ദോഹ: പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂടുതൽ അമിത വണ്ണമുള്ളവർക്കാണെന്നും ഓരോ വ്യക്തിയും തങ്ങളുടെ ഭക്ഷണശീലം ക്രമപ്പെടുത്തുകയാണ് ആദ്യം വേണ്ടതെന്ന് വിദഗ്ദ്ധർ. പ്രമേഹം പോലെയുള്ള ജീവിതശൈലീരോഗങ്ങൾ വരാതിരിക്കാൻ ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ശരീരത്തിലെ ജീനുകളുടെ പ്രവർത്തനം മാറ്റാനോ പരമ്പരാഗത രോഗങ്ങൾ വരുന്നതു തടയാനോ ഒരു പരിധി വരെ സാധ്യമല്ല. എന്നാൽ അമിത വണ്ണം ഒഴിവാക്കാൻ ഓരോരുത്തരും ശ്രമിച്ചാൻ സാധിക്കുന്നതാണെന്ന് ആക്ഷൻ ഓൺ ഡയബറ്റിക്‌സ് സീനിയർ പ്രോജക്ട് മാനേജർ ഹെർലുഫ് നിസ് തോംസൺ അഭിപ്രായപ്പെട്ടു.

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു തോംസൺ. 2015-ഓടെ 73 ശതമാനം സ്ത്രീകളും 69 ശതമാനം പുരുഷന്മാരും അമിത വണ്ണമുള്ളവരായിത്തീരുമെന്നാണ് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഒബിസിറ്റി പ്രവചിച്ചിരിക്കുന്നത്. മോശം ഭക്ഷണ ശീലത്തിൽ നിന്നും വ്യായാമക്കുറവിൽ നിന്നുമാണ് അമിത വണ്ണം ഉടലെടുക്കുന്നത്.

സ്‌നാക്കുകൾ ഒഴിവാക്കുക, ആഴ്ചയിൽ ഒരു ദിവസം സാലഡുകൾ മാത്രം കഴിക്കുക, ഡിന്നർ സമയത്ത് പ്ലേറ്റിൽ പകുതിയോളം സാഡലുകൾ നിറയ്ക്കുക, സോഫ്റ്റ് ഡ്രിങ്ക്‌സ് ഉപയോഗം കുറയ്ക്കുക തുടങ്ങിയ ചെയ്താൽ ഒരു പരിധി വരെ അമിത വണ്ണത്തെ തടയാം.