ന്യൂജേഴ്‌സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണർത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളിൽ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്മരണകളുണർത്തിയ ഉയിർപ്പ് തിരുനാൾ സോമർസെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.

ഏപ്രിൽ നാലിന് വൈകിട്ട് ഉയിർപ്പ് തിരുനാളിന്റെ തിരുകർമ്മങ്ങൾക്ക് തുടക്കംകുറിച്ചു. പ്രമുഖ വചന പ്രഘോഷകനും കപ്പൂച്യൻ സഭാംഗവുമായ ഫാ. അലക്‌സ് വാച്ചാപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിലും, ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ, പോട്ട ഡിവൈൻ മേഴ്‌സി ഹീലിങ് സെന്റർ ഡയറക്ടർ ഫാ. തോമസ് സുനിൽ, ഫാ. പീറ്റർ അക്കനത്ത് എന്നിവരുടെ സഹകാർമികത്വത്തിലും ഉയിർപ്പിന്റെ തിരുകർമ്മങ്ങളും ആഘോഷമായ ദിവ്യബലിയും നടത്തപ്പെട്ടു.


കൈകളിൽ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ പോട്ട ഡിവൈൻ മേഴ്‌സി ഹീലിങ് സെന്റർ ഡയറക്ടർ ഫാ. തോമസ് സുനിൽ ഉയിർപ്പ് തിരുനാളിന്റെ സന്ദേശം നൽകി. പീഡാനുഭവങ്ങളെ അതിജീവിച്ച് ഉത്ഥാനത്തിന്റെ സന്ദേശം ലോകത്തിനു പ്രദാനം ചെയ്ത യേശുനാഥൻ എല്ലാ സഹനത്തിനും, ത്യാഗത്തിനും, കഷ്ടപ്പാടുകൾക്കും,  രോഗപീഡകൾക്കും മീതെ നവോത്ഥാനത്തിന്റെ മറ്റൊരു ഏടുകൂടി ഉണ്ടെന്നുള്ള പ്രതീക്ഷയാണ് നമുക്ക് നൽകുന്നതെന്ന് ഓർമ്മിപ്പിച്ചു. പാപങ്ങളെ ഏറ്റുപറഞ്ഞ് കർത്താവിന്റെ തിരുശരീര രക്തങ്ങളെ പ്രാപിച്ച് അവന്റെ കഷ്ടാനുഭവങ്ങളെ ഓർത്ത് ഉയിർപ്പ് ദിനത്തിലൂടെ ഒരു പുതിയ സൃഷ്ടി ആയിത്തീരാൻ ഓർമ്മിപ്പിച്ചു.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേർച്ചകാഴ്ച സമർപ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിർഭരമായ ഗാനങ്ങൾ ഉയിർപ്പ് തിരുനാളിന്റെ ചടങ്ങുകൾ കൂടുതൽ ഭക്തിസാന്ദ്രമാക്കി. 



ഓശാന തിരുനാൾ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള തിരുകർമ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകർമ്മങ്ങളിൽ സഹകരിച്ച എല്ലാ വൈദീകർക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികൾക്കും, ഗായകസംഘത്തിനും ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ, ട്രസ്റ്റിമാരായ  തോമസ് ചെറിയാൻ പടവിൽ, ടോം പെരുമ്പായിൽ, മേരിദാസൻ തോമസ്, മിനേഷ് ജോസഫ് എന്നിവർ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ  ആഘോഷങ്ങൾക്ക് തിരശീല വീണു. വെബ്: www.stthomassyronj.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.