- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
35 വയസ്സുള്ള ഭർത്താവുമൊത്തുള്ള ആദ്യരാത്രിയിൽ അരക്കെട്ടു തകർന്ന് പത്തു വയസ്സുള്ള ഭാര്യ മരിച്ചതാണ് വിവാഹപ്രായം വർധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ബ്രിട്ടീഷുകാരെ എത്തിച്ചത്; പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം വന്നപ്പോൾ ഉറഞ്ഞുതുള്ളിയവരിൽ ബാലഗംഗാധര തിലകൻ പോലും പെട്ടിരുന്നു; കാലം ആ സമരങ്ങളെ തോൽപ്പിച്ചുകളഞ്ഞു; രണ്ടാം തരമാണ് എന്ന് സ്ത്രീകൾ ഉദ്‌ഘോഷിക്കുന്ന ഈ സമരത്തേയും കാലം പൊളിച്ചടുക്കും; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
ആദ്യരാത്രിയിൽ അരക്കെട്ട് തകർന്നുമരിച്ച ആ പെൺകുട്ടിയെ നിങ്ങൾക്കറിയുമോ?; എച്ചുമ്മക്കുട്ടി എഴുതുന്നു ..... ഇതെന്നും ഇങ്ങനെ ആയിരുന്നു. കാരണം ചങ്ങലകൾ അലങ്കാരമാണ് പെണ്ണുങ്ങൾക്ക്. ചങ്ങലകളോട് പ്രണയം പോലുമാണ്. ചോദിക്കാനും പറയാനും ആളുണ്ടാവുന്നതാണ് പെൺജീവിതത്തിന്റെ ധന്യതയും പൂർണതയും. ഏകാകിനിയായ പെണ്ണിനെ സ്വൈരിണി എന്ന് വിളിക്കുന്നതാണ് നമ്മുടെ രീതി. അപ്പോൾ ആ വിളി കേൾക്കാതിരിക്കാൻ പെണ്ണുങ്ങൾ ഒറ്റയ്ക്ക് ഒന്നും സ്ഥാപിക്കാൻ ശ്രമിക്കില്ല. കൂട്ടത്തിൽ നിന്ന് അങ്ങനെ തന്നെ, അങ്ങനെ തന്നെ എന്ന് പറയുകയേ ഉള്ളൂ. അങ്ങനാണല്ലോ കുലസ്ത്രീകളും കുടുംബിനികളും വേണ്ടത്. മദാമ്മമാർ മിഡ് വൈഫുമാരും ഡോക്ടർമാരുമായി വന്നപ്പോൾ ഇന്ത്യയിലെ ശൈശവവിവാഹവും കൊച്ചുപെൺകുട്ടികളുടെ അരക്കെട്ട് തകർന്നുള്ള മരണവും ഒരു ചർച്ചാവിഷയമായി മാറി. ബ്രിട്ടീഷ് ഭരണകൂടം ആദ്യമൊന്നും അനങ്ങിയില്ല. അപ്പോഴാണ് 1891ൽ ഫൂൽ മണി എന്ന ഒഡീഷ്സാക്കാരി പത്തു വയസ്സുള്ള കുഞ്ഞുവാവ ഭാര്യ കല്യാണ രാത്രി തന്നെ മരിച്ചത്. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് അന്നുതന്നെ ലൈംഗിക ആഗ്
ആദ്യരാത്രിയിൽ അരക്കെട്ട് തകർന്നുമരിച്ച ആ പെൺകുട്ടിയെ നിങ്ങൾക്കറിയുമോ?; എച്ചുമ്മക്കുട്ടി എഴുതുന്നു .....
ഇതെന്നും ഇങ്ങനെ ആയിരുന്നു. കാരണം ചങ്ങലകൾ അലങ്കാരമാണ് പെണ്ണുങ്ങൾക്ക്. ചങ്ങലകളോട് പ്രണയം പോലുമാണ്. ചോദിക്കാനും പറയാനും ആളുണ്ടാവുന്നതാണ് പെൺജീവിതത്തിന്റെ ധന്യതയും പൂർണതയും. ഏകാകിനിയായ പെണ്ണിനെ സ്വൈരിണി എന്ന് വിളിക്കുന്നതാണ് നമ്മുടെ രീതി. അപ്പോൾ ആ വിളി കേൾക്കാതിരിക്കാൻ പെണ്ണുങ്ങൾ ഒറ്റയ്ക്ക് ഒന്നും സ്ഥാപിക്കാൻ ശ്രമിക്കില്ല. കൂട്ടത്തിൽ നിന്ന് അങ്ങനെ തന്നെ, അങ്ങനെ തന്നെ എന്ന് പറയുകയേ ഉള്ളൂ. അങ്ങനാണല്ലോ കുലസ്ത്രീകളും കുടുംബിനികളും വേണ്ടത്.
