മസ്‌ക്കറ്റ്: കുട്ടികൾക്ക് സ്‌കൂളിലേക്ക് ജങ്ക് ഫുഡ്ഡുകൾ കൊടുത്തുവിടരുതെന്നും ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടികളിൽ വളർത്താൻ മാതാപിതാക്കളും സഹകരിക്കണമെന്നും സർക്കാർ. ഗവൺമെന്റ് മുൻകൈയെടുത്തു നടപ്പാക്കാനുദ്ദേശിക്കുന്ന ഹെൽത്ത് ഈറ്റിങ് സ്‌കീമിന്റെ ഭാഗമായാണ് മാതാപിതാക്കൾക്ക് ഈ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. രാജ്യത്തെ സ്‌കൂൾ പരിസരം ജങ്ക് ഫുഡ്ഡ് ഫ്രീ സോണുകളായി മാറ്റാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കുട്ടികൾ സ്‌കൂളിൽ നല്ല ഭക്ഷണം കൊണ്ടുവരുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌കൂൾ ടീച്ചർമാരേയും നിയോഗിച്ചിട്ടുണ്ട്. സർക്കാർ കാമ്പയിനിന്റെ ഭാഗമായി മൂന്ന് സർക്കാർ സ്‌കൂളുകളിൽ ഹെൽത്തി ഈറ്റിങ് പൈലറ്റ് സ്‌കീം നടപ്പാക്കി വരികയാണ്. ഇതു വിജയിച്ചാൽ രാജ്യത്തെ മൊത്തം സ്‌കൂളുകളിലും ഇതു നടപ്പാക്കുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തിയെടുക്കാൻ മാതാപിതാക്കളേയും കുട്ടികളേയും ബോധവത്ക്കരിക്കുകയാണ് കാമ്പയിനിന്റെ ഉദ്ദേശമെന്ന് ഒരു സ്‌കൂളിലെ പ്രിൻസിപ്പൽ വ്യക്തമാക്കി. മാതാപിതാക്കൾ കുട്ടികൾക്ക് വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ലഞ്ച് ബോക്‌സിൽ കൊടുത്തു വിടുന്നത് നിർത്താലാക്കണം. കൂടാതെ സ്‌കൂൾ കാന്റീനിൽ നിന്നും മറ്റും കുട്ടികൾ ഇടയ്ക്ക് സ്‌നാക്‌സ് വാങ്ങിക്കഴിക്കുന്നതും വർധിച്ചു വരുന്ന പ്രവണതയാണ്. പകരം ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടികളിൽ വളർത്താനാണ് കാമ്പയിൻ.

ഇതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളുകളിലും ഹെൽത്തി ഈറ്റിങ് ക്ലബുകൾ ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണം കൊണ്ടുവരാൻ ഏവരേയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ക്ലബുകൾ.