തൃശൂർ: മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വൻ തുക കൈപ്പറ്റിയ നാല് പൊലീസുകാർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസിനെതിരെ ഇഡി കേസെടുക്കുന്നത്.

തൃശൂർ കൊടകരയിൽ പൊതുപ്രവർത്തകനായ അജിത്  കൊടകര നൽകിയ പരാതിയിലാണ് നടപടി. മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽനിന്ന് പണം വാങ്ങിയെന്നാണ് പരാതി. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സുരേഷ്‌കുമാർ, എഎസ്ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോർജ്ജ്, കൊടകര എസ്.എച്ച.ഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും നേരത്തെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ നേരത്തേ കത്ത് നൽകിയിരുന്നു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് രണ്ട് പൊലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തത്. പരാതിയിൽ ഹൈക്കോടതിയിൽ നൽകിയ വിശദീകരണമാണ് പൊലീസിന് കെണിയായത്. പരാതിക്കാരിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും, പണം തട്ടാൻ കേസ് കെട്ടിച്ചമച്ചതിന് കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പൊലീസ് 2020 സെപ്റ്റംബർ 30ന് നൽകിയ സത്യവാങ്മൂലം.

എന്നാൽ ഒക്ടോബർ 20നാണ് കൊടകര പൊലീസ് പെൺകുട്ടിയുടെ പേരിൽ കേസെടുത്തത്. ഇതുചൂണ്ടിക്കാണിച്ചുകൊണ്ട് പെൺകുട്ടിയെ കുടുക്കാൻ കൊടകരയിലെയും തടിയിട്ടപ്പറമ്പിലെയും പൊലീസുകാർ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമായിരുന്നു പരാതി. നേരത്തെ ഉദ്യോഗസ്ഥർക്ക് എതിരായ പരാതി ചാലക്കുടി ഡിവൈ.എസ്‌പി. അന്വേഷിച്ചിരുന്നു. എന്നാൽ പൊലീസുകാർ കുറ്റക്കാരല്ലെന്ന അനുകൂല റിപ്പോർട്ടാണ് നൽകിയത്.

എന്നാൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കൊടകര സ്റ്റേഷൻ എസ്എച്ച്ഒ. ആയിരുന്ന അരുൺ ഗോപാലകൃഷ്ണനെതിരേ വകുപ്പുതലനടപടിക്ക് ശുപാർശയും ചെയ്തിരുന്നു. പരാതിക്കാരനായ അജിതുകൊടകരയിൽ നിന്നും തെളിവുകളും മൊഴിയും ഇ.ഡി ശേഖരിച്ചിരുന്നു. കള്ളപ്പണക്കേസിൽ കേരള പൊലീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ ഇഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത് കുറച്ചു ദിവസം മുമ്പാണ്.

എറണാകുളം ജില്ലയിലെ തടിയിട്ടപ്പറമ്പ് സ്റ്റഷനിലെ എസ്എച്ച്ഒ സുരേഷ് കുമാർ, എഎസ്ഐ ജേക്കബ്, വനിത സിവിൽ പൊലീസ് ഓഫിസർ ജ്യോതി ജോർജ്, തൃശൂർ കൊടകര സ്റ്റേഷനിലെ എസ്എച്ച്ഒ അയിരുന്ന അരുൺ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് അന്വേഷണം. ഇവരെക്കുറിച്ച് വിവരം തേടി പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും ഇഡി കത്തയച്ചു. ഇവരുടെ സർവീസ് ചരിത്രം ഉൾപ്പെടെ കൈമാറണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസെടുത്ത കാര്യം പൊലീസിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. നാലു പേരും തടിയിട്ടപ്പറമ്പ് സ്റ്റേഷനിൽ ഇരിക്കുന്ന സമയത്ത് തട്ടിപ്പ് നടത്തിയെന്നായിരുന്നു് ഇഡിക്കു ലഭിച്ച പരാതി.

സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണമെന്ന നിലയിലാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ മുൻപ് അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയിക്കാനാണ് വിജിലൻസ് ഡയറക്ടർക്കുള്ള കത്തിൽ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെല്ലാം കേസിൽ നിർണ്ണായകമാകും.