കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കൊച്ചിയിൽ പുതിയ മേധാവിയെ നിയമിക്കുന്നത് കേരളത്തിലെ അന്വേഷണങ്ങൾക്ക് പുതുമാനം നൽകാൻ. ഇ.ഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോഡ്റ ചുമതലയേൽക്കുമ്പോൾ കൊച്ചി യൂണിറ്റിന് അന്വേഷണത്തിൽ സ്വാതന്ത്ര്യവും കൂടും. നിലവിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു കേസുകൾ കേരളത്തിൽ അന്വേഷിച്ചിരുന്നത്. മുതിർന്ന ഐ.ആർ.എസ് ഉദ്യോഗസ്ഥനാണ് മനീഷ് ഗോഡ്റ. നിയമസഭാ സമിതിയും മറ്റും ഇഡിക്കെതിരെ തിരിയുന്ന സാഹചര്യത്തിലാണ് നടപടി.

ലൈഫ് മിഷൻ, സ്വർണക്കടത്ത്, കള്ളപ്പണ ഇടപാടുകൾ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് ഇനി അദ്ദേഹം നേതൃത്വം നൽകും.സംസ്ഥാനത്തെ ഇ.ഡി അന്വേഷണങ്ങൾ ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ പുതിയ ജോയിന്റ് ഡയറക്ടറെ കേന്ദ്ര സർക്കാർ നിയമിച്ചിട്ടുള്ളത്. നേരത്തെ കൊച്ചിയിൽ ഇ.ഡിക്ക് ജോയിന്റ് ഡയറക്ടർ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം സ്ഥലമാറി പോയശേഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചുമതല. ഇതാണ് മാറ്റുന്നത്.

ചെന്നൈയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നു കൊച്ചിയിലെ പ്രവർത്തനങ്ങൾ. പുതിയ നിയമനത്തോടെ ചെന്നൈയെ ബന്ധപ്പെടാതെ തന്നെ കാര്യങ്ങൾ ചെയ്യാനാകും. അതിവേഗ നടപടികളും ഉണ്ടാകും. എന്നാൽ കൊച്ചിയിൽ ജോയിന്റ് ഡയറക്ടർ വേണമെന്ന ആവശ്യം സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിനിടെ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് നിയമനം. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ നിർണ്ണായക ഘടത്തിൽ എത്തുമ്പോഴാണ് മനീഷ് ഗോഡ്‌റ എത്തുന്നത്. കൂടുതൽ ഉന്നതർ സ്വർണ്ണ കടത്തിൽ ഇഡി അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.

കേരളത്തിലെ സ്ഥിതി സങ്കീർണ്ണമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ധനമന്ത്രാലയത്തിന് കീഴിലാണ് ഇഡി. എങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് കേരളത്തിലെ അന്വേഷണങ്ങൾ നിരീക്ഷിക്കുന്നത്. എല്ലാ ഏജൻസികളുടെയും ഏകോപനം അദ്ദേഹം ഉറപ്പാക്കുന്നുണ്ട്. ഡോവലാണ് കേരളത്തിലേക്ക് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിക്കുന്നത്. കൊച്ചി ഘടകത്തെ ഇത് കൂടുതൽ കരുത്തുള്ളതാക്കും.

ഇഡിക്കെതിരായ സിപിഎം നീക്കം പുതിയ തലത്തിലേക്ക് എത്തുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ജെയിംസ് മാത്യു എംഎൽഎയാണ് ഇഡിക്കെതിരെ നിയമസഭാ അവകാശ സമിതിക്ക് പരാതി നൽകിയത്. ലൈഫ് പദ്ധതി തടസപ്പെടുത്താനുള്ള നീക്കമെന്നാരോപിച്ചാണ് പരാതി. നിയമസഭയിൽ അംഗങ്ങൾക്ക് നൽകുന്ന ഉറപ്പ് പാലിക്കുന്നതിൽ നിന്ന് ഇഡി സർക്കാരിനെ തടപ്പെടുത്തുന്നുവെന്നാണ് പരാതി. നിയമസഭയിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് തകർക്കുന്ന തരത്തിലാണ് ഇഡിയുടെ ഇടപെടലെന്നും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതന്റെ നിയമനം.

അതേസമയം, ബിനീഷന്റെ വീട്ടിലെ റെയ്ഡിന് രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം അവയ്ലബിൾ സെക്രട്ടേറിയറ്റ് ആരോപിച്ചിരുന്നു. ഇഡി മനുഷ്യാവകാശ ലംഘനം നടത്തി. ഇക്കാര്യങ്ങൾ തുറന്നു കാണിക്കാനാണ് അവയ്ലബിൾ സെക്രട്ടേറിയറ്റ് തീരുമാനം. അന്വേഷണത്തെ എതിർക്കാനോ തടയാനോ ശ്രമിക്കില്ല. കേസിൽ ഇടപെടില്ല എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നുമാണ് സിപിഎം തീരുമാനം. ഇഡിയെ തടയാൻ പൊലീസും ശ്രമിച്ചിരുന്നു. ഇതും ഗൗരവത്തോടെയാണ് ഇഡി കാണുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഉദ്യോഗസ്ഥൻ എത്തുന്നത്.