ലോകത്തു ഏറ്റവുമധികം പ്രമേഹ രോഗികളുള്ളതിന്റെ ക്രെഡിറ്റ് ഇന്ത്യയ്ക്ക്. അക്കാര്യത്തിൽ ഇന്ത്യയുടെ തലസ്ഥാനമോ കേരളവും. അപ്പോൾ മലയാളികൾക്ക് എന്തോ ഒരു കുഴപ്പമുണ്ടല്ലോ. ആ കുഴപ്പം നമ്മൾ ശരിയായി മനസിലാക്കാത്ത നമ്മുടെ ഭക്ഷണ രീതിക്കു തന്നെയാണ്. ഇനിയെങ്കിലും അക്കാര്യത്തിൽ ഒരു മാറ്റം വരുത്താൻ വൈകിക്കൂടാ. പുതിയ മരുന്നുകൾക്കും ചികിത്സാ രീതികൾക്കും നൽകുന്ന പ്രചാരം പ്രമേഹ പ്രതിരോധത്തിൽ അത്യാവശ്യമായ ഭക്ഷണ ക്രമീകരണത്തിനു ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ രാജ്യാന്തര പഠനങ്ങളെയും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂട്രീഷൻ പഠനങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി മറുനാടൻ ഇന്നു മുതൽ ഒരാഴ്ചു ഒരു കാമ്പയിൻ നടത്തുന്നു.

ശരിയായ ഭക്ഷണ നിയന്ത്രണം ആണ് പ്രമേഹത്തെ ചൊൽപ്പടിക്ക് നിറുത്താനുള്ള ആയുധം. മരുന്നും വ്യായാമവും പ്രധാനപ്പെട്ട കാര്യങ്ങളായി തൊട്ടു പിന്നിലുണ്ട്. പക്ഷേ തോന്നും പോലെ ഭക്ഷിച്ചാണ് കൂടുതൽ പേരും മറ്റു അവയവങ്ങളെക്കൂടി കുഴപ്പത്തിലാക്കുന്നത്. എന്നിട്ടു പഴി മുഴുവൻ മരുന്നുകൾക്കാണ്. മരുന്നുകളുടെ സൈഡ് ഇഫക്ട് അല്ല രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നും താണും തോന്നും പോലെ ആക്കുന്ന നമ്മുടെ ഭക്ഷണ രീതി ആണ് വില്ലൻ. പൊളിച്ചെഴുതണം നമ്മുടെ ഭക്ഷണക്രമം. പ്രമേഹത്തിൽ പെട്ടു പോയ മലയാളികൾക്കും ഇനിയും പെടാൻ സാധ്യതയുള്ളവർക്കുമായി ഭക്ഷണ നിയന്ത്രണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ.

തിന്നു തിന്നു കുഴപ്പത്തിലാകുന്ന ജനത

പ്രമേഹമെന്നു കേൾക്കുമ്പോഴേ മധുരം വർജിച്ചാൽ എല്ലാമായി എന്നു കരുതുന്നവരാണ് ഭൂരിപക്ഷവും. മരുന്ന് കഴിച്ചാൽ വൃക്കകൾ , കണ്ണ്, ഹൃദയം ഒക്കെ പാർശ്വഫലങ്ങൾ മൂലം കേടാകുമെന്ന തെറ്റായ ധാരണ. പിന്നെ ഫലപ്രദമായ ഒറ്റമൂലി ചികിത്സകളും പ്രകൃതി ചികിത്സയുമൊക്കെ എവിടെയുണ്ടെന്നുള്ള അന്വേഷണം തുടങ്ങുകയായി. സോഷ്യൽ മീഡിയയുടെ വരവോടെ ഇത്തരം അശാസ്ത്രീയ ചികിത്സാരീതികൾ വല്ലാതെ പ്രചരിപ്പിക്കപ്പെടുന്നതും മനുഷ്യർ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്.

കാൻസർ ചികിത്സയിൽ ഇങ്ങനെ പ്രശസ്തർ അപകടത്തിൽപ്പെട്ടതു വാർത്തയായെങ്കിലും പ്രമേഹം മാറ്റുമെന്ന അവകാശവാദവുമായി വരുന്ന പുതിയ ചെടികളും മരുന്നുകൂട്ടുകളുമൊക്കെ പരീക്ഷിക്കാൻ ഒരുപാടു പേർ തയാറാകുന്നത് ആശങ്ക ഉളവാക്കുന്നു.
ഫേസ്‌ബുക്കിലോ വാട്ട്‌സ് ആപ്പിലോ കാണുന്ന ഒറ്റമൂലികളോ ഭക്ഷണമോ നടപ്പാക്കും മുൻപേ നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു ഉറപ്പു വരുത്തുകയാണ് ഉചിതം.

ചോറോ ചപ്പാത്തിയോ?

