പോർട്ട് ഓഫ് പ്രിൻസ്: ഹെയ്ത്തിയിൽ വൻ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തി. ആളപായത്തെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമായിട്ടില്ല. ഭൂകമ്പത്തെ തുടർന്ന് ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

പ്രാദേശിക സമയം വൈകുന്നേരം 5.59ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഹെയ്ത്തിയിലെ പോർട്ട് ഓഫ് പ്രിൻസിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്ക് വൻ കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

അമേരിക്കയിലെ അലാസ്‌കയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. വൈകുന്നേരം 5.27നാണ് ഇവിടെ ഭൂചലനം അനുഭവപ്പെട്ടത്. അലാസ്‌കൻ മുനമ്പിൽ രണ്ടാഴ്ച മുൻപുണ്ടായ ഭൂകമ്പങ്ങളെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

2010ൽ ഹെയ്ത്തിയിലുണ്ടായ വൻ ഭൂകമ്പം വലിയ ആൾനാശം വിതച്ചിരുന്നു. 200,000പേരാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്. അന്ന് ഭൂകമ്പം നടന്ന പോർട്ട് ഓഫ് പ്രിൻസിൽ തന്നെയാണ് വീണ്ടും ഭൂകമ്പം സംഭവിച്ചിരിക്കുന്നത്.