ലിസ്ഗൂൾട്: വിളവെടുപ്പ് ഉത്സവമായ ഓണം  ഈസ്റ്റ് കോർക്കിലെ മലയാളികൾ ലിസ്ഗൂഡ് കമ്മ്യൂണിറ്റി ഹാളിൽ പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. ഒരുമ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ആഘോഷം അക്ഷരാർഥത്തിൽ സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും പ്രതീകമായി. അത്തപുക്കളം ഇട്ടു തുടങ്ങിയ ആഘോഷം  കായിക മത്സരങ്ങൾക്ക് ഒടുവിൽ തുമ്പിതുള്ളലിൽ എത്തിയതോടെ ആവേശ കൊടുമുടിയിൽ എത്തി. കോലടി, തിരുവാതിര, കലമുടയ്ക്കൽ, വഞ്ചിപാട്ട്, പുലികളി, തുടങ്ങിയ കളികൾ ഭൂതകാലത്തിന്റെ ഓർമ്മ ഉണർത്തുന്നതായി.

ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ മാവേലി മന്നൻ എഴുന്നള്ളിയപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുകമുള്ള കാഴ്ചയായി. ഓരോ വീടുകളിൽ തയാറാക്കി കൊണ്ടുവന്ന സ്വാദിഷ്ടമായ ഭക്ഷണം തൂശനിലയിൽ വിളമ്പിയപ്പോൾ പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും പുതിയ വാതായനങ്ങൾ തുറക്കുകയായിരുന്നു. ഈസ്റ്റ് കോർക്കിലെ ഗായകർ അവതരിപ്പിച്ച  ഗാനമേളയോടുകൂടി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.