- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി കുലുങ്ങിയാലും കുലുക്കമില്ലാത്ത കോൺഗ്രസ് നേതാവ്; സൈബർ ലോകത്ത് താരമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നാണ് മലയാളത്തിലെ പഴംചൊല്ല്. ഇപ്പോൾ സൈബർ ലോകത്തെ കോൺഗ്രസുകാർക്കും വയനാട്ടുകാർക്കും ആ പഴംചൊല്ല് അൽപ്പം മാറ്റിപ്പിടിക്കാം. ഭൂമി കുലുങ്ങിയാലും തങ്ങളുടെ രാഹുൽ കുലുങ്ങില്ലെന്ന്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഭൂചലനം ഉണ്ടായ സമയത്തും കൂളായി ഓൺലൈൻ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഇപ്പോൾ സൈബർ ലോകത്തെ താരം. ഭൂചലനം ഉണ്ടായപ്പോൾ പലയിടങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ട് ഓടി എന്ന വാർത്തകൾ പുറത്ത് വരുമ്പോഴാണ്, 'ഭൂചലനം ആണെന്ന് തോന്നുന്നു എന്റെ മുറി മുഴുവൻ കുലുങ്ങുന്നു' എന്ന് പറഞ്ഞ് ചിരിച്ച് രാഹുൽ ഗാന്ധി സംസാരം തുടർന്നത്.
ചരിത്രകാരനായ ദിപേഷ് ചക്രവർത്തിക്കൊപ്പം ഷിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 'ഭൂചലനം ആണെന്ന് തോന്നുന്നു എന്റെ മുറി മുഴുവൻ കുലുങ്ങുന്നു'-എന്ന് സാധാരണ മട്ടിൽ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു രാഹുൽ. കർഷക സമരത്തിനിടെയുള്ള കേന്ദ്ര സർക്കാറിന്റെ സോഷ്യൽ മിഡിയ സെൻസർഷിപ്പിനെ കുറിച്ചും സോഷ്യൽ മിഡിയ ട്രോളുകളെ കുറിച്ചും ഒരു വിദ്യാർത്ഥി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഭൂചലനത്തെക്കുറിച്ച് പറഞ്ഞതോടെ പരിപാടിയിൽ പങ്കെടുത്തവർ അമ്പരന്നെങ്കിലും രാഹുൽ ഒന്നും സംഭാവിക്കാത്ത രീതിയിൽ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്റെ സംസാരം തുടരുകയായിരുന്നു. രണ്ടു ദിവസത്തെ രാജസ്ഥാൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഓൺലൈൻ സംവാദത്തിൽ പങ്കു ചേർന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രാഡോയും രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സൂപ്പർ കൂൾ പെരുമാറ്റം കാണിച്ച വിഡിയോ പുറത്തു വന്നതോടെ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസൺസ്.
ഉത്തേരന്ത്യയിൽ ഡൽഹിയിലടക്കം വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം. പഞ്ചാബിലെ അമൃത്സർ, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. താജികിസ്താനാണ് പ്രഭവകേന്ദ്രം. അമൃത്സറിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രതയും രാജസ്ഥാനിലെ ആൾവാറിൽ 4.2 തീവ്രതയും രേഖപ്പെടുത്തി. അമൃത്സറിൽ ജനങ്ങൾ വീടുവിട്ട് പുറത്തേക്കോടി. ആളുപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.
ഡൽഹിയിലെ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ കൂടാതെ പാകിസ്താനിലെ ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.
#earthquake @RahulGandhi in between in a live interview when earthquake happened.#earthquake pic.twitter.com/GRp9sxHoMY
- Rohit Yadav (@RohitnVicky) February 12, 2021
മറുനാടന് മലയാളി ബ്യൂറോ