മെൽബൺ: ഇന്നു രാവിലെയുണ്ടായ വൻ ഭൂചലനത്തിൽ സൗത്ത് ഈസ്റ്റ് ക്വീൻസ്ലാൻഡ് പ്രദേശങ്ങളിൽ ജീവിക്കുന്നവർ നടുങ്ങി വിറച്ചു. യിപ്പോൺ, സണ്‌ഷൈൻ കോസ്റ്റ്, ബ്രിസ്ബയ്ൻ, ഗോൾഡ്‌കോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളെയാണ് ഭൂകമ്പം കൂടുതലും ബാധിച്ചത്. ഫ്രേസർ ഐലന്റിൽ നിന്നും നൂറ് കി.മീ മാറി വടക്കൻ ക്വീൻസ് ലാൻഡിലെ 30 കി.മീ താഴ്ചയിലുള്ള സമുദ്രാന്തർ ഭാഗമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജിയോസയൻസ് ഓസ്‌ട്രേലിയ പറഞ്ഞു.

ആദ്യ ഭൂചലനത്തിന് ശേഷം 3.9 മാഗ്‌നിറ്റിയൂട് രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. എന്നാൽ ഓസ്‌ട്രേലിയായിൽ സുനാമി സാധ്യതയില്ലെന്നാണ് മെട്രോളജി ബ്യൂറോ വ്യക്തമാക്കിയത്

രാവിലെ 9.41 നുആരംഭിച്ച ഭൂചലനത്തെ തുടർന്ന് ബണ്ടാബർഗ് നഗരത്തിലെ ചില കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയുണ്ടായി.ഓസ് വൈഡ് ബാങ്കിലെ 150 ജീവനക്കാരെ അവധി നൽകി വീടുകളിലേക്ക് പറഞ്ഞയച്ചു. ഓഫീസിലെ മേശകളും കസേരകളും കുലുങ്ങുന്നതായി ജീവനക്കാർ പരാതിപ്പെട്ടുവെന്നാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബിൽ ഷാഫർ പറഞ്ഞത്.

ഭൂചലനത്തെ തുടർന്ന് ഇഞ്ചിനീയർമാർ ബണ്ടാബർഗ് നഗരത്തിലെ ചില കെട്ടിടങ്ങൾ പരിശോധിച്ചു വരുകയാണ്. ബണ്ടാബർഗ് കൗൺസിൽ ബിൽഡിങ്ങുകളും ചരിത്രപ്രസിദ്ധമായ ആര്ട്ട് ഗാലറിയുമെല്ലാം ഇതിൽ പെടും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിന് ശേഷം ഈ മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് ജിയോസയൻസ് ഓസ്‌ട്രേലിയ പ്രസ്താവിച്ചു.

യാരൂംബായിലെ തന്റെ വാടകക്കെട്ടിടങ്ങളിൽ ഭൂചലത്തിൽവിള്ളലുകൾ വീണതായും കമ്പ്യൂട്ടർ മോണിറ്റർ തകർന്നെന്നും സൺഷൈൻ കോസ്റ്റിലുള്ള പോൾ വിത്സൻ പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ നാശനഷ്ടങ്ങളുടെ കണക്കുകൾ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഓദ്യോഗികമായി അത്തരം ഒരു റിപ്പോർട്ടുകളും ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പൊലീസ് മിനിസ്റ്റെർ ജോ ആൻ  മില്ലെർ പറഞ്ഞു.

ഏതാണ്ട് 15 സെക്കന്റു മുതൽ 2 മിനിറ്റു വരെ ഭൂചലനം നീണ്ടുനിന്നതായുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.