പാലാ: സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രതികരണങ്ങൾക്കായി വേറിട്ട ശൈലിയും ഒറ്റയാൾ പോരാട്ടങ്ങളും കഴിഞ്ഞ കാൽനൂറ്റാണ്ടായി നടത്തിവരുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിന്റെ പ്രവർത്തനങ്ങൾ പുസ്തകരൂപത്തിൽ തയ്യാറാക്കി 'ഫ്രണ്ട്സ് ഓഫ് എബി ജെ. ജോസ്' എന്ന സംഘടനയുടെ നേതൃത്വത്തിൽ എബിയുടെ സുഹൃത്തുക്കൾ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.

കഴിഞ്ഞ കാൽനൂറ്റാണ്ടായി എബി നടത്തി വരുന്ന പ്രവർത്തനങ്ങളുടെയും പോരാട്ടങ്ങളുടെയും വിവരങ്ങൾ ക്രോഡീകരിച്ചാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 'പ്രൗഡ് ടു ബി ആൻ ഇന്ത്യൻ' എന്ന പേരിലുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസും സംസ്ഥാന പൊലീസ് കംപ്ലയിൻസ് അഥോറിറ്റി ചെയർമാനുമായ ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പാണ്. വിവിധ കേന്ദ്രമന്ത്രിമാരുടെ ആശംസകളും പുസ്തകത്തിലുണ്ട്.

ദേശീയപതാക, ദേശീയഗാനം എന്നിവയുടെ ദുരുപയോഗത്തിനെതിരെയും രാഷ്ട്രപിതാവിനെ ആക്ഷേപിച്ചതിനെതിരെയും എബി ജെ. ജോസ് നടത്തിയ പോരാട്ടങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നു. ചെറുതും വലുതുമായി എബി നടത്തിയ പ്രതികരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും വിവരങ്ങൾ പുസ്തകത്തിലുണ്ട്.

ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 1999-ൽ ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായ കേസിന്റെ വിധിയും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

എബിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബിബിസിയും ഗൾഫ് ടൈംസും അടക്കമുള്ള വിദേശ-ദേശീയ മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും നിരവധി ചിത്രങ്ങളും പുസ്തകത്തിനു മാറ്റുകൂട്ടുന്നു. ദേശീയപതാക, ദേശീയഗാനം എന്നിവ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന വിവരങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

വ്യത്യസ്തവും മാതൃകാപരവുമായ എബിയുടെ പ്രവർത്തനങ്ങൾ ആളുകൾക്ക് പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് പുസ്തകം പുറത്തിറക്കിയതെന്ന് പുസ്തകം തയ്യാറാക്കിയ ആർ. അജിരാജകുമാർ പറഞ്ഞു. പുസ്തകം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യൻ പ്രകാശനം ചെയ്തു. കേന്ദ്രകൃഷിമന്ത്രി സുദർശൻ ഭഗത്, കേരളാ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർക്ക് പുസ്തകം സമ്മാനിച്ചു.

ആർ. അജിരാജകുമാർ
mobile : 9447731830
contact by : 9447702117