ന്യൂഡൽഹി: ഗോവയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ കൈക്കൂലി പരാമർശത്തെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈക്കൂലി നൽകുന്നതിനെ പിന്തുണച്ച് സംസാരിച്ചുവെന്നതാണ് കേജ്‌രിവാളിനെതിരായ കുറ്റം. വീണ്ടും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ആംആദ്മി പാർട്ടിയെ സസ്‌പെൻഡ് ചെയ്യുന്നതും പാർട്ടിയുടെ അംഗീകാരം പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കേജ്രിവാളിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ബിജെപിയോടും കോൺഗ്രസിനോടും പണം വാങ്ങിക്കൊള്ളു, എന്നാൽ വോട്ട് എഎപിക്ക് ചെയ്യണമെന്നായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ കേജരിവാൾ ആവശ്യപ്പെട്ടത്. കോൺഗ്രസിന്റെയോ ബിജെപിയുടെയോ സ്ഥാനാർത്ഥികൾ പണം വാഗ്ദാനം ചെയ്താൽ, അത് നിരസിക്കേണ്ടതില്ല. നിങ്ങളുടെ സ്വന്തം പണമാണെന്ന രീതിയിൽ അതു വാങ്ങുക. നിങ്ങളുടെ പണം തിരികെ മേടിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇനി അവർ നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്യുന്നില്ലെങ്കിൽ അവരുടെ ഓഫിസിൽ പോയി ചോദിച്ചു വാങ്ങുക. പക്ഷേ, വോട്ടു ചെയ്യാനെത്തുമ്പോൾ എഎപി സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള ബട്ടൺ മാത്രം അമർത്തുകയെന്നുമാണ് കേജരിവാൾ പ്രസംഗിച്ചത്.

കേജരിവാളിന്റെ പ്രസംഗം കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കലാണെന്നും കാട്ടി ബിജെപിയാണ് പരാതി നൽകിയത്. വോട്ടർമാരുടെ മനസിളക്കുന്ന പരാമർശമാണ് കേജ്‌രിവാളിന്റേതെന്ന് കോൺഗ്രസും വിമർശനം ഉന്നയിച്ചിരുന്നു. ഗോവയിലെ വോട്ടർമാരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കേജ്രിവാൾ മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കേജരിവാൾ അറിയിച്ചു. താൻ ആർക്കും കൈക്കൂലി നൽകുകയോ കൈക്കൂലി വാങ്ങാൻ ആരെയും നിർബന്ധിക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ കോടതി മുമ്പ് തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതായിരുന്നുവെന്നും കമ്മീഷൻ കോടതി വിധി മറികടന്നതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.