ഷാർജയിൽ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. അൽ ഖസ്ബയിലാണ് പുതിയ ചാർജിങ് സ്റ്റേഷൻ സംവിധാനം പ്രവർത്തനം ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ നഗരമെന്ന ലക്ഷ്യത്തിലേയ്ക്കുള്ള ഷാർജയുടെ ആദ്യ ചുവടുവയ്‌പ്പിന് ഊർജ്ജം പകരുന്ന സംവിധാനമാണിത്. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി അഥവാ ഷുറൂഖിന്റെ പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ വന്നത്.

ഷാർജയിൽ രണ്ടു സ്റ്റേഷനുകളാണ് ഇത്തരത്തിൽ പുതുതായി സ്ഥാപിക്കുന്നത്. പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിന് ഇലക്ട്രിക് വാഹനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം കൂടി പുതിയ സ്റ്റേഷനുകൾ തുറന്നതിന് പിന്നിലെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.