ഡബ്ലിൻ: നീഹാരപ്പട്ടുടുത്ത് ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങുന്ന ശീത രാവുകൾക്ക് ആനന്ദവും ഊഷ്മളതയും പകരാൻ എങ്ങും ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങുകയായി. ആചാരങ്ങളും ആഘോഷങ്ങളും നേഞ്ചോട് ചേർത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ അയർലൻഡിലെ വിവിധ ക്രൈസ്തവ സഭകൾ സംയുക്തമായി ഒരുക്കുന്ന സംഗീതവിരുന്ന് ‘ശുഭ്‌ഹോ' യുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കെത്തുന്നു. രണ്ടാം തവണയാണ് അയർലൻഡിൽ എക്യൂമെനിക്കൽ കരോൾ ഗാനസന്ധ്യ നടക്കുന്നത്. കഴിഞ്ഞവർഷത്തെ കരോൾ സന്ധ്യയുടെ വിജയത്തെതുടർന്ന് കൂടുതൽ മികവോടെയും പങ്കാളിത്തത്തോടെയുമാണ് ‘ശുഭ്‌ഹോ 2015 ‘ അണിയറയിൽ തയാറാകുന്നത്.

വിവിധ ക്രൈസതവ സഭകളുടെ കരോൾ ഗാനങ്ങളും സാന്റയും മിഴിവേകുന്ന ശുഭ്‌ഹോയിൽ വിശിഷ്ട അതിഥിയായെത്തുന്നത് ഇന്ത്യൻ അംബാസിഡർ രാധിക ലാൽ ലോകേഷ് ആണ്. ഡിസംബർ 5 ന് വൈകുന്നേരം 4.30 മുതൽ താലയിലെ കിൽമന കമ്മ്യൂണിറ്റി സെന്ററിലാണ് ശുഭ്‌ഹോ അരങ്ങേറുക. ഫാ. ആന്റണി ചീരംവേലിൽ. റവ.ഫിലിപ്പ് വർഗീസ്, റവ. ഡോ.ജേക്കബ് തോമസ്, ഫാ. ടി. ജോർജ്ജ്, ഫാ.ജോസ് ഭരണികുളങ്ങര, ഫാ.ജോബിമോൻ സ്‌കറിയ, ഫാ.ബിജു പാറേക്കാട്ടിൽ, ഫാ.അബ്രഹാം പതാക്കൽ, ഫാ. എൽദോ വർഗ്ഗീസ്, ഫാ. അനീഷ് കെ.സാം, റവ.ജെയിംസൺ കെ. തുടങ്ങിയ വൈദികർ ശുഭ്‌ഹോയ്ക്ക് നേതൃത്വം നൽകും. ഫാ.എൽദോ വർഗീസ് പ്രസിഡന്റായും ജോജി അബ്രഹാം സെക്രട്ടറിയായും വിവിധ കമ്മിറ്റികൾ ശുഭ്‌ഹോയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.