മദാമ്മമാർ മിഡ് വൈഫുമാരും ഡോക്ടർമാരുമായി വന്നപ്പോൾ ഇന്ത്യയിലെ ശൈശവവിവാഹവും കൊച്ചുപെൺകുട്ടികളുടെ അരക്കെട്ട് തകർന്നുള്ള മരണവും ഒരു ചർച്ചാവിഷയമായി മാറി. ബ്രിട്ടീഷ് ഭരണകൂടം ആദ്യമൊന്നും അനങ്ങിയില്ല. അപ്പോഴാണ് 1891ൽ ഫൂൽ മണി എന്ന ഒഡീഷ്സാക്കാരി പത്തു വയസ്സുള്ള കുഞ്ഞുവാവ ഭാര്യ കല്യാണ രാത്രി തന്നെ മരിച്ചത്. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് അന്നുതന്നെ ലൈംഗിക ആഗ്രഹപൂർത്തി വരുത്തണമെന്ന് നിർബന്ധമായിരുന്നു. അരക്കെട്ട് തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞുവാവ ഭാര്യ മരിച്ചത്. അനവധി കൊച്ചുപെൺകുട്ടികൾ ഇമ്മാതിരി ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി ഇന്ത്യയിൽ പ്രബലമായി നിലനിന്നിരുന്ന ആ കാലത്ത് ഏജ് കൺസെന്റ് ബിൽ ( എസിബി ) ബ്രിട്ടീഷുകാർ കൊണ്ടു വന്നത് 1891 ലായിരുന്നു. പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം. ഫൂൽമണിയുടെ മരണം ഈ ബില്ല് പാസ്സാക്കുന്നതിന് ബ്രിട്ടീഷുകാരെ ശരിക്കും പ്രേരിപ്പിക്കുകയുണ്ടായി.
ഹിന്ദുക്കൾ, കൂടുതലും ബ്രാഹ്മണർ ഈ ബില്ലിനു എതിരായിരുന്നു. ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിമുകളും ക്രിസ്ത്യാനികളുമായ ഇന്ത്യക്കാർ ഒന്നടങ്കം ഈ ബില്ലിൽ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാർ ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവർക്കും രുചിക്കുന്ന ഒന്നായിരുന്നു. ബാല ഗംഗാധരതിലകും, ബിപിൻചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികൾ പോലും ഈ ബില്ലിനെ എതിർത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളിൽ ഘോരഘോരം എഴുതുകയുംചെയ്തു.
1829- ലെ സതി നിരോധന നിയമം
1840- ലെ അടിമത്ത നിരോധന നിയമം
1856 - ലെ വിധവാ വിവാഹ നിയമം
1891- ലെ ഏജ് ഓഫ് കൺസെന്റ് ബിൽ
1929 - ലെ ദ ചൈൽഡ് മാര്യേജ് റിസ്റ്റ്‌റെയിൻഡ് ആക്റ്റ്
ഇതൊക്കെയാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹികനിലവാരം അൽപമെങ്കിലും മെച്ചപ്പെടാൻ ഇടയാക്കിയ നിയമനിർമ്മാണങ്ങൾ.
ഇങ്ങനെയാണെങ്കിലും യൂണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ലോകത്തിൽ ഉണ്ടാവുന്ന ശൈശവ വിവാഹങ്ങളിൽ നാൽപതു ശതമാനവും ഇപ്പോഴും ഇന്ത്യയിലാണ് നടക്കുന്നത്. പതിനഞ്ചും പതിനാറും വയസ്സിൽ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടില്ലെങ്കിൽ അവരുടെ സ്വഭാവം ചീത്തയാകുമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കന്മാരും, മതമേധാവികളും അവരെ ന്യായീകരിക്കുന്നവരും ഇന്നും നമുക്കു ചുറ്റും ഉണ്ട്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെപ്പറ്റിപ്പോലും തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം മനുഷ്യരും. മകളേയും പെങ്ങളേയുമെല്ലാം ചുട്ടുകൊല്ലുമെന്ന് ന്യൂസ് ചാനലുകളിലൂടെ ആക്രോശിക്കാൻ കഴിയുന്ന വക്കീലന്മാരും പെൺകുട്ടികൾ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന് പലതരത്തിൽ ഉദാഹരണ സഹിതം സമർഥിക്കുന്നവരും വർദ്ധിച്ചു വരികയാണ്. സ്ത്രീക്കു നേരെയുള്ള ഏതുതരം ഹീനമായ കുറ്റകൃത്യത്തിനും ഉത്തരവാദി ആ സ്ത്രീ തന്നെയാണെന്ന് വിശ്വസിക്കുന്നതിലും വിശ്വസിപ്പിക്കുന്നതിലും ഈ വ്യവസ്ഥിതി അതിന്റെ സർവ കഴിവുകളും ഉപയോഗിക്കുന്നു.
