ടുത്ത പത്ത് വർഷത്തിനുള്ളിൽ എത്ര വട്ടം പ്രമോഷൻ ലഭിക്കും...? അതിലൂടെ എത്ര പണം കൂടുതലായി ലഭിക്കും..? മകന് സ്ത്രീധനമായി ലംബോർഗിനി കാർ ലഭിക്കുമോ...? തുടങ്ങിയ കണക്കുകൂട്ടലുകളുമായായിരിക്കും പലരും ഇന്ന് ജീവിക്കുന്നത്. എന്നാൽ പത്ത് വർഷത്തെ കാര്യമവിടെ നിൽക്കട്ടെ നാളെക്കഴിഞ്ഞ് ഭൂമിയുണ്ടാവുന്ന കാര്യത്തിൽ തന്നെ കടുത്ത ആശങ്കയാണുള്ളതെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്.

അതായത് ഭീമാകാരനായ ഒരു ഉൽക്കകളിടിച്ച് ഭൂമി തകരാനുള്ള സാധ്യതയേറെയാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അത് സംബന്ധിച്ച മുന്നറിയിപ്പുകൾ അവർ പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഉൽക്ക ഭൂമിയിൽ വന്നിടിച്ചാൽ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ചിത്രീകരിക്കുന്ന ഒരു വീഡിയോ അടുത്തിടെ ഡിസ്‌കവറി ചാനൽ പുറത്തിറക്കിയിരുന്നു. ഒരു കമ്പ്യൂട്ടർ ജനറേറ്റഡ് വീഡിയോ ആണിത്. ഭീമാകാരനായ ഉൽക്ക ഭൂമിയിൽ വന്നിടിച്ചാൽ എന്തൊക്കെ ദുരന്തങ്ങളാണിവിടെ സംഭവിക്കുകയെന്നതിന്റെ സങ്കൽപ ചിത്രീകരണമാണ് അതിനനുസൃതമായ സംഗീതത്തിന്റെയും എഫക്ട്‌സുകളുടെയും അകമ്പടിയോടെ ഇതിൽ നിർവഹിച്ചിരിക്കുന്നത്.

ഇതിനെത്തുടർന്ന് ഭൂമി ഒരു അഗ്‌നിഗോളമായിത്തീരുകയും എല്ലാ വിധ ജീവജാലങ്ങളും തുടച്ച് നീക്കപ്പെടുകയും ചെയ്യുമെന്നും ഈ വീഡിയോ സമർത്ഥിക്കുന്നുണ്ട്.ഭാവിയിൽ ഏത് സമയവും ഭൂമി അഭിമുഖീകരിച്ചേക്കാവുന്ന മഹാദുരന്തമാണിതെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്. ഭൂമിയുടെ ഒരു മൈൽ അകലത്ത് കൂടി ഇത്തരത്തിലുള്ള ഉൽക്ക കടന്ന് പോയാൽ പോലും ഒരു ഭൂഖണ്ഡത്തെ അപ്പാടെ നശിപ്പിക്കാൻ അതിനാകുമെന്നും നിരവധി ആറ്റംബോംബുകൾ പൊട്ടുന്നതിന് തുല്യമായ ശക്തി ഇതിനുണ്ടായിരിക്കുമെന്നും കടലുകളിൽ ഇതിന്റെ ഫലമായി സുനാമിയുണ്ടാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.ഭൂമിയുടെ അഞ്ച് മൈലുകൾക്കപ്പുറത്ത് കൂടിയോ അതിലും ദൂരത്ത് കൂടിയോ ഭീമൻ ഉൽക്ക പാഞ്ഞ് പോയാൽ പോലും ഭൂമിയിൽ വൻ ചലനങ്ങളുണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് 640 മീറ്റർനീളമുള്ള സ്പൂക്കി എന്നറിയപ്പെടുന്ന ഒരു ഉൽക്ക ഭൂമിയുടെ മൂന്ന് ലക്ഷം മൈലുകൾക്കപ്പുറത്ത് കൂടെ അതിവേഗതയിൽ പാഞ്ഞ് പോയത്. എന്നാൽ ഇതിനെക്കുറിച്ച് ചുരുക്കം ചില വിവരങ്ങൾ അവസാന നിമിഷം മാത്രമാണ് ചില സ്‌പേസ് ഏജൻസികൾക്ക് ലഭ്യമായത്. ഇത്തരം ഉൽക്കകളെക്കുറിച്ച് മുൻകൂട്ടി അറിയുന്നതിനും അതിനനുസൃതമായി മുൻകരുതലെടുക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ വളരെ അപര്യാപ്തമാണിതെന്നാണ് ഈ സംഭവം നമുക്ക് തരുന്ന മുന്നറിയിപ്പ്. അതിനാൽ ഇത്തരം ഉൽക്കയിടിച്ചുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ഭൂമി രക്ഷപ്പെടുകയെന്നത് നിലവിലെ സാഹചര്യത്തിൽ വളരെ പ്രയാസമുള്ള കാര്യമാണെന്നാണ് പറഞ്ഞ് വരുന്നത്.

ഭൂമിക്ക് തൊട്ടു തൊട്ടിലെന്ന മട്ടിൽ ഇത്തരത്തിൽ കടന്ന് പോകുന്ന ആസ്‌ട്രോയ്ഡുകളെക്കുറിച്ച് മനസിലാക്കാൻ നാം കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നുവെന്നും ഇതിനുള്ള സാങ്കേതികതകൾ ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ജൂണിലെ വേൾഡ് ആസ്‌ട്രോയിഡ് ഡേയോടനുബന്ധിച്ച് മുന്നറിയിപ്പുകളുയർന്നിരുന്നത്. സോളാർ സിസ്റ്റത്തിലെ 98 ശതമാനം ആസ്‌ട്രോയിഡുകളുടെയും സ്ഥാനവും ചലനഗതിയും ഇന്നും ഫലപ്രദമായും കൃത്യമായും മനസിലാക്കാൻ നമുക്ക് സാധിക്കുന്നില്ലയെന്നത് ഭൂമിക്ക് കടുത്ത ഭീഷണിയാണുയർത്തുന്നത്. ഭൂമിക്ക് നേരെ കുതിച്ച് വരുന്ന ഇത്തരം ഭീമൻ ഉൽക്കളെ വഴിതിരിച്ച് വിടുന്നതിനുള്ള യാതൊരു വിധ പരീക്ഷണങ്ങളും ഇനിയും നടത്താനായിട്ടില്ലെന്നത് ഭീതിയുണർത്തുന്ന കാര്യമാണ്. 2013 ഒക്ടോബറിൽ ഒരു ഉൽക്ക റഷ്യയിലെ ചെല്യബിൻസ്‌കിലൂടെ വെറും 10 മീറ്റർ ഉയരത്തിലൂടെ പാഞ്ഞ് പോയതിനെ തുടർന്ന് നൂറ് കണക്കിന് പേർക്കാണ് പരുക്കേറ്റിരുന്നത്.