തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ പേരിലും മറ്റ് ബാങ്കുകളുടെ പേരിലും എടിഎം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു സംഭവംകൂടി. ഇക്കുറി കബളിപ്പിക്കാൻ ശ്രമമുണ്ടായത് പാലായിലെ മഹാത്മാഹാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് നേരെ ആയിരുന്നു.

എന്നാൽ സമർത്ഥമായി മറുപടി നൽകി അതിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് മാത്രമല്ല, തന്നെ വിളിച്ച ഫോൺനമ്പർ ട്രെയ്‌സ്‌ചെയ്ത് ആരുടെ നമ്പരാണെന്നും എവിടെനിന്നാണ് വിവരം വന്നതെന്നും എബി കണ്ടുപിടിക്കുകയും ചെയ്തു. ആ വിവരങ്ങൾ ഫേസ്‌ബുക്കിൽ നൽകിയാണ് ഇത്തരം കോളുകൾക്ക് എതിരെ കരുതിയിരിക്കാൻ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. ഫോൺ നമ്പരുമാർ ആധാർ ലിങ്ക് ചെയ്യണമെന്ന നിർബന്ധം ഉള്ളതിനാൽ തന്നെ ഇത്തരത്തിൽ വ്യാജ കോളുകൾ വിളിക്കുന്നവരെ വളരെ എളുപ്പം കണ്ടുപിടിക്കാനാകുമെന്നും എബി വ്യക്തമാക്കുന്നു.

താങ്കളുടെ എടിഎം കാർഡ് ബ്‌ളോക്കായി എന്നുപറഞ്ഞാണ് വിളി വന്നത്. ആരാണ് വിളിച്ചതെന്ന് ട്രൂകാളർവഴിയും മറ്റും കണ്ടുപിടിക്കാൻ ശ്രമിച്ചതോടെ ബംഗാൾ സ്വദേശിയുടെ പേരിലുള്ള ഫോണിൽ നിന്നാണ് കോൾ വന്നതെന്ന് സ്ഥിരീകരിക്കാനായി. അഞ്ചുമിനിറ്റുകൊണ്ടുതന്നെ ഇത്തരം വിവരങ്ങൾ അറിയാമെന്നിരിക്കെ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് എബി അധികാരികളോട് അഭ്യർത്ഥിക്കുന്നു.

ആരെങ്കിലും തട്ടിപ്പിന് വിധേയമായാൽ മാത്രം പ്രതികളെ തേടിപ്പോകുന്ന പതിവല്ല പൊലീസ് കാണിക്കേണ്ടതെന്നും ഇത്തരത്തിൽ കോൾ വരുന്നുവെന്ന് പരാതി ലഭിച്ചാൽ തന്നെ പ്രതികളെ പിടികൂടാൻ ഉടൻ പ്രവർത്തിക്കണമെന്നുമാണ് എബി ജോസിന്റെ അപേക്ഷ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും എബി വ്യക്തമാക്കുന്നു.

എബി ജോസിന്റെ പോസ്റ്റ് ഇങ്ങനെ:

ഡിജിറ്റൽ ഇന്ത്യയ്ക്ക് സല്യൂട്ട്
എടിഎം തട്ടിപ്പുകാരന്റെ വിവരങ്ങൾ വിരൽത്തുമ്പിൽ
അധികൃതർ നടപടി എടുക്കുമോ?കണ്ടറിയാം

കഴിഞ്ഞ ദിവസം ഒരു എടിഎം കാർഡ് തട്ടിപ്പുകാരൻ കാർഡിലെ വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടു ഫോൺ ചെയ്ത വിവരം കുറിച്ചിരുന്നു. എടിഎം കാർഡ് ബ്ലോക്കായെന്നും പറഞ്ഞ് കാർഡിന്റെ വിവരങ്ങൾ തിരക്കിയപ്പോൾ ഞാൻ നൽകിയ മറുപടിയിലൂടെ ലക്ഷ്യം നടക്കില്ലെന്നു ബോധ്യപ്പെട്ട് വിളിച്ചയാൾ തന്നെ പെട്ടെന്ന് കോൾ കട്ടാക്കിയിരുന്നു. ഇതേത്തുടർന്നു ഇയാൾ വിളിക്കാൻ ഉപയോഗിച്ച 7029271898 എന്ന നമ്പരിലേയ്ക്ക് ഒട്ടേറെ പേർ തുടർച്ചയായി വിളിച്ച് തട്ടിപ്പിനു ശ്രമിച്ചയാളെ ഞെട്ടിച്ചിരുന്നു.

അപ്പോഴാണ് ആധാറുമായി മൊബൈൽ ബന്ധിപ്പിച്ചില്ലെങ്കിൽ പ്രവർത്തിക്കുകയില്ലെന്ന സർക്കാർ ഉത്തരവ് ഓർമ്മയിൽ വന്നത്. പരീക്ഷിക്കാൻ തീരുമാനിച്ചു. 5 മിനിറ്റു കെണ്ട് കുറച്ച് വിവരങ്ങൾ ലഭിച്ചു.

അത് ഇപ്രകാരം

അയാൾ ഉപയോഗിച്ച മൊബൈലിന്റെ കമ്പനി : റിലയൻസ് ജിയോ
വിളിച്ച സിം കാർഡിന്റെ ഉടമയുടെ പേര് : സെയ്ദ് മാഥുർ റഹ്മാൻ
ജനനവർഷം: 1964.(54 വയസ് പ്രായം)
സ്വദേശം : പശ്ചിമബംഗാൾ
ആധാർ നമ്പർ: 658526403628

ഈ ആധാർ നമ്പർ ഉപയോഗിച്ചു അധികൃതർക്ക് ഈ തട്ടിപ്പുകാരനെ പിടികൂടാം. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരാണ് ഇയാൾ തട്ടിപ്പിനു ഉപയോഗിക്കുന്നത്. ട്രൂ കോളറിൽ തെളിയുന്നത് ആർബിഐ ബാങ്ക് മുബൈ എന്നാണ്. സ്പാം കോൾ വിളിക്കാൻ ഉപയോഗിക്കുന്ന സിം കാർഡായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഡിജിറ്റൽ ഇന്ത്യ, ആധാർ ലിങ്കിങ് മൂലമാണ് 5 മിനിറ്റിൽ ഇയാളു വിവരങ്ങൾ കണ്ടെത്താൻ സാധിച്ചത്. നടപടി എടുക്കേണ്ടത് സർക്കാരാണ്. നടപടി എടുത്താലും ഇല്ലെങ്കിലും ആളുകൾ ജാഗ്രത പാലിക്കുക. സല്യൂട്ട് ഡിജിറ്റൽ ഇന്ത്യ

എബി ജെ. ജോസ്, ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ - 686575