കോട്ടയം: സിനിമാ താരസംഘടനയുടെ പ്രസിഡന്റും പാർലമെന്റംഗവുമായ ഇന്നസെന്റിന്റെ മലയാള ഭാഷാപ്രേമം കാപട്യമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് കുറ്റപ്പെടുത്തി. തന്റെ ഭാഗം ന്യായീകരിക്കാൻ സാധിക്കാതെ വന്നപ്പോൾ മലയാളത്തെ കൂട്ടുപിടിക്കുകയാണ്. ഇത് അവസരവാദമാണ്. ഭാഷാസ്നേഹം പറയുന്ന ഇന്നസെന്റ് ഇംഗ്ലീഷ് പേരുള്ള സിനിമകളിൽ അഭിനയിക്കാതെ മാതൃക കാണിക്കണം. സംവിധായകരുടേതടക്കം ഇംഗ്ലീഷിൽ പേരുകൾ കാണിക്കുമെങ്കിൽ അത്തരം സിനിമകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കണം.

പേര് 'നിഷ്‌കളങ്ക വ്യക്തി' എന്ന് ഗസറ്റിലൂടെ മാറ്റണം. മലയാള സിനിമയിൽ ഇംഗ്ലീഷ് ഡയലോഗുകൾ വന്നാൽ അതിനെ എതിർക്കണമെന്ന് പറയുവാൻ ഇന്നസെന്റിനാകുമോ എന്നും എബി ചോദിച്ചു. സിനിമാ താരസംഘടനാ നേതാവ് വിവരക്കേടു പറയുന്നതിൽ എതിരഭിപ്രായം ഇല്ല. എന്നാൽ ഒരു പാർലമെന്റംഗം ഒരിക്കലും ഇത്തരം വിവരക്കേട് പറയരുത്. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തമിഴിനെയും ദേശീയ ഭാഷയായ ഹിന്ദിയെയും മലയാള ഭാഷയെ സഹായിക്കാനെന്ന പേരിൽ ആക്ഷേപിക്കുന്നത് ജനപ്രതിനിധിക്ക് ചേർന്നതല്ല. പ്രേക്ഷകന് ഇഷ്ടമുള്ള സിനിമ കാണാൻ അവസരമൊരുക്കണം. പണം മുടക്കുന്നവനാണ് ഏതു പടം കാണണമെന്ന് തീരുമാനിക്കുന്നത്.

മലയാളത്തിന്റെ പേരിൽ ബ്ലാക്മെയിലിങ് തന്ത്രമാണ് സിനിമാ സംഘടനാ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതിനായി എംപി. സ്ഥാനത്തെ ദുരുപയോഗിക്കുകയാണ്. തന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ പോലും മലയാളമടിക്കാത്ത ഇന്നസെന്റാണ് മലയാളഭാഷാ സ്നേഹം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. പ്രതിഫലം അക്കൗണ്ടിലൂടെ മാത്രം കൈപ്പറ്റി നികുതി വരുമാനം വർദ്ധിപ്പിക്കാൻ സംഘടന നടപടിയെടുക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.