- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ വന്നതോടെ സടകുടഞ്ഞ് എഴുന്നേറ്റ് ഇഡി; ഡോളർ കടത്തിലെ മൊഴിയും അന്വേഷണ സാധ്യത തേടി സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി; ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യൽ; നയതന്ത്ര കടത്തിൽ ഇനി അപ്രതീക്ഷിത നീക്കങ്ങൾക്ക് സാധ്യത
കൊച്ചി: ജ്യുഡീഷ്യൽ അന്വേഷണത്തിലൂടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ തളിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം ഹൈക്കോടതി താൽകാലികമായി തടഞ്ഞിരിക്കുന്നു. പിന്നാലെ പുതിയ നീക്കങ്ങളുമായി ഇഡിയും. കസ്റ്റംസിന് സ്വപ്‌നാ സുരേഷും സരിതും നൽകിയ ഡോളർ കടത്ത് മൊഴി പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.
നയതന്ത്ര സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ വീണ്ടും അന്വേഷണം ഊർജിതമാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടെന്നാണ് സൂചന. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലുള്ള മൂന്ന് പ്രതികളെ ജയിലിൽ ചോദ്യംചെയ്യും. പൂജപ്പുര ജയിലിലുള്ള പ്രതികളെ മൂന്നുദിവസം ചോദ്യംചെയ്യാൻ കോടതി അനുമതി നൽകി. ജലാൽ, മുഹമ്മദ് ഷാഫി, റബിൻസ് എന്നിവരെയാണ് ചോദ്യംചെയ്യുന്നത്. ഇതിന് ശേഷം ഡോളർ കടത്തിലേക്ക് അന്വേഷണം എത്തും. ഇതോടെ വീണ്ടും സെക്രട്ടറിയേറ്റിൽ ഇഡി വട്ടമിട്ട് കറങ്ങാനും തുടങ്ങും.
ജ്യുഡീഷ്യൽ അന്വേഷണത്തിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഈ അന്വേഷണത്തിൽ നിർണ്ണായകമാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും നീക്കങ്ങൾ. ധനകാര്യ വകുപ്പിന് കീഴിലാണ് ഇഡി. എങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസുകളിൽ പ്രത്യേക താൽപ്പര്യം എടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിരീക്ഷിക്കുന്നുണ്ട്. കസ്റ്റംസും ഇഡിയും സിബിഐയും യോജിച്ചുള്ള നീക്കങ്ങൾ വരും ദിവസങ്ങളിൽ നടക്കാൻ ഇടയുണ്ട്.
ജ്യൂഡീഷ്യൽ അന്വേഷണത്തിൽ ഹൈക്കോടതി വിശദ വാദം കേൾക്കും. അത് ഇഡിക്ക് അനുകൂലമാകുമെന്ന് തന്നെയാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. വിധി എതിരായാൽ കേസുമായി സുപ്രീംകോടതിയേയും സമീപിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ, സ്‌പെഷൽ ബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണു തന്റെ ശബ്ദരേഖ റിക്കോർഡ് ചെയ്തതെന്നും കാവലിനുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരമുള്ള കാര്യങ്ങളാണു ഫോണിൽ സംസാരിച്ചതെന്നും ഡോളർ കടത്തു കേസിൽ സ്വപ്ന സുരഷിന്റെ മൊഴി കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.
ഡോളർ കടത്തു കേസിലെ പ്രതികൾക്കു നൽകിയ കാരണംകാണിക്കൽ നോട്ടിസിലാണ്, 2020 നവംബർ 27ന് രേഖപ്പെടുത്തിയ മൊഴി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എടുത്തു ചേർത്തിട്ടുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി ഉദ്യോഗസ്ഥർ വാഗ്ദാനം നൽകിയെന്നാണ് ശബ്ദ രേഖയിലുള്ളത്. ഈ മൊഴി എല്ലാം കോടതിയിൽ എത്തിക്കാനാണ് കേന്ദ്ര നീക്കം.
സ്വർണക്കടത്ത് കേസിൽ ഇ.ഡി. അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതും ഇനിയുള്ള അന്വേഷണത്തിൽ നിർണ്ണായകമാകും.. ജുഡീഷ്യൽ കമ്മിഷന്റെ സമാന്തര അന്വേഷണം നയതന്ത്രചാനലിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിലെ അന്വേഷണത്തെ തകിടം മറിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ആത്യന്തികമായി അത് സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായിരിക്കും സഹായമാവുകയെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുപറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടത് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണെന്നും ഹൈക്കോടതി വിലയിരുത്തി.
ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തത് സർക്കാരിന് മറ്റൊരു തിരിച്ചടിയായി. നിയമപരമായ അസ്തിത്വമില്ലാത്ത ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർക്ക് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് ചോദ്യംചെയ്ത് ഹർജി ഫയൽ ചെയ്യാനാകില്ലെന്ന സംസ്ഥാന സർക്കാർ വാദം കോടതി തള്ളി. എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റ് നിയമപരമായ ബോഡിയാണെന്ന് വിലയിരുത്തിക്കൊണ്ടാണിത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു വകുപ്പ് മാത്രമാണ് ഇ.ഡി.എന്ന വാദം നിലനിൽക്കില്ല. ഇക്കാര്യം സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ടിഫിക്കേഷൻ പ്രകാരം ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നിയമപരമായ അഥോറിറ്റിയാണെന്ന് വ്യക്തമാണ്. പി.എംഎൽഎ. ആക്ട് പ്രകാരവും ഡെപ്യൂട്ടി ഡയറക്ടർ നിയമപരമായ അഥോറിറ്റിയാണ്- കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