മാസമുറക്കുറ്റവാളികളായ സ്ത്രീകളോട് നിങ്ങൾക്ക് അങ്ങനൊരു കുറ്റവും, അയിത്തവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞതാണല്ലോ പെൺകുറ്റവാളികൾക്ക് പിടിക്കാതെ പോയത്. 'ഞങ്ങൾക്ക് ആയുസ്സിൽ നാല്പതോ അമ്പതോ വർഷത്തേ തടവ് തന്നേ തീരൂ' എന്നാണ് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത്.
സ്ത്രീകൾക്കുള്ള വിവേചനം അൽപമെങ്കിലും മാറ്റുന്ന ബില്ലുകളോ നിയമങ്ങളോ വന്നാൽ പൊതുസമൂഹം ഇളകി വശാകും. അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ബലാത്സംഗത്തിനു ശേഷം പെണ്ണ് നേരത്തേ കന്യകയായിരുന്നുവോ എന്ന് പരിശോധിക്കുന്ന നമ്മുടെ രണ്ട് വിരൽ പരിശോധന നിയമം എടുത്തു കളയാൻ വേണ്ടി പെണ്ണുങ്ങൾ സമരം ചെയ്യുമോ?
ഇല്ല.
പെട്രോൾ ഡീസൽ കുക്കിങ് ഗ്യാസ് ഇവയുടെ വിലവർദ്ധനവിനെതിരേ സമരം ചെയ്യുമോ?
ഇല്ല.
പട്ടിണിക്കാർക്കും വീടില്ലാത്തവർക്കും തുണിയില്ലാത്തവർക്കും വേണ്ടി സമരം ചെയ്യുമോ?
ഇല്ല.
ഇന്ത്യയിൽ ഒരുപാട് കുഞ്ഞുവാവ വേശ്യകളുണ്ട്. അഞ്ചു വയസ്സു മുതലുള്ള കുഞ്ഞുങ്ങൾ. അവരുടെ വിമുക്തിക്ക് വേണ്ടി പെണ്ണുങ്ങൾ സമരം ചെയ്യുമോ?
ഇല്ല.
ശബരിമലയിൽ എത്രയോ ആചാരങ്ങൾ ഇതിനകം മാറി. ആദിവാസി മൂപ്പൻ ഒരു ദിവസം വിഗ്രഹത്തിൽ തേൻ പൂശിയിരുന്നു. ഇന്ന് മൂപ്പന് തേൻ കൊണ്ട് വരാനേ അർഹതയുള്ളൂ. പൂശാൻ തന്ത്രി മതി. കാണിക്കയും നടവരവും ഒക്കെ നല്ല തുകയാണ്. അതെന്തിന് ആദിവാസിക്ക് കൊടുക്കണം?
വെടിവഴിപാട് ഒരു ഈഴവകുടുംബത്തിനായിരുന്നു അവകാശം. അതും മാറ്റി. ഇപ്പോൾ തന്ത്രി തീരുമാനിക്കുന്നയാൾക്കാണ് അധികാരം.
പതിനെട്ടാം പടിയിൽ തേങ്ങ ഉടക്കുന്ന ചടങ്ങ് നിറുത്തി. പതിനെട്ട് തവണ മല ചവുട്ടിയാൽ തെങ്ങ് വെക്കലും അവസാനിപ്പിച്ചു..
ഇതൊക്കെ മാറ്റാം... സ്ത്രീകൾ പോവാമെന്ന നിയമം വരാൻ പാടില്ല.
സ്ത്രീ വിദ്യാഭ്യാസമാവാം എന്ന് പറഞ്ഞപ്പോൾ, സ്ത്രീ മാറു മറയ്ക്കാം എന്ന് പറഞ്ഞപ്പോൾ, സ്ത്രീക്ക് സ്വത്തവകാശമാവാം എന്ന് പറഞ്ഞപ്പോൾ, താഴ്‌ത്തപ്പെട്ട ജാതിക്കാർക്ക് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞപ്പോൾ... ഒക്കെ കുറെ പുരുഷന്മാരും കുറെ കുലസ്ത്രീകളും വേണ്ട, പറ്റില്ല എന്ന് ലഹളയുണ്ടാക്കി, അക്രമങ്ങൾ കാട്ടി.
ആ സമരങ്ങൾ വിജയിച്ചില്ല. കാലം ആ സമരങ്ങളെ തോൽപ്പിച്ചുകളഞ്ഞു. തങ്ങൾ മോശക്കാരാണ്, രണ്ടാം തരമാണ് എന്ന് സ്ത്രീകൾ ഉദ്‌ഘോഷിക്കുന്ന ഈ സമരത്തേയും കാലം പൊളിച്ചടുക്കും.
( എഴുത്തുകാരിയും ബ്ലോഗറുമായ എച്ചുമ്മക്കുട്ടി നവമാധ്യമങ്ങളിൽ എഴൂതിയത്)