യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റർ. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ നാൾവഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയിൽ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റർ. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്. മരണമാണ് അവസാനം എന്ന് ചിന്തിച്ചിരുന്ന ലോകത്തിന്, അതിന് അപ്പുറത്തേക്ക് പ്രത്യാശയുടെയും വിശാലതയുടെയും സാധ്യതകളെക്കുറിച്ച് വിശ്വസംസ്‌കൃതിയെ ബോധ്യപ്പെടുത്തിയ ദൈവിക പദ്ധതിയാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം.

ആദിമ സഭയിലെ വിശ്വാസികൾക്ക് ഈസ്റ്റർ ആനന്ദത്തിന്റെ ഞായറാഴ്ചയായിരുന്നു. ''ക്രിസ്തു ഉയിർത്തെഴുന്നേറ്റു - സത്യം സത്യമായി അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു'' എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെയാണ് ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ ഉപചാരം കൈമാറിയിരുന്നത്.

ആദിമസഭയിലെ പിതാക്കന്മാർ കല്പിച്ചപ്രകാരം അൻപതു ദിനരാത്രങ്ങളുള്ള വലിയനോമ്പിലൂടെയാണ് ഈസ്റ്ററിനെ നാം വരവേൽക്കുന്നത്. വ്രതാനുഷ്ഠാനങ്ങളും യാമപ്രാർത്ഥനകളും സമന്വയിക്കുന്ന ഈ പുണ്യദിനങ്ങൾ പരിസമാപ്തിയിലെത്തുന്നത് ക്രിസ്തുവിന്റെ രക്ഷാകരമായ കഷ്ടാനുഭവങ്ങളിൽ നാം പങ്കാളികളാകുന്നതിലൂടെയാണ്.

ദൈവസന്നിധിയിൽ നമ്മുടെ ജീവിതത്തെ പൂർണ്ണമായി സമർപ്പിക്കുന്ന വിശുദ്ധീകരണത്തിന്റെ പുണ്യദിനങ്ങളാണ് വലിയനോമ്പ്. ക്രിസ്തുവിന്റെ കുരിശിങ്കലേക്കുള്ള പ്രയാണമാണിത്. നോമ്പ്കാലത്ത് പ്രതീകാത്മകമായി ദൈവലയമദ്ധ്യത്തിൽ സ്ഥാപിക്കുന്ന ക്രൂശിനെ പ്രണമിച്ച് പ്രാർത്ഥനയോടെ നാം കുമ്പിടുമ്പോൾ ക്രിസ്തുവിന്റെ പീഡാനുഭവം നമുക്കുവേïിയുള്ളതാണെന്ന് സ്വമനസ്സാലെ നാം ഏറ്റുപറയുകയാണ്.

ഓശാനപെരുന്നാൾ
വിശുദ്ധവാരത്തിലേക്ക് നാം പ്രവേശിക്കുന്നത് ഓശാനപെരുന്നാളിലൂടെയാണ്. ക്രൂശിലേറ്റപ്പെടുന്നതിനുമുമ്പ് ബഥാനിയായിൽനിന്നും ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിനെ ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽവിരിച്ച്; ''ദാവീദിന്റെ പുത്രന് ഓശാന'' എന്ന് നിഷ്‌കളങ്കമായ സമൂഹം പാടിസ്വീകരിക്കുന്ന ചരിത്രാനുഭവമാണ് നാം ഈ പെരുന്നാളിലൂടെ അനുസ്മരിക്കുന്നത്. നിഷ്‌കളങ്കമായ സ്നേഹത്തോടെ ഭക്ത്യാദരപൂർവ്വം പ്രതീകാത്മകമായി കുരുത്തോലകളും പൂക്കളുമായി നാം ക്രിസ്തുവിനെ സ്വീകരിക്കുന്ന സുദിനമാണിത്.

പെസഹാ പെരുന്നാൾ
ഓശാനപ്പെരുന്നാളിനുശേഷം വിശുദ്ധവാരത്തിന്റെ ആദ്യ സന്ധ്യയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്തോട് നാം അടുക്കുകയാണ്. 'പെസഹാ' പെരുന്നാളിലേക്കാണ് നാം പിന്നീട് പ്രവേശിക്കുന്നത്. 'പെസഹാ' എന്ന വാക്കിന്റെ അർത്ഥം 'കടന്നുപോക്ക്' എന്നാണ്. പുറപ്പാട് പുസ്തകം 12- ാം അദ്ധ്യായത്തിൽ 'പെസഹാ'യെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണിത്. മിസ്രേമിലെ അടിമത്തത്തിൽനിന്ന് നമ്മുടെ പൂർവ്വികരെ വാഗ്ദത്ത കാനാനിലേക്ക് നടത്തിയ വീണ്ടെടുപ്പിന്റെ സ്മരണയാണ് പെസഹാ. യഹോവയുടെ ദൂതൻ മിസ്രേമിലേക്ക് പ്രവേശിക്കുമ്പോൾ, മിസ്രേമ്യർക്ക് സംഹാരദൂതനും ഇസ്രേല്യർക്ക് വീണ്ടെടുപ്പിന്റെ ദൂതനുമാണ്. യഹോവയുടെ നിർദ്ദേശം അനുസരിച്ച് കുഞ്ഞാടിനെ അറുത്ത് രക്തമെടുത്ത് വാതിലിന്റെ കുറുംപടിയിലും കട്ടിളക്കാലിലും ഇസ്രയേൽ സമൂഹം പുരട്ടിയപ്പോൾ അവർക്ക് രക്ഷ ലഭിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ രക്തത്താൽ നമ്മുടെ ഭവനങ്ങൾ മുദ്രയിടണം എന്ന സന്ദേശമാണ് സഭാപിതാക്കന്മാർ പെസഹായിലൂടെ നമ്മെ പ്രബോധിപ്പിക്കുന്നത്.

