ന്യൂഡൽഹി: ഞങ്ങളാണ്.. ഞങ്ങളാണ്... ഡൽഹി ഭരിക്കുകയെന്ന് ആം ആദ്മി പാർട്ടിയും ബിജെപിയും തുടർച്ചായി അവകാശവാദമുന്നയിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഇന്ദ്രപ്രസ്ഥം പിടിച്ചെടുക്കാൻ ഇരുപാർട്ടികളും എല്ലാ അടവുകളും പയറ്റിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ ഡൽഹിയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്നാണ് എബിപി ന്യൂസ്‌നിൽസെൻ നടത്തിയ ഒപ്പീനിയൻ പോൾ പ്രവചിച്ചിരിക്കുന്നത്. അതായത് ഡൽഹിയിലെ 70 സീറ്റുകളിൽ 46ഉം നേടി ബിജെപി തലസ്ഥാനസിംഹാസത്തിലേറുമെന്നാണ് ഈ ഒപ്പീനിയൻ പോൾ പറയുന്നത്. 18 സീറ്റ് നേടി ആം ആദ്മി പാർട്ടി രണ്ടാംസ്ഥാനത്തെത്തും. ഗ്രാന്റ് ഓൾഡ് പാർട്ടിയായ കോൺഗ്രസിനെ ഇന്ദ്രപ്രസ്ഥത്തിലും കാത്തിരിക്കുന്നത് കഷ്ടകാലമാണ്. പാർട്ടിക്ക് വെറും അഞ്ച് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമത്രെ.

2013ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഡൽഹിയിൽ 32 സീറ്റുകളാണുണ്ടായിരുന്നത്. ആം ആദ്മിക്ക് 28 സീറ്റുകളും ലഭിച്ചു. ഷീലാദീക്ഷിത്തിന്റെ നേതൃത്ത്വത്തിൽ 15 വർഷം ഡൽഹി ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു. പുതിയ പ്രവചനപ്രകാരം മൊത്തം വോട്ടിന്റെ 38 ശതമാനം ബിജെപിയും 26 ശതമാനം ആം ആദ്മിയും 22 ശതമാനം കോൺഗ്രസും നേടും. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 39 ശതമാനം പേരും ഡൽഹി മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് കെജറിവാളിനെ നിർദേശിച്ചു. ബിജെപി നേതാവ് ഹർഷവർധൻ മുഖ്യമന്ത്രിയാവണമെന്ന് നിർദേശിച്ചിരിക്കുന്നത് 38 ശതമാനം പേരാണ്. കോൺഗ്രസിലെ ഷീലാദീക്ഷിത്ത് മുഖ്യമന്ത്രിയാകണമെന്ന് വെറും ഏഴ് ശതമാനം പേർക്കേ ആഗ്രഹമുള്ളൂ. ബിജെപി നേതാവ് ജഗദീഷ് മുക്തി ഡൽഹി ഭരിക്കണമെന്ന് അഞ്ച് ശതമാനം പേർക്ക് ആഗ്രഹമുണ്ട്. ബിജെപിയുടെ ഡൽഹി പ്രസിഡന്റിനെ മുഖ്യമന്ത്രിയാക്കാൻ നാല് ശതമാനം പേർ പിന്തുണയ്ക്കുന്നുണ്ട്.

ഏകദേശം 61 ശതമാനം പേർ ഈ അഭിപ്രായവോട്ടെടുപ്പിൽ ഭാഗഭാക്കായിരുന്നു. 49 ദിവസം മാത്രമെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ളുവെങ്കിലും കെജറിവാളിന്റെ പ്രകടനത്തിൽ ഭൂരിഭാഗവും സംതൃപ്തരായതിനാലാണ് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് കൂടുതൽ പേർ ആഗ്രഹിക്കുന്നത്. എന്നാൽ ജനപ്രീതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി ഡൽഹിയിൽ കെജറിവാളിനെ കടത്തി വെട്ടിയിരിക്കുകയാണെന്ന് പ്രസ്തുത അഭിപ്രായ സർവേ വെളിപ്പെടുത്തുന്നു. 63 ശതമാനം ഡൽഹിക്കാർക്കും പ്രിയങ്കരനായ നേതാവാണ് മോദി. എന്നാൽ 25 ശതമാനം പേരെ കെജറിവാളിനെ ഇക്കാര്യത്തിൽ പിന്തുണയ്ക്കുന്നുള്ളൂ. രാഹുൽ ഗാന്ധിയെ ഇഷ്ടപ്പെടുന്ന ഡൽഹിക്കാർ വെറും 12 ശതമാനം മാത്രമെയുള്ളുവെന്നും അഭിപ്രായവോട്ടെടുപ്പ് വെളിപ്പെടുത്തുന്നു.

മോദിക്ക് ഡൽഹിയിലുള്ള വമ്പിച്ച ജനപ്രീതിയെ ഉപയോഗിച്ച് ഇന്ദ്രപ്രസ്ഥത്തിലെ ഭരണം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടുന്നതിന് പകരം തലസ്ഥാനത്ത് ഈ തന്ത്രം പയറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇവിടെ നല്ല നാളുകളാണ് സമാഗതമായിട്ടുള്ളതെന്ന് സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും അഭിപ്രായപ്പെടുന്നു. എബിപി ന്യൂസ്‌നിൽസെൻ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 35 നിയമസഭാമണ്ഡലങ്ങളിൽ നിന്നായി 6,528 പേർ പങ്കെടുത്തിരുന്നു. ഈ മാസം അഞ്ച് മുതൽ ഏഴ് വരെയാണ് ഇത് നടത്തിയത്.