- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിക്കെതിരായ കേസിൽ ഹൈക്കോടതി അനുകൂല നിലപാട് എടുത്താൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേയും എഫ് ഐ ആർ ഇടും; പ്രോട്ടോകോൾ ഓഫീസറുടെ പരാതിയിൽ അന്വേഷണ സാധ്യത തേടി പൊലീസ്; സ്പീക്കർ ചോദ്യം ചെയ്യലിന് ഹാജരാകുന്നതും കേന്ദ്ര ഏജൻസിയ്ക്കെതിരെ വിധി വരുമെന്ന പ്രതീക്ഷയിൽ; സ്വർണ്ണ കടത്തിൽ കരുതലോടെ ക്രൈംബ്രാഞ്ചും
കൊച്ചി: കള്ളപ്പണം വെളുപ്പിക്കലോ അനുബന്ധ കുറ്റകൃത്യങ്ങളോ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്ക് ഇതുമായി ബന്ധമില്ലാത്തവർക്കെതിരെ വ്യാജ തെളിവുകൾ ചമയ്ക്കാൻ ആരും ലൈസൻസ് നൽകിയിട്ടില്ലെന്നു സംസ്ഥാന സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചാൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് ഉടൻ സുപ്രീംകോടതിയെ സമീപിക്കും. പരാതി നൽകിയ ഇഡി ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാൽ സന്ദീപ് നായരുടെ മൊഴിയിലെ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും ഹൈക്കോടതിയെ സംസ്ഥാന സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മുദ്രവച്ച കവറിൽ കോടതിക്ക് നൽകുന്നത്.
അതിനിടെ ഹൈക്കോടതി നിർദേശത്തിനു വിരുദ്ധമായി കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. നടപടി പാടില്ലെന്ന നിർദ്ദേശം അവഗണിച്ച് കസ്റ്റംസ് അസി. കമ്മിഷണർ ലാലുവിനെ കൊച്ചി ഡിസിപി വിളിച്ചു വരുത്തിയെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആരോപണം. ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉപദ്രവിച്ചെന്നാരോപിച്ച് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണൻ നൽകിയ പരാതി കൊച്ചി സിറ്റി പൊലീസിനു കൈമാറിയിരുന്നതായി സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.
അന്വേഷണച്ചുമതലയുള്ള ഡിസിപി കശ്മീരിൽ പരിശീലനത്തിനു പോയിരുന്നതിനാൽ തിരിച്ചെത്തി മാർച്ച് 27നാണ് ഇരുകക്ഷികളെയും വിളിച്ചത്. പരാതിയുടെ സത്യാവസ്ഥ അറിയാൻ പൊലീസ് ലാലുവിനെ ഫോണിൽ വിളിച്ചിരുന്നു. അസൗകര്യമുണ്ടെന്ന് ലാലു അറിയിച്ചു. എന്നാൽ, സമൻസോ രേഖാമൂലമുള്ള നോട്ടിസോ അയച്ചിട്ടില്ല. ഡിസിപിയുടെ ഓഫിസിൽ അദ്ദേഹം വരികയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. അതായത് ഹരികൃഷ്ണന്റെ പരാതിയിൽ കസ്റ്റംസിനെതിരേയും കേസെടുത്തേക്കും. ഹൈക്കോടതിയിൽ ഇഡിക്കേസിന്റെ വിധി നോക്കിയാകും തീരുമാനം. ഇഡിക്കെതിരെ കേസെടുക്കാൻ അനുമതി കിട്ടിയാൽ കസ്റ്റംസുകാരും കേസിൽ പ്രതികളാകും.
ഇതെല്ലാം കേന്ദ്ര ഏജൻസിയും തിരിച്ചറിയുന്നുണ്ട്. ഭരണതുടർച്ചയുണ്ടായാൽ എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയിൽ ഇഡി ഉദ്യോഗസ്ഥരുടെ ക്രിമിനൽ പ്രവൃത്തികളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നും ഇതു മുദ്രവച്ച കവറിൽ കോടതിയിൽ നൽകുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലിന്റെ പേരിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജികളിലാണു സംസ്ഥാന സർക്കാർ ഈ വിവരം അറിയിച്ചത്. ഹർജികളിൽ ഇന്നു വാദം തുടരും. ജസ്റ്റിസ് വി.ജി. അരുൺ ആണ് ഹർജികൾ പരിഗണിക്കുന്നത്.
ഈ കേസ് സ്വർണ്ണ കടത്തിൽ അതിനിർണ്ണായകമാണ്. ഈ കേസിൽ വിധി വരുന്നതിന് വേണ്ടിയാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ അടക്കമുള്ളവർ കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഈ കേസിൽ ഹൈക്കോടതി അനുകൂല നിലപാട് എടുത്താൽ ്‌സ്വർണ്ണ കടത്ത് കേസിലെ ആരോപണങ്ങളെല്ലാം ആവിയാകും. അതിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നീക്കം. കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ശരിയാണെങ്കിൽ രാജ്യത്തെ ഒരു പൗരനും സുരക്ഷിതനല്ലെന്ന വാദമാണ് സംസ്ഥാനം ഉയർത്തുന്നത്. ഇത് സ്പീക്കർ അടക്കമുള്ളവർക്കെതിരാ ആരോപണങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടാണ്.
ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന അന്വേഷണ ഏജൻസിയെ കേന്ദ്ര ഏജൻസി അവിശ്വസിക്കുന്നതു തെറ്റാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതി ഇടപെടരുതെന്നും വാദിച്ചു. രണ്ട് എഫ്‌ഐആറുകളും വ്യത്യസ്തമാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന വസ്തുതകളും ആരോപണങ്ങളുമായി ബന്ധമുള്ളതല്ല സന്ദീപിന്റെ മൊഴി. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തീയതി, സമയം, ഉള്ളടക്കം എന്നിവയുമായി രണ്ടാമത്തെ കേസിനു ബന്ധമില്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത് സത്യവാങ്മൂലത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