പാസഡെനാ, യുഎസ്എ, റോസ്ബൗൾ സ്‌റ്റേഡിയം: ശദാബ്ദി കോപ്പയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിനു ഇക്വഡോറിന്റെ സമനില പൂട്ട്. സ്റ്റാർ സ്‌ട്രൈക്കർ നെയ്മറിന്റെ അഭാവം മുന്നേറ്റനിരയിൽ തെളിഞ്ഞ് കണ്ട മത്സരമായിരുന്നു ബ്രസീലും ഇക്വഡറും തമ്മിൽ നടന്നത്. മികച്ച അവസരങ്ങളും മുന്നേറ്റവും ബ്രസീലിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ഇക്വഡോറിന്റെ പ്രതിരോധത്തിനെ ഭേദിക്കാനുള്ള കരുത്ത് കാനറികളുടെ ബൂട്ടുകൾക്കുണ്ടായിരുന്നില്ല.

മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റുകൾക്കുള്ളിൽ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചപ്പോൾ മത്സരം തുടക്കം മുതൽ തന്നെ ആവേശം നിറഞ്ഞതായി. ബ്രസീൽ താരം വില്ല്യന്റെ ക്രോസ് കുട്ടീഞ്ഞോ പോസ്റ്റ് ലക്ഷ്യം വച്ച് തൊടുത്തെങ്കിലും പന്ത് ഇക്വഡർ ഗോളി ഡ്രീറുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ വളരെ വേഗം തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബ്രസീൽ ചില മനോഹര നീക്കങ്ങൾ ഇക്വഡോർ ഗോൾ മുഖത്ത് നടത്തിയെങ്കിലും മികച്ച പ്രകടനം നടത്തിയ ഇക്വഡോർ പ്രതിരോധനിര കാനറികൾക്ക് ഗോൾ നിഷേധിക്കുകയായിരുന്നു. ചില മികച്ച പ്രത്യാക്രമണ നീക്കങ്ങൾ ഇക്വഡറും നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

ആദ്യ പകുതി അവസാനിക്കാൻ 5 നിനിറ്റ് മാത്രം ബാക്കി നിൽക്കെ ബ്രസീൽ ക്യാമ്പിൽ ആശങ്ക പടർത്തികൊണ്ട് ഇക്വഡോർ താരം ഗ്രൂയേസോയുമായി കൂട്ടിയിടിച്ച് വില്യൻ നിലത്ത് വീണെങ്കിലും അപകടമുണ്ടാകാതെ ഒഴിവാകുകയായിരുന്നു. രണ്ടാം പകുതിയിൽ അച്ചടക്കത്തോടെ തുടങ്ങിയ ബ്രസീൽ ഇക്വഡർ ഗോൾ മുഖത്ത് കൂടുതൽ ആക്രമണം നടത്തിയെങ്കിലും ഫലം കണ്ടില്ല.ബ്രസീലിന്റെ അടുത്ത മത്സരം ജൂൺ എട്ടിന് ഹെയ്ത്തിക്കെതിരെയാണ്.

ഇന്നു നടന്ന മറ്റു മത്സരങ്ങളിൽ പെറു ഹെയ്ത്തിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചപ്പോൾ പരാഗ്വെ കോസ്റ്ററിക്ക മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നാളെ രണ്ട് മത്സങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ ജമൈക്ക വെനസ്വേലയേയും രണ്ടാം മത്സരത്തിൽ ഉറുഗ്വ മെക്‌സിക്കോയെയും നേരിടും.