ഒരു നേരമെങ്കിലും ചോറുണ്ടില്ലെങ്കിൽ പ്രയാസമുള്ളവരാണ് മലയാളികളിൽ ഏറെയും. പ്രകൃതി മലയാളിക്ക് കനിഞ്ഞു നൽകിയ ഒരു അനുഗ്രഹമാണ് നമ്മൾ മട്ടയെന്നും ചെമ്പാ എന്നുമൊക്കെ വിളിക്കുന്ന ബ്രൗൺ റൈസ്. അതു നമ്മൾ പരമ്പരാഗതമായ രീതിയിൽ പുഴുങ്ങി ഉണക്കി അരിയാക്കുമ്പോൾ (ുമൃയീശഹലറ ൃശരല) അതിന്റെ ജി ഐ (ഗ്ലൈസീമിക് ഇന്ഡക്‌സ് ) അഥവാ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർത്തുന്നതിന്റെ കഴിവ് കുറയുന്നു. ഇങ്ങനെ പുഴുങ്ങിക്കുത്തിയ അരി മുഴുവൻ തവിടോടു കൂടിയാണ് കഴിക്കുന്നതെങ്കിലോ അതിലെ പോഷകങ്ങളും നാരുകളും(ഫൈബർ) പൂർണമായും നമുക്കു കിട്ടുകയും ചെയ്യും.

ഏതോ മില്ലിൽ എങ്ങനെയൊക്കെയോ പോളിഷ് ചെയ്തു തവിടു മാറ്റിയ അരിയോ ഗോതമ്പുപൊടിയോ ഒക്കെ കഴിക്കുമ്പോൾ ആവശ്യത്തിനു ഫൈബർ കിട്ടാതെ പോകുന്നു. അന്നജമുള്ള ഭക്ഷണങ്ങളിലൂടെ നമുക്ക് കിട്ടേണ്ട സംരക്ഷണം ആണ് തവിടിലെ ഫൈബർ. അതു ചുരണ്ടി കേരളത്തിലെ മില്ലുകൾ വിൽക്കുന്നു. തവിടെണ്ണ ഉണ്ടാക്കാൻ.

വയറു നിറച്ചു അന്നജം കഴിക്കുന്നത് മധുരം കഴിക്കുന്നതു പോലെ തന്നെ അപകടമാണ്. അതു തവിടും പോഷകവും ഇല്ലാത്ത പച്ചരി കൊണ്ടും മൈദ കൊണ്ടും ഉള്ള പലഹാരങ്ങൾ ആകുമ്പോൾ പിന്നെ പറയാനുമില്ല.

ഈയിടെയായി മൈദയെ ന്യായീകരിച്ചു കൊണ്ട് ഒട്ടേറെ പോസ്റ്റുകൾ ഫേസ്‌ബുക്കിലും മറ്റും പ്രചരിക്കുന്നുണ്ട്. പ്രമേഹ രോഗിയെയും അമിതമായ ശരീരഭാരം ഉള്ളവരെയും സംബന്ധിച്ചിടത്തോളം ഏറെ ഊർജം പ്രധാനം ചെയ്യുന്നതും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർത്തുന്നതുമായ(ജി ഐ അഥവാ ഗ്ലൈസീമിക് ഇൻഡക്‌സ് കൂടിയ) മൈദ ദോഷം തന്നെ.

അൾസറുണ്ടാക്കും കാൻസറുണ്ടാക്കുമെന്നൊക്കെയുള്ള പ്രകൃതി ചികിത്സാ വാദങ്ങൾ വിലയ്‌ക്കെടുക്കേണ്ടതില്ലെങ്കിലും നാരുകളും പോഷകങ്ങളും തീരെയില്ലെന്നതു മൂലം മൈദയും വൈറ്റ് ബ്രെഡ് അടക്കമുള്ള മൈദ വിഭവങ്ങളും കഴിയുന്നത്ര ഒഴിവാക്കുന്നതു നന്നാവും. മാത്രമല്ല നല്ല ഫൈബർ ഉള്ള ഭക്ഷണങ്ങൾ കുടൽ കാൻസറിന് എതിരെ സംരക്ഷണം നൽകാനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും സഹായിക്കും.

ധാരാളം പച്ചക്കറികളും ആവശ്യത്തിന് പയർ പരിപ്പ് വർഗ്ഗങ്ങളും വേണ്ടത്ര പഴങ്ങളും കഴിക്കുന്ന ഒരാൾക്ക് മൈദയോ അതു കൊണ്ടുള്ള പലഹാരങ്ങളോ കാര്യമായ ദോഷം ചെയ്യില്ല. പക്ഷേ എത്ര പേർ അങ്ങനെ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ട് ? എത്ര പേർക്ക് അതിനു സാധിക്കും? സാധിക്കുന്നവർ പോലും അതിനെപ്പറ്റി ബോധവാന്മാരുമല്ല.

രുചിയാണ് പ്രധാനം. പിന്നെ വിശപ്പ് മാറും വരെ ചോറോ ചപ്പാത്തിയോ പലഹാരങ്ങളോ കഴിക്കുക. മേമ്പൊടിയായി നല്ല രുചിയിൽ അല്പം പച്ചക്കറി. മീനോ ഇറച്ചിയോ അല്പം പയറോ പരിപ്പോ ഒക്കെ ഉണ്ടെങ്കിലായി.

