ഷിക്കാഗോ: ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രത്യാശയുടേയും, സ്‌നേഹാനുഭവത്തിന്റേയും ദിനമായ ഈസ്റ്റർ സീറോ മലബാർ കത്തീഡ്രൽ ഇടവക വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ഭക്തിയോടെയും ആഘോഷിച്ചു. ഏപ്രിൽ നാലാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിച്ച തിരുകർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾക്ക് സാക്ഷികളായ വിശ്വാസികളേവർക്കും ഭക്തിനിർഭരമായ പ്രാർത്ഥനകളും, മനോഹരമായ ദൃശ്യാവിഷ്‌കാരവും തങ്ങളുടെ വിശ്വാസത്തെ ബലവത്താക്കുള്ള ഒരു അനുഭവമാക്കി മാറ്റി.

വിശ്വാസരഹസ്യങ്ങളിൽ ഏറ്റവും പ്രധാനമായ പീഡാനുഭവവും കുരിശുമരണവും, ഉത്ഥാനവും ഏറ്റവും ശരിയായ അർത്ഥത്തിൽ മനസിലാക്കി ജീവിക്കുവാൻ രൂപതാധ്യക്ഷൻ ഏവരേയും ആഹ്വാനം ചെയ്തു. പൗരോഹിത്യവർഷവും, കുടുംബവർഷവും ഒന്നിച്ച് ആചരിക്കുന്ന ഈ വേളയിൽ വിളിക്കനുസരിച്ച പ്രാർത്ഥനാജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദാഹരണങ്ങളിലൂടെ മാർ ജേക്കബ് അങ്ങാടിയത്ത് വ്യക്തമാക്കി. കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല മാതൃകകളാകുവാനും പിതാവ് ഏവരേയും ഉത്‌ബോധിപ്പിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ സഹകാർമികനായി. കുട്ടികൾക്കും, യുവജനങ്ങൾക്കുമായി നടന്ന ഇംഗ്ലീഷ് തിരുകർമ്മങ്ങൾക്ക് അസി. വികാരി ഫാ. റോയ് മൂലേച്ചാലിൽ, ഫാ. മൈക്കിൾ ബെഞ്ചമിൻ എന്നിവർ കാർമികരായി.

പീഡാനുഭവവാര തിരുകർമ്മങ്ങളിൽ സജീവമായി പങ്കെടുക്കുകയും, സഹകരിക്കുകയും ചെയ്ത എല്ലാവർക്കും റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.