്പെട്ട ഭൂകമ്പങ്ങളെ നിരീക്ഷിച്ചതിലൂടെയാണ് അവർ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. 20ാം നൂറ്റാണ്ട് അവസാനിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷമുണ്ടായതും 7.0 മാഗ്‌നിറ്റിയൂഡിന് മുകളിലുള്ളതുമായ ഭൂകമ്പങ്ങളെല്ലാം സംഭവിച്ചത് ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറഞ്ഞപ്പോഴാണെന്ന് അവർ കണ്ടെത്തിയിരിക്കുന്നു. ഈ കാലത്ത് വർഷത്തിൽ 25 മുതൽ 30 ഭൂകമ്പങ്ങൾ വരെ ഉണ്ടായിരുന്നുവെന്നും ബിൽഹാം വെളിപ്പെടുത്തുന്നു. തുടർന്നുള്ള കാലത്ത് വർഷത്തിൽ ശരാശരി 15 ഭൂകമ്പങ്ങളാണുണ്ടായിരുന്നത്.

2018ൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതിനെ തുടർന്ന് മാഗ്‌നിറ്റിയൂഡ് ആറിലുള്ള ഏഴോ അതിലധികമോ ഭൂകമ്പങ്ങളുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ വ്യത്യസ്ത മാഗ്‌നിറ്റിയൂഡിലുള്ള മറ്റ് നിരവധി ഭൂകമ്പങ്ങളും അടുത്ത വർഷമുണ്ടാകും. ഭൂമിയുടെ കറക്കവും ഭൂകമ്പപ്രവർത്തനവും തമ്മിലുള്ള കോറിലേഷൻ ശക്തമാണെന്നും ഇതാണ് ഭൂകമ്പങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും പഠനസംഘം കണ്ടെത്തിയിരിക്കുന്നു. വേഗത കുറയുമ്പോൾ ഭൂകമ്പം വർധിക്കുന്നതിന്റെ യഥാർത്ഥ കാരണം കൃത്യമായി ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ കറക്കത്തിന്റെ വേഗത കുറയുന്നത് ഇത് ഭൂമിയുടെ കാമ്പിൽ മാറ്റങ്ങൾ വരുത്തുകയും ഇത് ഉപരിതലത്തെ ബാധിക്കുകയുംചെയ്യുന്നതിനാലാണ് ഭൂകമ്പം വർധിക്കുന്നതെന്നാണ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്.