കാൽകഴുകൽ ശുശ്രൂഷ
പെസഹാ പെരുന്നാളിനോട് ചേർന്ന് നടത്തുന്ന ഭക്തിനിർഭരമായ ശുശ്രൂഷയാണ് 'കാൽകഴുകൽ ശുശ്രൂഷ'. കർത്താവിന്റെ കഷ്ടാനുഭവത്തിലും തിരുശരീരരക്തത്തിലും നാം പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ കർത്താവ് നമ്മുടെ കാലുകളെ കഴുകണം. അതിനായി നാം സമർപ്പണത്തോടെ ശുദ്ധീകരണത്തിന്റെ അനുഭവത്തിലേക്ക് കടന്നുവരണം. ജീവിത്തിന്റെ അഹംഭാവം വെടിഞ്ഞ് ദാസനായി സഹോരന്റെ കാൽകഴുകുന്ന കർമ്മമാണ് ഈ ശുശ്രൂഷ. ആത്മീയജീവിത്തിൽ കൂടുതൽ ഒരുക്കമുള്ളവരായിത്തീരുന്ന മഹനീയ കർമ്മമാണിത്.

ദുഃഖവെള്ളിയാഴ്ച
പൗരസ്ത്യ സഭുടെ പാരമ്പര്യപ്രകാരം 'വലിയവെള്ളിയാഴ്ച' പുനരുത്ഥാന പെരുന്നാളിന്റെ ഒരുക്കശുശ്രൂഷയാണ്. മാനവരാശിയുടെ രക്ഷയ്ക്കായി സ്വമനസ്സാലെ പീഡാനുഭവങ്ങൾ സഹിച്ച് കുരിശുമരണത്തിനായി ക്രിസ്തു പ്രവേശിക്കുന്ന നാഴികകൾ അക്ഷരാർദ്ധത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയിൽ നാം അനുസ്മരിക്കുന്നു. ക്രൂശാരോഹണം മുതൽ കബറടക്കംവരെയുള്ള ഭാഗങ്ങൾ ഭക്ത്യാദരപൂർവ്വം അനുസ്മരിക്കുന്ന പ്രാർത്ഥനകളാണ് സുറിയാനി സഭാപിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്നത്.

അറിയിപ്പിന്റെ ശനിയാഴ്ച
ദുഃഖഃവെള്ളിയാഴ്ചയ്ക്ക് ശേഷമുള്ള ദിനം അറിയിപ്പിന്റെ ശനിയാഴ്ചയായി ഗണിക്കുന്നു. ക്രൂശിതനായ ക്രിസ്തു മരിച്ചവരുടെ ഇടയിൽ സുവിശേഷം അറിയിക്കുന്ന സന്ദർഭം അനുസ്മരിപ്പിക്കുന്ന ദിനമാണിത്. മരിച്ചുപോയവരെ പ്രത്യേകമായി അനുസ്മരിക്കുന്ന സമയമാണിത്. പത്രോസ് ശ്ലീഹായുടെ 1- ാം ലേഖനം 3,ർ അദ്ധ്യായങ്ങളിൽ ഈ ഭാഗം വിശദീകരിക്കുന്നു.

ഉയിർപ്പ് പെരുന്നാൾ - ഈസ്റ്റർ

മരണത്തെ ജയിച്ച വീïെണ്ടടുപ്പുകാരനായ ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രത്യാശയുടെ സന്ദേശം നൽകുന്ന സുദിനമാണ്. മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയിർപ്പ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. പീഡാനുഭവങ്ങളെ അതിജീവിച്ച് ഉത്ഥാനത്തിന്റെ സന്ദേശം ലോകത്തിന് പ്രഘോഷണംചെയ്ത പുണ്യദിനമായ ഈസ്റ്റർ നമുക്ക് ഉണർവ്വേകുന്നു. ''ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞാലും എന്റെ വചനങ്ങൾ മാഞ്ഞ് പോകില്ലെന്ന്'' അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

ലോകചരിത്രം ഗതിമാറുന്ന കാഴ്ചയാണ് നാം ഈസ്റ്ററിലൂടെ ദർശിക്കുന്നത്. ''യഹൂദന്മാരുടെ രാജാവ് ക്രിസ്തു'' ആണെന്നവാദം ഉയരാതിരിക്കാനാണ് യഹൂദർ ക്രിസ്തുവിനെ കുരിശിൽ തറച്ചത്. എന്നാൽ അധികാരിയായ പീലാത്തോസ് ക്രിസ്തുവിന്റെ കുരിശിന്മുകളിൽ സ്ഥാപിച്ച ശീർഷകം ''നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ്'' എന്നാണ്. ഇനി ആരും രാജാവെന്ന് വിളിക്കാതിരിക്കാനാണ് ക്രിസ്തുവിനെ ക്രൂശിച്ചത്. ലോകചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന രാജാധിരാജനായി ഉത്ഥിതനായ ക്രിസ്തു ജീവിക്കുന്നു. അസഹിഷ്ണുതയും അസമാധാനവും നിറഞ്ഞ ലോകത്ത് ക്രിസ്തുവിലുള്ള പ്രത്യാശയും സമാധാനവും നമ്മെ വഴിനടത്തുന്നു.

ഏവർക്കും ഈസ്റ്റർ ആശംസകൾ...!

ഡയസ് ഇടിക്കുള (ജന. സെക്രട്ടറി, തിരുവിതാംകൂർ മലയാളി കൗൺസിൽ)