തുടർച്ചയായുണ്ടായ ഭൂകമ്പങ്ങളിൽ ഭൂമിയുടെ പസഫിക് പ്ലേറ്റിന് വല്ലാതെ ഇളക്കം തട്ടിയെന്ന് ശാസ്ത്രജ്ഞർ. കനത്ത ആൾനാശമുണ്ടാക്കാൻ പോന്ന വമ്പൻ ഭൂകമ്പം എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. അഗ്നിവലയമെന്ന് വിളിക്കപ്പെടുന്ന ഈ മേഖലയിൽ നാല് ഭൂകമ്പങ്ങളാണ് സമീപദിവസങ്ങളിലുണ്ടായത്. ജപ്പാൻ, ഗുവാം, തായ്‌വാൻ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പങ്ങളിൽ അഗ്നിവലയത്തിന് ഉലച്ചിൽ തട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രവും അഗ്നിപർവതങ്ങൾ ഏറെയുള്ളതുമായ മേഖലയാണിത്. ഇപ്പോഴുണ്ടായ ഭൂകമ്പങ്ങൾ വലിയ ഭൂകമ്പത്തിന് മുന്നോടിയായുള്ളതാണെന്ന് ശാസ്ത്രലോകത്തെ ചിലർ വിലയിരുത്തുന്നു. തുടർച്ചയായ ഭൂചലനങ്ങളിൽ ഏറ്റവും അവസാനത്തേത് തായ്‌വാനിൽ ഫെബ്രുവരി ആറിനുണ്ടായതാണ്. 17 പേരാണ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഗുവാവിൽ നാലുതവണയാണ് ഭൂചലനമുണ്ടായത്. ഇതിൽ ഏറ്റവും ശക്തമായ ഭൂചലനം റിക്ടർസ്‌കെയിലിൽ 5.7 രേഖപ്പെടുത്തി.

റിങ് ഓഫ് ഫയർ മേഖലയിൽ ഇത് സ്വാഭാവികമാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുമ്പോഴും ശാസ്ത്രലോകത്തിന് നേരീയ ആശങ്കയുണ്ട്. പസഫിക് പ്ലേറ്റിൽ ഈ ഭൂചലനങ്ങളുണ്ടാക്കുന്ന ആഘാതം എങ്ങനെയാണ് ബാധിക്കുകയെന്ന് വിലയിരുത്താറായിട്ടില്ലെന്ന് ടോക്യോയിലുള്ള ടോക്കായി യൂണിവേഴ്‌സിറ്റിയുടെ എർത്ത്‌ക്വേക്ക് പ്രഡിക്ഷൻ റിസർച്ച് സെന്ററിലെ തോഷിയാസു നഗാവോ പറയുന്നു. എന്നാൽ, ഏതൻസിലെ കോൺകോഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ജാനി ക്രിപ്പർ, മേഖലയിൽ തുടർചലനങ്ങൾ ആഘാതമുണ്ടാക്കിയിട്ടുണ്ടാവാം എന്ന അഭിപ്രായമാണ് പങ്കുവെക്കുന്നത്.

ജനുവരിയിൽ നാല് ഭൂകമ്പങ്ങൾ പസഫിക് റിമ്മിൽ ജനുവരിയിലുണ്ടായി. ഇതിൽ അലാസ്‌കയിലെ കോഡിയാക്കിൽ ഉണ്ടായ ഭൂകമ്പത്തിന് റിക്ടർ സ്‌കെയിലിൽ 7.9 പ്രഹരശേഷിയുണ്ടായിരുന്നു. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇൻഡൊനീഷ്യയിൽ 6.4 ശേഷിയുള്ള മറ്റൊരു ഭൂചലനമുണ്ടായി. ജപ്പാനിലെ കുസാറ്റ്‌സു ഷിരാനെ അഗ്നിപർവതം പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് തൊട്ടുപിന്നാലെയാണ്.

ഫിലീപ്പീൻസിലെ മൗണ്ട് മയൂൺ അഗ്നിപർവതം പൊട്ടിത്തെറിച്ച് 600 മീറ്ററോളം ഉയരത്തിലേക്ക് ലാവ വ്യാപിച്ചതും ജനുവരിയിലാണ്. ഇതേത്തുടർന്ന് 61,000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നിരുന്നു. ഈ സംഭവങ്ങൾക്ക് പരസ്പര ബന്ധമുണ്ടെന്ന് പറയാനാവില്ലെങ്കിലും മേഖലയിൽ ഭൗമാന്തർഭാഗത്തെ പ്രവർത്തനം കൂടിയിട്ടുണ്ടെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നുണ്ട്.

ഫെബ്രുവരി 11-നുശേഷം മൂന്ന്തവണയാണ് ഭൂചലനം ജപ്പാനെ വിറപ്പിച്ചത്. ഹാച്ചിജോയിൽനിന്ന് 103 കിലോമീറ്റർ അകലെയുണ്ടായ ഭൂചലനത്തിന് 4.8 പ്രഹരശേഷിയുള്ളതായിരുന്നു. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂകമ്പം ന്യൂമുറോയിൽനിന്ന് 55 കിലോമീറ്റർ അകലെയുമുണ്ടായി. ടോക്കുനോഷിമയിൽനിന്ന് 103 കിലോമീറ്ററർ അകലെയായിരുന്നു മറ്റൊന്നിന്റെ പ്രഭവകേന്ദ്രം. ഇത് റിക്ടർസ്‌കെയിലിൽ 4.5 പ്രഹരശേഷി രേഖപ്പെടുത്തി.