ഒക്ലഹോമ: ഒക്ലഹോമയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ പരക്കെ നാശനഷ്ടം രേഖപ്പെടുത്തി. റിക്ചർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആറ് സംസ്ഥാനങ്ങൾ കൂടി വിറച്ചു. തുടർന്ന് ഒക്ലഹോമയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഗവർണർ മേരി ഫാളിൻ ഉത്തരവായി. കൂടാതെ ഭൂചലനങ്ങൾക്ക് കാരണമായേക്കാമെന്ന് സംശയിക്കുന്ന 35 ഡിസ്‌പോസൽ കിണറുകൾ മൂടാൻ ഒക്ലഹോമ കോർപറേഷൻ കമ്മീഷൻ ഉത്തവിട്ടിട്ടുണ്ട്.

മലിനജലം ഒഴുക്കിക്കളയുന്ന ഇത്തരം ഡിസ്‌പോസൽ കിണറുകൾ ഭൂമിക്കടിയിലേക്ക് കൂടുതൽ സമ്മർദം ചെലുത്തുന്നതിനാൽ ഇവ ഭൂകമ്പങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്ന് സംശയത്തിന് ഇടനൽകിയിരുന്നു. കൂടാതെ ഈ സംശയം ബലപ്പെടുന്ന തരത്തിൽ ഒട്ടേറെ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞതിനെ തുടർന്ന് ഇക്കാര്യത്തിൽ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഭൂചലനത്തിൽ പതിനാലു കെട്ടിടങ്ങൾക്കു സാരമായ കേടുപാടുകളും ആയിരക്കണക്കിനു വീടുകളിലെ വൈദ്യതിബന്ധം തകരാറിലാകുകയും ചെയ്തു. ആളപായം ഉണ്ടായതായി റിപ്പോർട്ടുകളില്ല.

2011 നവംബറിനുശേഷമാണ് ഇത്രയും ശക്തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്ന് ഗവർണർ ഫാളിൻ പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ദുരിതത്തിലകപ്പെട്ടവർക്ക് യുദ്ധകാല അടിസ്ഥാനത്തിൽ സഹായം എത്തിക്കുന്നതിനാണ്. ഭൂചലനത്തെതുടർന്നു ഓയിൽ വെല്ലുകളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.