റോം: സെൻട്രൽ ഇറ്റലിയിൽ റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 73 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഭൂചലനത്തിൽ നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. പരക്കെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. മരണ നിരക്ക് ഇനിയും വർധിച്ചേക്കാമെന്ന് ആശങ്കയുണ്ട്.

നോർസിയ ടൗണിലാണ് പുലർച്ചെ 3.36ന് ആദ്യത്തെ ഭൂചലനം ഉണ്ടായത്. ഒരു മണിക്കൂറിന് ശേഷം 5.4 തീവ്രതയിൽ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായി. റീറ്റി പ്രൊവിൻസിലെ ചില പട്ടണങ്ങളിൽ ഏറെ കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് അമാട്രീസ് മേയർ വെളിപ്പെടുത്തി. പട്ടണത്തിന്റെ പകുതിയോളം നശിച്ചു.

പുലർച്ചെയാണ് ഭൂകമ്പം ഉണ്ടായതിനാൽ വീടുകൾ തകർന്ന് അതിനുള്ളിൽ കുടുങ്ങിയവർ ഏറെയാണ്. കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവരുടെ അവസ്ഥ പൂർണമായും വ്യക്തമായിട്ടില്ല. 20 സെക്കൻഡ് നീണ്ടു നിന്ന ഭൂചലനത്തിന്റെ അലയൊലികൾ റോമിലും അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് പരിഭ്രാന്തരായവർ വീടുകൾ വിട്ട് പുറത്തിറങ്ങി കൂട്ടംകൂട്ടമായി നിൽക്കുന്നത് കാണാമായിരുന്നു. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

നോർസിയ പട്ടണത്തിന്റെ തെക്ക് കിഴക്കു പത്തു കിലോമീറ്റർ മാറിയാണ് ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. പ്രഭവസ്ഥാനത്തു നിന്ന് 150 കിലോമീറ്റർ ദൂരെയും ഇതിന്റെ പ്രകമ്പനങ്ങൾ പ്രകടമായിരുന്നു. മുമ്പ് 2009 ഏപ്രിൽ ആറിന് ലാ അക്വില സിറ്റിക്കടുത്ത് 6.3 തീവ്രതയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിൽ മുന്നൂറിലേറെ പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.