പൊറോട്ടയെയും ന്യായീകരിക്കാൻ ഒരു പാട് പേരുണ്ട്. മൈദ കൊണ്ട് ഉണ്ടാക്കുന്നു എന്നതു മാത്രമല്ല അതിന്റെ ദോഷം. അതിലുള്ള എണ്ണയുടെ ഗുണവും അളവുമാണ്. മിക്കവാറും പാം ഓയിലോ അതിലും വിലക്കുറവിൽ മറ്റേതെങ്കിലും കുക്കിങ് ഓയിൽ കിട്ടുമെങ്കിൽ അതോ ആവും പൊറോട്ടയുടെ ചേരുവ. മാസത്തിൽ ഒരിക്കലോ മറ്റോ അതു തിന്നാലൊന്നും പ്രശ്‌നമില്ലെങ്കിലും കൂലിപ്പണിക്കും കെട്ടിടം പണിക്കും പോകുന്നവർ തൊട്ടു കോളേജ് വിദ്യാർത്ഥികൾ വരെ ദിവസം ഒരു നേരം സ്ഥിരം ഇതു കഴിക്കുന്ന അവസ്ഥയുണ്ട്. പതിവായി തൂമ്പാപ്പണി ചെയ്യുന്നവർക്കു പോലും പ്രമേഹവും ഹൃദ്രോഗവും വരുന്നതിന്റെ ഒരു കാരണം വേറെ ഒന്നാവാൻ വഴിയില്ല.

പണ്ട് പൂർവികർ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കുന്ന നെല്ലും മറ്റും അളവിൽ തീരെ കുറവായിരുന്നു. അതു കൊണ്ട് ആവശ്യത്തിനു ഭക്ഷണം ഇല്ല. പൊണ്ണത്തടി വയ്ക്കാനുള്ളത്രയും കഴിക്കാൻ ഇല്ല . കിലോമീറ്ററുകളോളം നടപ്പും യന്ത്രങ്ങൾ ഇല്ലാത്തതു മൂലമുള്ള കഠിനമായ അധ്വാനവും.

ഇന്നോ എത്ര ഇല്ലാത്തവനും വയറു നിറച്ചുണ്ണാൻ അരി റേഷൻ ആയെങ്കിലും കിട്ടും. പക്ഷേ അങ്ങനെ വയറു നിറച്ചുണ്ട് ആവശ്യത്തിനു കൂലിപ്പണി ചെയ്യുന്ന ആൾക്കും പ്രമേഹം. അപ്പൊ വ്യായാമം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. ആ ആളും ആവശ്യത്തിലേറെ അന്നജം കഴിക്കുന്നു. അധികമുള്ള ഊർജം കൊഴുപ്പായി ദേഹത്തടിയുന്നു.പ്രമേഹവും ഹൃദയ രോഗങ്ങളും ഉണ്ടാകുന്നു.

സായിപ്പിന്റെ നാട്ടിലെ ശീലങ്ങളായ പ്രോസസ്സ്ഡ് ഭക്ഷണങ്ങൾ ആദ്യം ഗൾഫ്‌നാടുകളിലെ മലയാളികളെയാണ് ചീത്ത ശീലം പടിപ്പിച്ചതെങ്കിൽ ഇപ്പോൾ കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ജങ്ക്ഫുഡ് കടകൾ സുലഭം.ഈ ഭക്ഷണമൊക്കെ വല്ലപ്പോഴും ആക്കുകയും കഴിയുന്നത്ര നേരം ആരോഗ്യകരമായി വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയുമാണ് വേണ്ടത് ബിരിയാണിയും നെയ്‌ച്ചോറും ഫ്രൈഡ്‌റൈസും കബ്‌സയുമൊക്കെ ജങ്ക്ഫുഡുകൾ തന്നെ. അവധിദിന സ്‌പെഷൽ ആയി ബിരിയാണി വയ്ക്കാതെ പെരുന്നാൾ പോലെ വിശേഷാവസരങ്ങളിൽ മാത്രം ഉണ്ടാക്കുകയാണ് ഉചിതം.

ശരീരഭാരം കുറയാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ക്ലാസുകൾ നടത്തുന്ന ഡോ.വിനോദ്.ബി.നായർ പറഞ്ഞ ഒരു ഉദാഹരണം ഉണ്ട്. ഒരു ഹാംബെർഗറിൽ നിന്നു കിട്ടുന്ന ഊർജം (ഏകദേശം 354 കാലറി ) എരിച്ചു കളയാൻ 60 കിലോ ഭാരമുള്ള ഒരാൾ ആറു കിലോമീറ്റർ വേഗത്തിൽ ഒന്നര മണിക്കൂറിലേറെ നടക്കണം. അങ്ങനെ നോക്കിയാൽ പലരും ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി ഭക്ഷണം ആണു കഴിക്കുന്നത്.

(നാളെ : ഗ്ലൈസീമിക് ഇന്ഡക്‌സിന്റെ പ്രാധാന്യം)