കാലിഫോർണിയയിൽ മൂന്ന് മൈൽ ചുറ്റളവിൽ ഒരാഴ്ച 134 ഭൂകമ്പങ്ങൾ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു.ഇതു കൊണ്ടൊന്നും ദുരന്തം തീരില്ലെന്നും അധികം വൈകാതെ കാലിഫോർണിയയെ കാത്തിരിക്കുന്നത് വമ്പൻ ഭൂകമ്പമാണെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്. മുൻകരുതലായി ഇവിടെ നിന്നും താമസക്കാരെ ഒഴിപ്പിക്കാനുള്ള ആലോചനളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ സാൻ ആൻഡ്രീസ ഫോൾട്ടിലെ മോൺടെറി കൗണ്ടിയിലെ മൂന്ന് മൈൽ ചുറ്റളവിലായിരുന്നു ഒരാഴ്ചക്കിടെ 134 ഭൂകമ്പങ്ങൾ ഉണ്ടായത്.

ഇതിൽ 17 എണ്ണം 2.5 മാഗ്‌നിറ്റിയൂഡിലധികം ശക്തമായിരുന്നു. ഇതിൽ ആറെണ്ണം 3.0ത്തിലുള്ളതായിരുന്നു. വരാനിരിക്കുന്ന ആഴ്ചകളിൽ കൂടുതൽ ശക്തമായ ഭൂമികുലുക്കങ്ങൾ ഉണ്ടാകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇവിടെയുണ്ടായ ഭൂകമ്പങ്ങളിലൊന്ന് 4.6 മാഗ്‌നിറ്റിയൂഡിലുള്ളതായിരുന്നു. 145 കിലോമീറ്റർ അകലെയുള്ള സാൻഫ്രാൻസിസ്‌കോയിൽ വരെ ഇത് അനുഭവപ്പെട്ടിരുന്നു. ഇത് വളരെ കടുത്ത ഭൂകമ്പമായിരുന്നുവെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയിലെ സീസ്‌മോളജിസ്റ്റായ ഓലെ കാവെൻ വെളിപ്പെടുത്തുന്നത്.

എന്നാൽ ഈ ഭൂകമ്പത്തെ തുടർന്ന് ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളൊന്നുമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ കടുത്ത ഭൂകമ്പം കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.31ന് മോൺടെറി കൗണ്ടിയെ പിടിച്ച് കുലുക്കിയിരുന്നു. ഗോൺസാൽസിന് 20 കിലോമീറ്റർ വടക്ക് കിഴക്ക് സാലിനാസിന് സമീപമാണീ പ്രദേശം. കാലിഫോർണിയയിൽ അടുത്ത് തന്നെ കടുത്ത ഭൂകമ്പമുണ്ടാകുമെന്ന സാധ്യതയിലേക്കാണിത് വിരൽ ചൂണ്ടുന്നതെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഇനി ഇവിടെ ' ബിഗ് വൺ' ഗണത്തിലുള്ള ഭൂകമ്പം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ശക്തമായിരിക്കുന്നത്. മാഗ്‌നിറ്റിയൂഡ് 8ലുള്ള ഭൂകമ്പമായിരിക്കുമിത്.

ഇത്തരത്തിൽ ബിഗ് വൺ ഗണത്തിലുള്ള ഭൂകമ്പം സംഭവിച്ചാൽ അത് കടുത്ത നാശനഷ്ടത്തിനായിരിക്കും വഴിയൊരുക്കുക. 80 മുതൽ 160 കിലോമീറ്റർ ചുറ്റളവിൽ വരെ നാശനഷ്ടങ്ങൾ വ്യാപിക്കും. അതായത് പാം സ്പ്രിങ്‌സ്, ലോസ് ഏയ്ജൽസ്, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിൽ ഇതിനെ തുടർന്ന് നാശനഷ്ടമുണ്ടാകും. ഇത്തരത്തിൽ കാലിഫോർണിയ കടുത്ത ഭൂകമ്പ ഭീഷണിയിലാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്നും അതിനെ നേരിടാൻ മുൻകരുതലുകൾ എടുക്കണമെന്നും യുഎസ് ജിയോളൊജിക്കൽ സർവേയിലെ സീസ്‌മോളോജസ്റ്റായ ലൂസി ജോൺസ് മുന്നറിയിപ്പേകുന്നത്.

ബിഗ് വൺ ഭൂകമ്പം ഉണ്ടായാൽ അതിനെ നേരിടുന്നതിനായി ഫെഡറൽ, സ്റ്റേറ്റ് , മിലിട്ടറി ഒഫീഷ്യലുകൾ ഒരുമിച്ചുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഉണ്ടാകുന്ന ഭൂകമ്പത്തിൽ 14,000 പേർ മരിക്കുമെന്നും 30,000 പേർക്ക് പരുക്കേൽക്കുമെന്നുമുള്ള ഉത്കണ്ഠ വർധിച്ചതിനെ തുടർന്നാണിത്. ഇതിനെ തുടർന്ന് ആയിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടപ്പെടുമെന്നും സമ്പദ് വ്യവസ്ഥ വർഷങ്ങൾക്ക് പുറകിലേക്ക് പോവുകയും ചെയ്യുമെന്നുമുള്ള ആശങ്കകളും ശക്തമാണ്.